തൃശൂർ∙ ഇയാഷ് അമൻ വയലിൻ വായിക്കുന്നതാണ് വയനാട് പിണങ്ങോട് ഡബ്ല്യുഒ ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവ താരങ്ങളുടെ വാട്സാപ് സ്റ്റേറ്റസ്. അവർക്കറിയാം, സ്വർഗത്തിലിരുന്ന് ഇയാഷ് അവർക്കുവേണ്ടി വയലിൻ വായിക്കുകയാണെന്ന്.
ജയിച്ചു വരൂ കൂട്ടുകാരേ… എന്ന് അവന്റെ മാന്ത്രിക വിരൽ അവരെ തൊടുകയാണെന്ന്. രണ്ടു ദിവസം മുൻപു വിടപറഞ്ഞ കൂട്ടുകാരൻ വെസ്റ്റേൺ വയലിൻ മത്സരത്തിൽ പങ്കെടുക്കാൻ അവരുടെ കൂടെയില്ല.
എങ്കിലും അവന്റെ ദുഃഖസാന്ദ്രമായ സംഗീതം ഓർത്തുകൊണ്ടാണ് കൂട്ടുകാർ കലോത്സവത്തിനിറങ്ങുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെസ്റ്റേൺ വയലിൻ മത്സരത്തിൽ പങ്കെടുക്കാനുള്ള ഇയാഷിനെ 2 ദിവസം മുൻപാണു മരിച്ച നിലയിൽ കണ്ടത്. പ്ലസ് വൺ വിദ്യാർഥിയായിരുന്നു.3 വർഷമായി ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാറുണ്ടെങ്കിലും രണ്ടാം സ്ഥാനമായിരുന്നു.
ഇത്തവണ കഠിന പരിശ്രമത്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് എത്തി. വയനാട്ടിൽനിന്ന് എറണാകുളത്തു പോയാണു പരിശീലനം നടത്തിയിരുന്നത്.
തൃശൂർ കലോത്സവത്തിൽ പങ്കെടുക്കാനായി പുത്തൻകുപ്പായം പോലും വാങ്ങിവച്ചു. പരിശീലനത്തെക്കുറിച്ച് അന്വേഷിച്ച അധ്യാപകരോടു രണ്ടര മണിക്കൂറോളം പ്രാക്ടിസ് ചെയ്തെന്നും നന്നായി പെർഫോം ചെയ്യാൻ കഴിയുമെന്നും പ്രതീക്ഷ പങ്കുവച്ചാണ് ഇയാഷ് മടങ്ങിയത്.
‘‘ എല്ലാ തവണയും ഒന്നാം സ്ഥാനം വാങ്ങുന്ന കുട്ടിയെ പിന്തള്ളിയാണ് ഇയാഷ് ജില്ലയിൽ ഒന്നാമതെത്തിയത്.
ആ കുട്ടിയുടെ സങ്കടം കണ്ടപ്പോൾ വിഷമിക്കേണ്ടെന്നും അപ്പീലിന് അപേക്ഷിച്ചാൽ നമുക്കു 2 പേർക്കും മത്സരിക്കാനാകുമെന്നും ആശ്വസിപ്പിച്ചത് അവനാണ്. അവന്റെ നല്ല മനസ്സിന് അഭിമാനം തോന്നുംവിധത്തിൽ കലോത്സവത്തിൽ പങ്കെടുക്കാനാണു ഞങ്ങളും ആഗ്രഹിക്കുന്നത് ’’– സങ്കടത്തോടെ കൂട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

