വടക്കാഞ്ചേരി ∙ മതസൗഹാർദത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി മച്ചാട് മാമാങ്കത്തിൽ മണലിത്തറ ദേശത്തിന്റെ കുംഭക്കുടം ചുമക്കാൻ പനങ്ങാട്ടുകര കുന്നത്തുപീടികയിൽ ഹസനാർ ഈ വർഷവും എത്തും. 39 വർഷമായി മണലിത്തറ ദേശത്തിന്റെ മലാക്ക വിഭാഗത്തിനൊപ്പം കുംഭക്കുടവുമായി തിരുവാണിക്കാവിലമ്മയെ വണങ്ങാൻ എത്തിയ ഹസനാർ ഈ വർഷത്തോടെ 4 പതിറ്റാണ്ടു തികയ്ക്കും.
പതിനൊന്നാം വയസ്സിൽ വീട്ടുകാർ നേർന്ന വഴിപാടായാണു ഹസനാർ ആദ്യമായി കുംഭക്കുടം ചുമന്നതെങ്കിലും മാമാങ്കം കഴിഞ്ഞതിനു ശേഷമുണ്ടായ വലിയൊരു അപകടത്തിൽനിന്നു തന്റെ ജീവൻ തിരിച്ചുകിട്ടിയത് തിരുവാണിക്കാവിലമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന വിശ്വാസം മനസ്സിൽ ഉറച്ചതോടെയാണു പിന്നീടുള്ള എല്ലാവർഷവും ഭഗവതിക്കു വേണ്ടി കുംഭക്കുടം ചുമക്കാൻ സന്നദ്ധനായത്.
മാമാങ്കത്തിന്റെ പറ പുറപ്പാടു ദിവസം രാവിലെ തിരുവാണിക്കാവിലെത്തി പ്രാർഥിച്ച് രുദ്രാക്ഷ മാല കഴുത്തിൽ അണിയും. അന്നുമുതൽ കുംഭക്കുടം എടുക്കുന്നതിനുള്ള വ്രതമാണ്.
ഗുരുവായൂർ കോട്ടപ്പടി സ്വദേശി മോഹനനാണു വ്രതാനുഷ്ഠാനങ്ങളും മറ്റും പഠിപ്പിച്ചു കൊടുത്ത ഗുരു. എന്നാൽ ഇപ്പോൾ മലാക്ക വിഭാഗത്തിനായി കുംഭക്കുടം ചുമക്കുന്ന പുതുതലമുറയുടെ ആശാൻ ഹസനാരാണ്.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് സൂപ്പർവൈസറാണു അൻപത്തൊന്നുകാരനായ ഹസനാർ. മച്ചാട് മാമാങ്കത്തിന്റെ ആഘോഷ ചടങ്ങുകളിൽ മണലിത്തറ ദേശത്തിനു മാത്രമുള്ളതാണ് കുംഭക്കുടം എഴുന്നള്ളിപ്പ്.
ദേശത്തു തന്നെ മണലിത്തറ, പഴയന്നൂപ്പാടം, മലാക്ക എന്നീ 3 വിഭാഗങ്ങൾ വെവ്വേറെ താളവാദ്യത്തിന്റെ അകമ്പടിയോടെ കുംഭക്കുടം ചുമന്ന് ദേശക്കുതിരകൾക്കൊപ്പം കാവിലെത്തും.
മണലിത്തറ അയ്യപ്പൻകാവിൽനിന്ന് ഉച്ചയ്ക്ക് 12നാണു കുതിര എഴുന്നള്ളിപ്പ് തുടങ്ങുക. മണലിത്തറ വിഭാഗത്തിന്റെ കുംഭക്കുടവും അയ്യപ്പൻ കാവിൽ നിന്നു പുറപ്പെടും.
മലാക്ക ഭദ്രകാളി ക്ഷേത്രത്തിൽനിന്നു മലാക്ക വിഭാഗത്തിന്റെയും പേരേമ്പാടം ക്ഷേത്രത്തിൽനിന്നു പഴയന്നൂപ്പാടം വിഭാഗത്തിന്റെയും കുംഭക്കുടം എഴുന്നള്ളിപ്പുകൾ തുടങ്ങും. മലാക്ക, പഴയന്നൂപ്പാടം വിഭാഗങ്ങൾ മണലിത്തറ അയ്യപ്പൻകാവിൽ സംഗമിച്ചാണു ദേശക്കുതിരകൾക്കൊപ്പം തിരുവാണിക്കാവിലേക്കു നീങ്ങുക.
മാമാങ്കത്തിന് മാറ്റുകൂട്ടാൻ വിഷ്ണുവിന്റെ കുഞ്ഞൻ കുതിരകൾ
വടക്കാഞ്ചേരി ∙ മച്ചാട് മാമാങ്കത്തിന്റെ സവിശേഷ ഘടകങ്ങളിൽ ഒന്ന് പൊയ്ക്കുതിരകളാണ്.
എഴുന്നള്ളിപ്പിന് ഈ കുതിരകളെയാണു ദേശങ്ങൾ അണിനിരത്തുക. ഒരു പൊയ്ക്കുതിരയെ നിർമിക്കാൻ 6 മാസത്തോളം സമയമെടുക്കും.
മാമാങ്കത്തിന്റെ കൗതകമായ ഈ പൊയ്ക്കുതിരയുടെ ചെറുരൂപം ഉണ്ടാക്കിയിരിക്കുകയാണ് പ്ലസ് വൺ വിദ്യാർഥിയായ പതിനാറുകാരൻ വിഷ്ണു. കുഞ്ഞൻ കുതിരയെ ഉണ്ടാക്കാൻ വേണ്ടിവന്നത് 3 മാസം.
കരുമത്ര കോച്ചാട്ടിൽ സുപ്രിയയുടെയും വിയ്യൂർ ശിവക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മകനായ വിഷ്ണു ബാല്യം മുതൽ കണ്ടു തുടങ്ങിയ മാമാങ്കക്കുതിരയെ ഹൃദയത്തിലേറ്റി മരത്തിലും മൾട്ടിവുഡിലുമായി ഒരടി ഉയരവും ഒരടി നീളവുമുള്ള കുഞ്ഞൻ കുതിരയെ വലിയ പൊയ്ക്കുതിരകളുടെ അതേ മാതൃകയിലും പൂർണതയിലും ഉണ്ടാക്കിയടുത്തു.
വിഷ്ണു ഉണ്ടാക്കിയ കുഞ്ഞൻ കുതിരയെ കണ്ട് അദ്ഭുതപ്പെട്ട കരുമത്ര ദേശക്കമ്മിറ്റി ഭാരവാഹികൾ അങ്ങനെയൊന്ന് ദേശക്കമ്മിറ്റി ഓഫിസിലേക്കും ആവശ്യപ്പെട്ടു.
അതും വിഷ്ണു ഉണ്ടാക്കി നൽകി. ഒരു കുതിരയെ കരുമത്ര ദേശത്തിന്റെ കുതിരച്ചമയ പന്തലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
തൃശൂർ രാമവർമപുരം ഗവ.വിഎച്ച്എസ്എസിലെ ഒന്നാംവർഷ പ്ലസ് വൺ ഇലക്ട്രിക് ഡൊമസ്റ്റിക് സൊലൂഷൻ (ഇഡിഎസ്) വിദ്യാർഥിയാണ് വിഷ്ണു.
മച്ചാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിരൂപ്, സൂര്യകിരൺ, ആദിദേവ് എന്നിവരാണു കുഞ്ഞൻ കുതിരകളെ ഉണ്ടാക്കാൻ സഹായികളായി ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

