ചാലക്കുടി ∙ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന 4.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. പ്രവർത്തനങ്ങൾ വിലയിരുത്താനായി റെയിൽവേ ഡിവിഷനൽ മാനേജർ (ഡിആർഎം) ദിവ്യകാന്ത് ചന്ദ്രകർ സ്ഥലം സന്ദർശിച്ചു.
പൂർത്തിയാക്കിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിനു നടത്താനാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം അറിയിച്ചു. ഏതാനും മിനുക്കു പണികൾ മാത്രമാണ് ശേഷിക്കുന്നത്.റെയിൽവേ സ്റ്റേഷൻ മാനേജർ രവി, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോളി റാഫേൽ, സെക്രട്ടറി കെ.സുരേഷ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്നു പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഡിആർഎമ്മിനോട് ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമിലെ മേൽക്കൂര നീട്ടൽ, സ്ത്രീകൾക്കും പുരുഷൻമാർക്കും ശീതീകരിച്ച പ്രത്യേകം വിശ്രമ മുറികൾ, 2 പുതിയ കവാടങ്ങൾ, പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ, ഫാൻ, ലിഫ്റ്റ് സൗകര്യം, ശുദ്ധജല സൗകര്യം, ടിക്കറ്റ് കൗണ്ടർ നവീകരണം, മേൽക്കൂരയിൽ ഷീറ്റ് വിരിക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാർക്കിങ് സംവിധാനത്തിന്റെ നവീകരണവും നടത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു നിർമാണം ആരംഭിച്ചത്.
ഈ വർഷം ഓഗസ്റ്റിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്നവ കൂടാതെ ഏതാനും ജോലികൾ കൂടി ഉൾപ്പെടുത്തിയതോടെ പണികൾ പൂർത്തിയാകുന്നതു നീണ്ടു.
മുൻഭാഗത്തു ലാൻഡ്സ്കേപ് ഒരുക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. മുൻഭാഗത്ത് വലിയ ഉയരത്തിൽ ഫ്ലാഗ് മാസ്റ്റും സിസിടിവി ക്യാമറകളും ഡിജിറ്റൽ ബോർഡുകളും സ്ഥാപിച്ചു.
ചങ്ങനാശേരി, വടക്കാഞ്ചേരി, ചാലക്കുടി സ്റ്റേഷനുകളിലാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തുന്നത്.
ഇതിൽ ചങ്ങനാശേരി, ചാലക്കുടി സ്റ്റേഷനുകളിലെ നിർമാണത്തിൽ മിനുക്കു പണികൾ മാത്രമാണു ശേഷിക്കുന്നത്. എന്നാൽ വടക്കാഞ്ചേരി സ്റ്റേഷനുകളിൽ 30 ശതമാനം ജോലികൾ ശേഷിക്കുന്നതായി ഡിആർഎം അറിയിച്ചു.
തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]