ഗുരുവായൂർ ∙ 33 വയസ്സ് മാത്രമുള്ള ഗോകുൽ ചരിഞ്ഞതോടെ, ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന്മാരെ നിയോഗിക്കുന്നതിലെ അനധികൃത ഇടപെടലുകൾ വീണ്ടും ചർച്ചയാകുന്നു. ആനയും പാപ്പാനുമായുള്ള ബന്ധം പരിഗണിക്കാതെ സിപിഎം അനുകൂല യൂണിയനും പാർട്ടി നേതാക്കളുമൊക്കെ പാപ്പാന്മാരെ തീരുമാനിക്കുന്നതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുകയാണ് ഗുരുവായൂർ ദേവസ്വത്തിലെ ആനകൾ.
ഇന്നലെ ചരിഞ്ഞ ഗോകുലിനെ വർഷങ്ങളായി സുഭാഷ് എന്ന പാപ്പാനാണ് പരിചരിച്ചിരുന്നത്. എന്നാൽ യൂണിയന്റെ സ്വാധീനത്തിൽ സുഭാഷിനെ മാറ്റി എ.വി.രാധാകൃഷ്ണൻ ഒന്നാം പാപ്പാനായി.
ചില പ്രത്യേക സാഹചര്യത്തിൽ പാപ്പാൻമാരെ മാറ്റേണ്ടിവരാറുണ്ടെങ്കിലും തിടുക്കത്തിലുള്ള മാറ്റങ്ങൾ ദോഷം ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പാപ്പാൻ മാറുമ്പോൾ ‘ചട്ടം പഠിപ്പിക്കലിന്റെ’ പേരിൽ ആനയ്ക്ക് മർദനം ഏൽക്കേണ്ടിവരും. ഇത്തരം കെട്ടിയഴിക്കലുകൾ ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു ക്ഷേത്രത്തിൽ പാപ്പാൻ അല്ലാത്ത ഒരാൾ ചങ്ങല പിടിച്ച് ദേവസ്വത്തിന്റെ ആനയെ എഴുന്നള്ളിച്ചത് സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഗുരുതരമായ ഈ വീഴ്ചയുടെ പേരിൽ പാപ്പാനെതിരെ ഭരണസമിതി നടപടിക്ക് തുനിഞ്ഞപ്പോൾ സിപിഎം നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.
തലയെടുപ്പിൽ ഗോകുൽ താരമായി; ‘അടി’തെറ്റിയത് പരിചരണത്തിൽ
ഗുരുവായൂർ ∙ കഴിഞ്ഞ തൃശൂർ പൂരത്തിന് തലയെടുപ്പോടെ എഴുന്നള്ളിയ ഗോകുലിനെ കണ്ട് ആരാധകർ അന്തംവിട്ടു.
ചന്തത്തിലും നിലയിലും തലയെടുപ്പിലും ഒന്നാം നിരയിലേയ്ക്ക് എത്തിയ ഗോകുലിന് സമൂഹമാധ്യമത്തിൽ വാഴ്ത്തുപാട്ടുകളായി. കൊയിലാണ്ടിയിൽ പീതാംബരൻ എന്ന കൂട്ടാനയുടെ കുത്തേറ്റെങ്കിലും ദേവസ്വം മികച്ച ചികിത്സ നൽകിയതോടെ ആന തിരിച്ചുവരവിലായിരുന്നു ആന .
അതിനിടെയാണ്, ഇരുട്ടിന്റെ മറവിൽ ആനയ്ക്ക് മർദനമേറ്റത്. പേടി കൂടുതലുള്ള ആനയായ ഗോകുൽ ഇതോടെ കൂടുതൽ ഉൾവലിഞ്ഞു.
1994 ജനുവരി 9ന് കൊച്ചി ചുള്ളിക്കൽ അറയ്ക്കൽ വീട്ടിൽ എ.എസ്.രഘുനാഥനാണ് 2 വയസ്സുള്ള കുട്ടിക്കൊമ്പനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയത്.
3 തവണ ആനയോട്ടത്തിൽ വിജയിയായിട്ടുണ്ട്. 2009ൽ ആനയ്ക്ക് അപകടം പറ്റിയിരിന്നു.
ശീവേലി പറമ്പിൽ കെട്ടിയിരുന്ന ഗോകുലിന്റെ ഒരു കൊമ്പിനു മുകളിൽ തെങ്ങ്ഒടിഞ്ഞുവീഴുകയായിരുന്നു. ഒടിഞ്ഞകൊമ്പ് ഉള്ളിൽത്തന്നെയിരുന്നു.
ഇതു പഴുത്തതോടെ വേദന സഹിച്ചു കഴിയുകയായിരുന്നു ഗോകുൽ.3 കൊല്ലത്തിനു ശേഷം കൊമ്പിന്റെ ഒടിഞ്ഞ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു.
ഫൈബർ കൊമ്പു വച്ച് ഒട്ടേറെ എഴുന്നള്ളിപ്പുകളിൽ പങ്കെടുത്തു. ഓഗസ്റ്റ് 26ന് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു അവസാനമായി എഴുന്നള്ളിച്ചത്. ഗോകുലിന്റെ വേർപാടോടെ, ദേവസ്വത്തിൽ ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]