തൃശൂർ ∙ തലപ്പൊക്കമേറെയുള്ള ഒരുപാട് കൊമ്പൻമാർ തൃശൂരിലെ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിലും അവരാരും എത്താത്ത എഐസിസി ഭാരവാഹിത്വത്തിലേക്കാണ് ടി.എൻ.പ്രതാപൻ എത്തിയിരിക്കുന്നത്. പാർലമെന്ററി സ്ഥാനങ്ങളാണെങ്കിലും ഭാരവാഹിപ്പട്ടികയാണെങ്കിലും കെട്ടിയിറക്കപ്പെടലിന്റെ പഴി സ്ഥിരമായി കേൾക്കേണ്ടി വരുന്ന കോൺഗ്രസിൽ, ബൂത്ത് കമ്മിറ്റി മുതൽ എഐസിസി വരെ പടിപടിയായി വളർന്നുകയറിയ മറ്റൊരു നേതാവ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായിരിക്കെയാണ് എഐസിസി പദവിയിലേക്ക് പ്രതാപന് പ്രമോഷൻ ലഭിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
തിരഞ്ഞെടുപ്പ് ക്ലാസ് ലീഡറാകാനാണെങ്കിലും എംഎൽഎയാകാനാണെങ്കിലും എംപിയാകാനാണെങ്കിലും തോൽവി പ്രതാപന് ശീലമില്ല. ജീവിതത്തിൽ തോൽപിക്കാൻ ശ്രമിച്ച ദാരിദ്യ്രത്തെപ്പോലും ചിരിച്ചുകെട്ടിപ്പിടിച്ച് തോൽപിച്ചാണ് ഈ ദൂരമൊക്കെ അദ്ദേഹം താണ്ടിയത്.
കോൺഗ്രസിന് സ്ഥിരം തോൽവി സമ്മാനിച്ചിരുന്ന നാട്ടിക മണ്ഡലം പിടിച്ചെടുത്ത് എംഎൽഎയായി തുടങ്ങിയ അദ്ദേഹം കടുത്ത എതിർ തരംഗത്തിൽ 2006ലും വിജയം ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിലാകട്ടെ കോൺഗ്രസിന് 50 ശതമാനം പോലും സാധ്യത ഇല്ലാതിരുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിലും വിജയക്കൊടി പാറിച്ചു.
ഒടുവിൽ 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്കും വലിയ ഭൂരിപക്ഷത്തിൽ വിജയം നേടി.
കെഎസ്യു യൂണിറ്റ് പ്രസിഡന്റായിട്ടാണ് പൊതുപ്രവർത്തനം തുടങ്ങിയത്. തുടർന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചു.
കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റായി. മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ആദ്യ ദേശീയ അധ്യക്ഷനുമായിരുന്നു.
പുതുച്ചേരി, ലക്ഷദ്വീപ് പ്രദേശങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിട്ടാണ് നിയമനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

