
കൊരട്ടി ∙ തൃശൂർ – എറണാകുളം ദേശീയപാത 544ലെ ഗതാഗതക്കുരുക്ക് ഒരാഴ്ചയ്ക്കകം പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നു ഹൈക്കോടതി ദേശീയപാത അതോറിറ്റി അധികൃതർക്കും കരാറുകാർക്കും മുന്നറിയിപ്പു നൽകിയിട്ട് 6 ദിവസം പിന്നിട്ടു. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവു നിർത്തലാക്കുമെന്നാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകിയത്.
ആ ദിവസം തികയാൻ ഇന്നത്തെ ഒരു ദിവസം മാത്രമാണ് ഇനി മുൻപിലുള്ളതെങ്കിലും യാത്രാദുരിതത്തിനു പരിഹാരം കാണാൻ കാര്യമായ ശ്രമം പോലുമുണ്ടായില്ല. ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ, മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നീ 7 ഇടങ്ങളിലാണ് ജില്ലയിൽ അടിപ്പാത നിർമാണം നടക്കുന്നത്.
.∙ചിറങ്ങര, മുരിങ്ങൂർ
മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അടിപ്പാത നിർമാണത്തിനായി ദേശീയപാത അടച്ചുകെട്ടി ബദൽ റോഡ് വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
സർവീസ് റോഡുകളെയാണു ബദൽ റോഡുകളായി സജ്ജമാക്കിയത്. എന്നാൽ ഇവ ബലപ്പെടുത്താതെയും ശരിയായ രീതിയിൽ ടാറിങ് നടത്താതെയും പതിനായിരക്കണക്കിനു വാഹനങ്ങൾക്കു പോകാനായി തുറന്നതോടെ റോഡിൽ കുഴികൾ നിറയുകയായിരുന്നു.
കുഴി നിറഞ്ഞും ചെളിയും വെള്ളവും കെട്ടിക്കിടന്നും യാത്രായോഗ്യമല്ലാത്ത റോഡ് യാത്രാദുരിതം കാര്യമായി വർധിപ്പിക്കുന്നു.
അടിപ്പാത അനുബന്ധ റോഡ് നിർമാണത്തിനായി താഴ്ത്തിയ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തെന്നിമറിയാൻ സാധ്യതയേറെയെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ഇനിയും പരിഹരിച്ചിട്ടില്ല. ദേശീയപാതയിലൂടെ കടന്നുപോയ കാർ, യാത്രക്കാർ സഹിതം വെള്ളം നിറഞ്ഞ കുഴിയിൽ വീണതു ദിവസങ്ങൾക്കു മുൻപാണ്.
താഴ്ത്തിയ ഭാഗം റോഡുമായി വേർതിരിക്കാൻ ചിലയിടങ്ങളിൽ കോൺക്രീറ്റ് ബ്ലോക്കുകൾ വച്ചിട്ടുണ്ടെങ്കിലും പല ഭാഗത്തും പ്ലാസ്റ്റിക് നിർമിത ട്രാഫിക് കോണും വലിച്ചു കെട്ടിയ ചരടും മാത്രമാണുള്ളത്. കൊരട്ടി, ചിറങ്ങര, പെരുമ്പി, മുരിങ്ങൂർ എന്നിവിടങ്ങളിലാണു റോഡ് ശോച്യാവസ്ഥയിലുള്ളത്.
ബദൽ റോഡുകൾക്കു പുറമെ ദേശീയപാതയിലും കുഴികളുണ്ട്.
∙പേരാമ്പ്ര
കൊടകര ∙ പേരാമ്പ്ര അടിപ്പാത നിർമാണം മന്ദഗതിയിൽ. മഴ കനത്തതോടെ നിർത്തിവച്ച നിർമാണം വീണ്ടും ആരംഭിച്ചെങ്കിലും തൊഴിലാളികൾ കുറവാണ്.
