കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിനു തുടക്കമായി. മകര സംക്രമ ദിനമായ ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ശ്രീകോവിലിൽ നിന്നു കൊളുത്തി നൽകിയ തീനാളം എടമുക്ക് മുപ്പൻമാരുടെ സംഘത്തലവൻ കതിന വെടികൾക്കു കൊളുത്തിയതോടെ നാലു രാപകലുകൾ നീണ്ട ഉത്സവം തുടങ്ങി.
ഒന്നാം താലപ്പൊലി ദിനമായ ഇന്നു കുഡുംബികളുടെയും മലയരയൻമാരുടെയും പ്രത്യേക ചടങ്ങുകൾ നടക്കും. വ്രതംനോറ്റ് ഇരുമുടി കെട്ടുമായി എത്തുന്ന മലയരൻമാർ ക്ഷേത്ര സങ്കേതത്തിൽ ഇന്നു രാവിലെ പ്രത്യേക പൂജകൾ നടത്തും. ഇവർ ഇരുമുടി കെട്ടിൽ കൊണ്ടുവരുന്ന മഞ്ഞളും കുരുമുളകും മറ്റു ദ്രവ്യങ്ങളും ദേവീസന്നിധിയിൽ സമർപ്പിക്കും.
കുഡുംബി സമുദായക്കാരുടെ പരമ്പരാഗത ചടങ്ങായ സവാസിനി പൂജയും ആടിനെ നടതള്ളലും നടക്കും.
ക്ഷേത്രത്തിനു അരക്കിലോമീറ്റർ തെക്കുമാറി കുരുംബ അമ്മയുടെ നടയിൽ നിന്നാണ് കുഡുംബി സമുദായക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എത്തുന്നത്. പകൽ രാത്രി എഴുന്നള്ളിപ്പുകൾ തുടങ്ങുന്നതും കുരുംബ അമ്മയുടെ നടയിൽ നിന്നാണ്. ഉച്ചയ്ക്ക് ഒന്നിനും രാത്രി ഒന്നിനും എഴുന്നള്ളിപ്പ് നടത്തും. മൂന്നാം താലപ്പൊലി നാളിൽ രാത്രി എഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്ത് നിന്നാണ് തുടങ്ങുന്നത്. ഒന്നാം താലപ്പൊലി ദിനത്തിൽ ഒന്നു കുറെ ആയിരം യോഗമാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
മറ്റു ദിവസങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡ് താലപ്പൊലി ആഘോഷം നടത്തും.
നിരീക്ഷിക്കാൻ സ്ക്വാഡ്
ശ്രീകുരുംബ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് സുഗമാക്കുന്നതിനു വനം വകുപ്പ് ദേവസ്വം അധികൃതർക്കു നിർദേശങ്ങൾ നൽകി. ആനയെ എഴുന്നള്ളിക്കുന്നതിനു പ്രത്യേകം അനുമതിപത്രം, ആനയെ സംബന്ധിച്ചു പൂർണ വിവരങ്ങൾ, ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ചു നിർദേശങ്ങൾ നൽകി.
മൃഗസംരക്ഷണ വകുപ്പ് സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ എലിഫന്റ് സ്ക്വാഡ് താലപ്പൊലി ഉത്സവത്തിൽ എത്തും. 20 അംഗ ഡോക്ടർമാരും പാരാവെറ്ററിനറി സ്റ്റാഫ് ഉൾപ്പെടുന്ന സ്ക്വാഡും എഴുന്നള്ളിപ്പ് നിരീക്ഷിക്കും.
താലപ്പൊലി എഴുന്നള്ളിപ്പ്
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ സവിശേഷതകളിൽ ഒന്നാണ് രാത്രി താലപ്പൊലി എഴുന്നള്ളിപ്പ്. “താലം പൊലിക്കുക” എന്ന വാക്കിൽ നിന്നാണ് താലപ്പൊലിയുടെ ഉദ്ഭവം. ക്ഷേത്രത്തിലേക്ക് ആവശ്യമായ ധാന്യങ്ങളും ദ്രവ്യവും താലത്തിലേന്തി ക്ഷേത്ര മണ്ഡപത്തിൽ ചൊരിയുന്ന ചടങ്ങ് കാലക്രമേണ താലപ്പൊലിയായി രൂപാന്തരപ്പെട്ടു.
ഒന്നു കുറെ ആയിരം യോഗം എന്ന പുരാതന നായർ സംഘടനയിലെ പ്രതിനിധികളായ നായർ തറവാടുകളിൽ നിന്നുള്ള സ്ത്രീകളാണ് താലം ഏന്തുക. പിലാപ്പിള്ളി തേവർവട്ടം കുടുംബങ്ങളിലെ സ്ത്രീകളാണ് കുത്തു വിളക്ക് ഏന്തുക.
ഇവർ ഇതിനായി പുലർച്ചെ 1.30ന് ക്ഷേത്രത്തിൽ എത്തും. തുടർന്നു ഉത്സവം തുടങ്ങി പുലർച്ചെ അഞ്ചിനു സമാപിക്കുന്നതു വരെ എഴുന്നള്ളിപ്പിനു മുൻപിലായി ഇവർ കുത്തു വിളക്കുമായി ഉണ്ടാകും. തറവാട്ടിലെ ഏറ്റവും പ്രായം ചെന്ന ലളിതയും ഇക്കുറി കുത്തു വിളക്ക് ഏന്തുവാൻ ക്ഷേത്രാങ്കണത്തിൽ എത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

