പുന്നയൂർ ∙ വിശ്രമജീവിതം സ്വപ്നം കണ്ടാണ് 38 വർഷത്തെ പ്രവാസം മതിയാക്കി എടക്കഴിയൂർ പള്ളിപ്പറമ്പിൽ വീരാൻ കുട്ടി നാട്ടിലെത്തിയത്. പാമ്പ് പിടിത്തമായിരുന്നു ആകെയുള്ള നേരംപോക്ക്.
വീരാൻകുട്ടിയുടെ പാമ്പ് പിടിത്തം നാട്ടിൽ പാട്ടായപ്പോൾ വീട്ടിലിരിക്കാനും നേരമില്ലാതായി. പാമ്പു പിടിത്തത്തിനു പിന്നാലെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനും ഇറങ്ങിയപ്പോൾ നാട്ടുകാരും വിട്ടില്ല.
പിടിച്ച് മെംബറാക്കി കളഞ്ഞു.
വീരാൻകുട്ടിയുടെ പിതാവ് പരേതനായ അബൂബക്കർ പാമ്പിനെ പിടിക്കുമായിരുന്നുവത്രെ. ഉപ്പയോടപ്പം പോയി കണ്ട
പരിചയമാണ് വീരാൻകുട്ടിയെയും പാമ്പു പിടിത്ത പ്രിയനാക്കിയത്. 4 വർഷം മുൻപ് എടക്കഴിയൂർ പള്ളി വളപ്പിൽ പാമ്പിനെ കണ്ടെന്ന വിളി വന്നപ്പോൾ അവിടെ എത്തി പാമ്പിനെ പിടിച്ചു.
അത് ഒരു തുടക്കമായി. ചാവക്കാട് മുതൽ പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തുകളിൽ നിന്നെല്ലാം പാമ്പിനെ പിടിക്കാൻ അബൂബക്കറിനു വിളി വന്നു തുടങ്ങി.
സംഗതി കാര്യമായപ്പോൾ വനംവകുപ്പിന്റെ പരിശീലനത്തിൽ പങ്കെടുത്ത് അംഗീകൃത പാമ്പ് പിടിത്തക്കാരനായി.
പാമ്പ് സംരക്ഷണത്തിനായുള്ള സർപ്പ ടീമിലും വീരാൻകുട്ടിയുണ്ട്.വീരാൻകുട്ടിയുടെ സേവനം സൗജന്യമാണ്.
എന്നാൽ പാമ്പിനെ പിടിക്കുന്ന സ്റ്റിക്കും സഞ്ചിയും ഉൾപ്പെടെയുള്ള കിറ്റ് പോലും വനം വകുപ്പ് നൽകുന്നില്ല എന്ന പരാതി വീരാൻകുട്ടിക്ക് ഉണ്ട്. പാമ്പിനെ പിടിച്ചാൽ വനംവകുപ്പ് അധികൃതരെ കാത്ത് ദിവസങ്ങളോളം വീട്ടിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്.
പ്രത്യേകം സഞ്ചി ഇല്ലാത്തത് പ്രയാസമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ച 5 പാമ്പുകളെ വ്യാഴാഴ്ചയാണ് അധികൃതർ കൊണ്ടുപോയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി പുന്നയൂർ പഞ്ചായത്ത് 12–ാം വാർഡ് പിടിച്ചതും വീരാൻകുട്ടിയാണ്.
വിദേശത്ത് പോകും മുൻപ് 5 വർഷം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും 3 മക്കളും അടങ്ങുന്നതാണ് കുടുംബം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

