
വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയെ കുടുക്കിയ സംഭവം; അപവാദം പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യമെന്ന് ലിവിയ
കൊടുങ്ങല്ലൂർ∙ തനിക്കെതിരെ സ്വഭാവദൂഷ്യ ആരോപണം പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണു ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നു പ്രതി ലിവിയയുടെ കുറ്റസമ്മത മൊഴി.സ്കൂട്ടറിലും ബാഗിലും വ്യാജ ലഹരി സ്റ്റാംപുകൾ വച്ചതു താനാണെന്നും ലിവിയ ജോസ് (22) പൊലീസിനോടു സമ്മതിച്ചു. ഷീലയുടെ മരുമകളുടെ അനുജത്തിയാണ് കാലടി മറ്റൂർ വരയിലാൻ ലിവിയ.തന്റെ സഹോദരിക്കു കേസിൽ പങ്കില്ലെന്നാണു ലിവിയയുടെ നിലപാട്.
ഈ വാദം വിശ്വസനീയമല്ലെന്നും ചേച്ചിയെ രക്ഷിക്കാൻ ലിവിയ കള്ളം പറയുന്നതാണെന്നും മരുമകൾക്കു പങ്കുണ്ടെന്നും ഷീല സണ്ണി പ്രതികരിച്ചു. ലിവിയ ജോസ്, ഷീല സണ്ണി (Photo: Special Arrangement)
മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്ത ലിവിയയെ പ്രത്യേക അന്വേഷണ സംഘം കൊടുങ്ങല്ലൂരിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോഴാണു കേസിനു പിന്നിലെ ഉള്ളുകള്ളികൾ പുറത്തുവന്നത്.ബെംഗളൂരുവിൽ പഠിക്കുന്ന തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചു തന്റെ സഹോദരിയുടെ ഭർത്താവും ഷീലയുടെ മകനുമായ സംഗീതിനു ഷീല ശബ്ദസന്ദേശം അയച്ചെന്നും ഇതു തനിക്കു ലഭിച്ചെന്നും ലിവിയ പറയുന്നു.സംഗീത് തന്നെയാണു സന്ദേശം കൈമാറിയതെന്നും മൊഴിയിലുണ്ട്.
ബെംഗളൂരുവിൽ നിന്നു വിമാനമാർഗം നാട്ടിലെത്തുന്നതും വീട്ടുസാമഗ്രികൾ വാങ്ങിക്കൊണ്ടുവരുന്നതും ഷീല മോശമായി പരാമർശിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വ്യാജ ലഹരി സ്റ്റാംപ് സംഘടിപ്പിച്ചു സ്കൂട്ടറിലും ബാഗിലും വച്ചെന്നും മൊഴിയിലുണ്ട്. 2023 ഫെബ്രുവരി 25നു ചാലക്കുടിയിൽ ഷീല സണ്ണിയുടെ വീട്ടിലേക്കാണു ലിവിയ ആദ്യമെത്തിയത്. ഷീലയുടെ സ്കൂട്ടർ ഉപയോഗിച്ചു.26നു ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി സ്റ്റാംപ് ഒളിപ്പിച്ചു.
ഇതിന്റെ ചിത്രങ്ങൾ സുഹൃത്ത് തൃപ്പൂണിത്തുറ നാരായണീയം വീട്ടിൽ നാരായണദാസിന് അയച്ചു നൽകി. വിവരം നാരായണദാസ് എക്സൈസിനു കൈമാറി.
27ന് ഷീലയെ എക്സൈസ് അറസ്റ്റ് ചെയ്തു.ലഹരി സ്റ്റാംപ് പിടികൂടുന്നതിനു മാസങ്ങൾക്കു മുൻപേ ഒന്നാം പ്രതി നാരായണദാസും ലിവിയയും ഗൂഢാലോചന ആരംഭിച്ചുവെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് തിരയുന്നതു മനസ്സിലാക്കി ദുബായിലേക്കു കടന്ന ലിവിയ 13നു പുലർച്ചെ ആണു മുംബൈയിൽ എത്തിയത്. റൂറൽ പൊലീസ് സംഘം ബാന്ദ്ര അഡീഷനൽ സിജെഎം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി ഇന്നലെ പുലർച്ചെ 2.30ന് എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നാരായണ ദാസിനെയും ലിവിയ ജോസിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ പൂർണ വിവരങ്ങൾ ലഭ്യമാകൂ എന്നു പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു. രാസപരിശോധനയിൽ ലഹരി സ്റ്റാംപ് അല്ലെന്നു കണ്ടെത്തുന്നതു വരെ 72 ദിവസം ഷീലയ്ക്കു ജയിലിൽ കഴിയേണ്ടി വന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ സജി വർഗീസ്, എഎസ്ഐ ജിനി, സീനിയർ സിപിഒ മിഥുൻ ആർ.കൃഷ്ണ എന്നിവരാണു മുംബൈയിൽ നിന്നു ലിവിയയെ എത്തിച്ചത്.
താൻ ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നു ലിവിയ ആരോപിക്കുന്നതു ശരിയല്ലെന്നും തങ്ങൾക്കിടയിൽ പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല സണ്ണി പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]