
തൃശൂർ ∙ വ്യാജ വോട്ടർ പട്ടിക വിവാദത്തിൽ സിപിഎം ബിജെപി ഓഫിസിലേക്കും പിന്നീട് ബിജെപി സിപിഎം ഓഫിസിലേക്കും മാർച്ച് നടത്തിയതിനെത്തുടർന്ന് സംഘർഷാവസ്ഥ. ജനാധിപത്യ വോട്ടവകാശത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ ചേറൂറിലെ എംപി ഓഫിസിലേക്കാണ് സിപിഎം പ്രതിഷേധ മാർച്ച് നടത്തിയത്.
ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്. ഓഫിസ് പരിസരത്ത് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി.
സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. പിന്നാലെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
തുടർന്നു പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
ജലപീരങ്കി ഉൾപ്പെടെ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.വി.
അബ്ദുൽഖാദർ മാർച്ച് ഉദ്ഘാടനം ചെയ്തു. തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ അക്രമം നടന്നിട്ടും കേന്ദ്ര മന്ത്രി മൗനം പാലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കൂടിയായിരുന്നു പ്രതിഷേധം. ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട
അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.
ഷാജൻ, ജില്ലാ കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, വിൽവട്ടം ലോക്കൽ സെക്രട്ടറി ടി.ആർ. ഹിരൺ എന്നിവർ പ്രസംഗിച്ചു. തുടർന്നു സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി.
പഴയ നടക്കാവിലെ ബിജെപിയുടെ മുൻ ജില്ലാ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് എംജി റോഡരികിലെ മനത്ത് ലെയ്നിൽ പൊലീസ് തടഞ്ഞു.
പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മാർച്ചിനെതിരെ സിപിഎം പ്രവർത്തകരും കൂട്ടത്തോടെ സംഘടിച്ചെത്തി.
തുടർന്ന് ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ച് മുഖാമുഖം നിന്നു. സംഘർഷത്തിലും കല്ലേറിലും ബിജെപി സിറ്റി ജനറൽ സെക്രട്ടറി പി.കെ.
ബാബു, പ്രവർത്തകരായ അജിത് മൂത്തേരി, പ്രദീപ് മുക്കാട്ടുകര എന്നിവർക്കാണ് പരുക്കേറ്റത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണു വലിയ സംഘർഷം ഒഴിവായത്.
പ്രതിഷേധ യോഗം ബിജെപി സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തതിനു പിന്നാലെയായിരുന്നു കല്ലേറ്. കൂടുതൽ പൊലീസ് എത്തിയതോടെ പ്രവർത്തകർ മടങ്ങി.
സിപിഎം ഓഫിസ് പരിസരത്ത് ഒരു മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നിരുന്നു. പ്രതിഷേധ യോഗത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, കെ.ആർ.
ഹരി, വൈസ് പ്രസിഡന്റ് സൗമ്യ സലീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂർ, മണ്ഡലം പ്രസിഡന്റ് അശ്വിൻ വാരിയർ, വിൻഷി അരുൺകുമാർ, വിനോദ് പൊള്ളാഞ്ചേരി, മുരളി കോളങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]