തൃശൂർ – ചാലക്കുടി പാതയിലെ സർവീസ് റോഡിൽ ഇടക്കിടെ അറ്റകുറ്റപ്പണികൾ വരുന്നതിനാൽ ഗതാഗത തടസ്സവും ഉണ്ടാകുന്നു. അടിപ്പാത താൽക്കാലികമായി തുറന്നതോടെ പേരാമ്പ്ര, തേശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കയറ്റം കയറി റോഡിലേക്ക് കയറുമ്പോൾ ചാലക്കുടി -തൃശൂർ പാതയിൽ തടസ്സം നേരിടുന്നതും കുരുക്കിന് കാരണമാവുന്നു.
ചാലക്കുടി – തൃശൂർ പാതയിൽ ഒരു വശത്തു മാത്രമേ റോഡ് നിരപ്പിനൊപ്പം സുരക്ഷാഭിത്തികൾ സ്ഥാപിച്ചിട്ടുള്ളൂ.
ആമ്പല്ലൂർ
ആമ്പല്ലൂർ ∙ ഇവിടെയും ഗതാഗതക്കുരുക്കിനും റോഡുകളുടെ തകർച്ചയ്ക്കും പരിഹാരമായില്ല. സർവീസ് റോഡുകളിൽ മുഴുവൻ ചെറിയ കുഴികൾ ഇപ്പോഴുമുണ്ട്.
വാഹനങ്ങളുടെ മെല്ലെപ്പോക്ക് മിക്ക സമയങ്ങളിലും വലിയ കുരുക്കിന് കാരണമാകുന്നു. സർവീസ് റോഡ് ഒരു തവണ ഉയർത്തി പണിതെങ്കിലും വീണ്ടും തകർന്ന് വലിയ കുഴികളായി.
കരിങ്കൽ മെറ്റൽ വിരിച്ച് റോളർ ഓടിച്ചെങ്കിലും ഫലപ്രദമായില്ല. തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെട്ട് 2 മണിക്കൂർ വരെ കൂടുതൽ സമയം ചെലവഴിക്കേണ്ട
സ്ഥിതിയാണ്. ടോൾ നൽകിക്കൊണ്ടുള്ള സഞ്ചാരത്തിനാണ് ഈ ദുർഗതിയെന്നതാണ് വിരോധാഭാസമെന്നും ഡ്രൈവർമാർ കുറ്റപ്പെടുത്തുന്നു.
∙കല്ലിടുക്ക്, മുടിക്കോട്, വാണിയമ്പാറ
മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ നിർമാണം നടക്കുന്ന 3 അടിപ്പാതകളുടെയും നിർമാണം ഇഴയുന്നു.
വാണിയമ്പാറയിൽ മാത്രമാണ് ജോലികൾ നടക്കുന്നത്. കല്ലിടുക്കിലും മുടിക്കോട്ടും ആകെ 3 പേർ വീതമാണു തൊഴിലെടുക്കുന്നത്.
വാണിയമ്പാറയിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നീലിപ്പാറയിൽ പാറപൊട്ടിക്കുന്ന ജോലികളാണ് ആകെ നടക്കുന്നത്. ഒക്ടോബറിൽ 3 അടിപ്പാതകളുടെയും നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു നിശ്ചയിച്ചതെങ്കിലും നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ ഈ വർഷം പൂർത്തിയാക്കാൻ സാധ്യതയില്ല.
90 കോടി രൂപ ചെലവഴിച്ചു 1.97 കിലോമീറ്ററിൽ പണിയുന്ന വാണിയമ്പാറ അടിപ്പാത, 36.9 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന മുടിക്കോട് അടിപ്പാത, 37.27 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന കല്ലിടുക്ക് അടിപ്പാത എന്നിവിടങ്ങളിൽ പകുതി ജോലികൾ മാത്രമാണ് പൂർത്തിയായത്.
നേരത്തെ ഇരുപതിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. എന്നാൽ മുടിക്കോട്ടും കല്ലിടുക്കിലും മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാരും 2 തൊഴിലാളികളും മാത്രമാണ് 2 മാസമായി പണിയെടുക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]