തൃശൂർ ∙ മണ്ണുത്തി– ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു കാരണമായ പ്രശ്നങ്ങൾ പരിഹരിച്ചതായി ദേശീയപാത അതോറിറ്റി കലക്ടർക്കു റിപ്പോർട്ട് ഇന്നു നൽകുമെന്നു സൂചന. ഈ റിപ്പോർട്ടിൽ പറയുന്നതുപോലെ പണി നടന്നതായി കലക്ടർ കോടതിയെ അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും ടോൾ വിഷയത്തിൽ നാളത്തെ കോടതി തീരുമാനം.
ടോൾ പുന:സ്ഥാപിക്കണമെങ്കിൽ എൻഎച്ച്എഐയുടെ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നടന്നതായി കലക്ടർക്കു കൂടി ബോധ്യപ്പെടണം. ആവശ്യമായ ഒരുക്കങ്ങളില്ലാതെയാണ് ദേശീയപാത അതോറിറ്റി അടിപ്പാതകളുടെ നിർമാണം ആരംഭിച്ചിരിക്കുന്നതെന്നും പണി മെല്ലെപ്പോക്കിലാണെന്നും കലക്ടർ നേരത്തെ നൽകിയ റിപ്പോർട്ട് ആണ് കോടതി ഓഗസ്റ്റ് 6ന് നാലാഴ്ചത്തേക്ക് ടോൾ നിരോധിച്ചതിന്റെ അടിസ്ഥാനം.
ഒരു കരാറുകാരന് ഒന്നിലധികം അടിപ്പാതകൾ നിർമിക്കാൻ കരാർ നൽകിയിരിക്കുന്നത് വ്യക്തമായ ആസൂത്രണം ഇല്ലാതെയും ഗതാഗതത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച് കൃത്യമായ കണക്കുകൂട്ടൽ ഇല്ലാതെയുമാണെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവി (റൂറൽ), ആർടിഒ, പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു കലക്ടർ റിപ്പോർട്ട് കോടതിക്ക് നൽകിയത്.
തുടർന്ന് ഓഗസ്റ്റ് 26ന് വീണ്ടും കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ച കോടതി ടോൾ വിലക്ക് സെപ്റ്റംബർ 10ലേക്കും തുടർന്ന് 15ലേക്കും നീട്ടി.
ആമ്പല്ലൂർ, ചിറങ്ങര തുടങ്ങിയ ഭാഗങ്ങളിൽ സർവീസ് റോഡുകളുടെ നിർമാണത്തിൽ കാര്യമായ പുരോഗതി കൈവരിച്ചതായും ഗതാഗതകുരുക്കിന് കുറവുണ്ടായതായും ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയിൽ സെപ്റ്റംബർ 8ന് റിപ്പോർട്ട് സമർപ്പിച്ചു.
സർവീസ് റോഡിൽ നിന്ന് പ്രധാന പാതയിലേക്ക് കടക്കുന്നയിടത്തെ വീതിക്കുറവ്, ഓടകളുടെ അപര്യാപ്തത, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, അടിപ്പാതകളുടെ നിർമാണത്തിലെ മെല്ലെപ്പോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി റിപ്പോർട്ടിലുണ്ട്. തുടർച്ചയായുള്ള സർവീസ് റോഡിന്റെ അറ്റകുറ്റപ്പണിയുടെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ നിർദേശങ്ങളാണ് ഇപ്പോൾ നടപ്പാക്കിവരുന്നത്.
ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി നൽകിയ നിർദേശങ്ങളിൽ ചിലത്
∙പേരാമ്പ്ര അടിപ്പാതയോട് ചേർന്നുള്ള സർവീസ് റോഡിലെ കുത്തനെയുള്ള ഇറക്കവും അപകടകരമായ വശങ്ങളും നിരപ്പാക്കി ടാർ ചെയ്യണം.
∙ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിലെ നിർമാണ സ്ഥലങ്ങളിൽ ആഴത്തിൽ കുഴിച്ച ഭാഗങ്ങളിൽ സുരക്ഷാസംവിധാനം ഒരുക്കണം.
∙ഗതാഗതം തിരിച്ചുവിടാൻ ഉപയോഗിക്കുന്ന മുരിങ്ങൂരിലെ ഒരു കിലോമീറ്റർ വരുന്ന പഞ്ചായത്ത് റോഡ് പുനർനിർമിക്കണം.
∙പേരാമ്പ്രയിൽ ഫ്ലൈഓവർ അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തെ അപകടകരവും ആഴമുള്ളതുമായ സർവീസ് റോഡിന്റെ വശങ്ങൾ ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കായി കോൺക്രീറ്റ് ബാരിക്കേഡ് നിർമിക്കണം.
∙എല്ലാ നിർമാണ പോയിന്റുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കുകയും പൊട്ടിയ സ്ലാബുകൾ മാറ്റിസ്ഥാപിക്കുകയും റിക്കവറി വാഹനങ്ങൾ ഉറപ്പാക്കുകയും വേണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]