തൃശൂർ ∙ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർകെഐ) പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയുടെ വികസനം പൂർത്തിയാകാൻ ഇനി 3 മാസം കൂടി കാത്തിരിക്കേണ്ടി വരും. സ്ഥിരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പൂങ്കുന്നം–പുഴയ്ക്കൽ–മുതുവറ മേഖലയിൽ പുഴയ്ക്കൽപാടത്തെ പാലം നിർമാണം ഇഴയുന്നതാണ് തിരിച്ചടി.
മേയ്–ജൂൺ മാസങ്ങളിലെ മഴ കാരണം പാലം നിർമാണം പലപ്പോഴും തടസ്സപ്പെട്ടു. ഇവിടെ പാടത്തു നിന്നുള്ള വെള്ളം ഒഴുകിപ്പോകാനും തടസ്സം നേരിട്ടിരുന്നു.ആദ്യ നിർമാണ ഷെഡ്യൂൾ പ്രകാരം ഈ പാലം നിർമാണം മാത്രമാണ് പൂർത്തീകരിക്കാൻ ബാക്കി.
ദ്രുതഗതിയിൽ പാലത്തിന്റെ ജോലികൾ പൂർത്തിയാക്കാനാണ് കരാർ കമ്പനിയായ ഇകെകെ കൺസ്ട്രക്ഷൻ ശ്രമിക്കുന്നത്.
ഇതിനായി രാത്രിയും ജോലികൾ പുരോഗമിക്കുന്നുണ്ട്. പാലത്തിന്റെ കോൺക്രീറ്റിങ് അടുത്തയാഴ്ച നടക്കും.
പിന്നാലെ 21 ദിവസത്തെ ക്യൂറിങ് (ഉറപ്പിക്കൽ) സമയവും വേണം. നവംബർ വരെയാണ് ഈ പ്രവൃത്തി പൂർത്തിയാക്കാൻ കരാർ കമ്പനിക്കു നൽകിയിരിക്കുന്ന സമയപരിധി. മുതുവറ സെന്ററിലും കോൺക്രീറ്റിങ് ബാക്കിയുണ്ട്.
പുഴയ്ക്കൽ ശോഭാ സിറ്റിക്കു സമീപം തൃശൂർ ഭാഗത്തേക്കുള്ള പാലത്തിന്റെ നവീകരണം പൂർത്തിയായെങ്കിലും ഗതാഗതത്തിനു തുറന്നു നൽകിയിട്ടില്ല.
നിലവിൽ മുതുവറ ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് ഇരുഭാഗത്തേക്കും ഗതാഗതം. പാതയിലെ മറ്റിടങ്ങളിലെ ജോലികൾ അവസാനഘട്ടത്തിലാണ്.
ബിറ്റുമിൻ കോൺക്രീറ്റിങ് (ബിസി) ജോലികളും ഉടൻ ആരംഭിക്കും. ഡിസംബറിൽ എല്ലാ നിർമാണ ജോലികളും പൂർത്തിയാക്കാനാണ് റോഡ് വികസന പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) ലക്ഷ്യമിടുന്നത്.
പുതുവർഷത്തിൽഎങ്കിലും…
നവീകരിച്ച തൃശൂർ–കുറ്റിപ്പുറം പാത 2026 പുതുവർഷ സമ്മാനമായി ജനങ്ങൾക്കു ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുഴയ്ക്കൽ സന്ദർശിച്ച ശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
എന്നാൽ ജില്ലാ അതിർത്തിയായ കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റർ റോഡിന്റെ വികസനം 4 വർഷമായിട്ടും പൂർത്തിയാകാത്തത് ഇപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. പ്രളയത്തിൽ തകർന്ന റോഡുകളുടെയും ചെറു പാലങ്ങളുടെയും പുനർനിർമാണം ലക്ഷ്യമിട്ടുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2021–ലാണു പാതയുടെ വികസനം ആരംഭിച്ചത്.
ജില്ലയുടെ രണ്ടറ്റത്ത് നിന്നു വികസന ജോലികൾ തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു.
ഉണ്ടായിരുന്ന റോഡ് പലയിടത്തും കുത്തിപ്പൊളിച്ചു തുടങ്ങിയ നവീകരണം മഴക്കാലമായതോടെ യാത്രക്കാർക്ക് ഇരട്ടി ദുരിതമായി മാറി. ഇടയ്ക്കിടെ റോഡ് വികസനം നിലച്ചതു കൂടാതെ പലയിടത്തും കുഴികൾ രൂപപ്പെട്ടതും ടാറിങ് തകർന്നതും പ്രതിസന്ധിയായി. പലയിടങ്ങളിലും ഗതാഗതക്കുരുക്ക് കാരണം ഇപ്പോഴും യാത്രാദുരിതം തുടരുകയാണ്. 200 കോടി രൂപയിലേറെ ചെലവഴിച്ചുള്ള നവീകരണത്തിനു 2023 സെപ്റ്റംബർ വരെയായിരുന്നു കരാർ കാലാവധി.
എന്നാൽ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാതായതോടെ ആദ്യ കരാറുകാരെ 2024 മേയിൽ ഒഴിവാക്കി.
റീ–ടെൻഡറിലാണ് പെരുമ്പാവൂർ ആസ്ഥാനമായുള്ള ഇകെകെ കൺസ്ട്രക്ഷന് കരാർ ലഭിച്ചത്. മാസങ്ങൾക്കു ശേഷം 2025 ഫെബ്രുവരിയിലാണ് അടിമുടി നവീകരണത്തിന്റെ ഭാഗമായുള്ള ജോലികൾ തുടങ്ങിയത്.
മാന്ദാമംഗലം റോഡിന്റെ നവീകരണം ഉടൻ തീർക്കും: മന്ത്രി
തൃശൂർ–മാന്ദാമംഗലം റോഡിന്റെ നവീകരണ ജോലികൾ ഉടൻ തീർക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
റോഡിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിക്കു സമീപം നടക്കുന്ന അറ്റകുറ്റപ്പണികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. റോഡുമായി ബന്ധപ്പെട്ട് തനിക്കു നേരിട്ട് പരാതികൾ ലഭിച്ചിരുന്നെന്നും ആർപി ഫണ്ടിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവഴിച്ച് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു.
‘‘5 ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
റോഡിന്റെ ബിഎം പാച്ച്വർക്കും ബിസി ഓവർലേയുമാണ് നടക്കുന്നത്.’’– മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെയാണ് പാലക്കാട്ടേക്കുള്ള യാത്രയിൽ മന്ത്രി ജൂബിലി പരിസരത്തെ അറ്റകുറ്റപ്പണികൾ വിലയിരുത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]