
കാക്കുളിശേരി ∙ മേഖലയിൽ ചുരയ്ക്ക കൃഷി വീണ്ടും വ്യാപകമാകുന്നു. നേരത്തെ കച്ചവടക്കാർ വില കാണാത്തതിനെ തുടർന്നാണ് പച്ചക്കറി കർഷകർ ചുരയ്ക്ക കൃഷി ചെയ്യാൻ മടിച്ചതെങ്കിൽ ഇന്ന് ചുരയ്ക്കയ്ക്ക് ആവശ്യക്കാർ ഏറി വരികയാണെന്നു കർഷകർ പറയുന്നു.
ഇതര സംസ്ഥാനക്കാരാണ് ചുരയ്ക്കയുടെ പ്രധാന ആവശ്യക്കാർ. ‘ലൗകി’ എന്ന പേരിലാണ് അവർക്കിടയിൽ ചുരയ്ക്ക അറിയപ്പെടുന്നത്. കുറഞ്ഞ വിലയിൽ കറിയൊരുക്കാനുള്ള വിഭവം എന്ന നിലയിലാണ് ഇവർ ചുരയ്ക്ക ആവശ്യപ്പെടുന്നതെന്ന് മേഖലയിലെ കർഷകനായ പള്ളിപ്പാടൻ സേവ്യർ പറയുന്നു.
പാട്ടത്തിനെടുത്ത ഒന്നര ഏക്കർ ഭൂമിയിലാണ് ഇദ്ദേഹം ചുരയ്ക്ക കൃഷി ചെയ്തിരിക്കുന്നത്. മുൻപ് കിലോയ്ക്ക് 5 രൂപയ്ക്ക് നൽകാൻ തയാറായിട്ടും എടുക്കാൻ ആളുണ്ടായിരുന്നില്ല.
ഇപ്പോൾ കിലോയ്ക്ക് 30 രൂപയ്ക്കാണ് ചുരയ്ക്ക ഏറ്റെടുക്കന്നത്. റീട്ടെയ്ൽ വ്യാപാരികൾ കിലോയ്ക്ക് 40 മുതൽ 45 രൂപ വരെയുള്ള നിരക്കിൽ വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതും നാട്ടിൻപുറങ്ങളിലെ ചുരയ്ക്കയ്ക്കു മികച്ച വിപണി ലഭിക്കുന്നുണ്ട്.
തോട്ടങ്ങളിൽ നിന്ന് വിളവെടുക്കുന്ന ചുരയ്ക്ക ആലുവ മാർക്കറ്റിലാണ് പ്രധാനമായും ഏറ്റെടുക്കുന്നത്. ഇവിടെ നിന്ന് ഇതര സംസ്ഥാനക്കാർ താമസിക്കുന്ന പെരുമ്പാവൂർ, കാലടി മേഖലയിലേക്കും കയറ്റി വിടുന്നു. ചുരയ്ക്കയ്ക്കു പുറമേ പടവലവും കുക്കുംബറുമാണ് മേഖലയിലെ പ്രധാന കൃഷിവിളകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]