
കൊടുങ്ങല്ലൂർ ∙ തീരസുരക്ഷയുടെ ഭാഗമായി ഫിഷറീസ് ഉദ്യോഗസ്ഥർ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന നടത്തും. അഴീക്കോട് കേന്ദ്രീകരിച്ചു 14, 15 തീയതികളിലും ചേറ്റുവ മുനക്കക്കടവ് ഭാഗത്തു 16, 17 തീയതികളിലും രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ആണ് പരിശോധന.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി.സീമയുടെ നേതൃത്വത്തിൽ ജില്ലയിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഏഴു ടീമായി തിരിച്ചാണ് പരിശോധന നടത്തുന്നത്. റിയൽ ക്രാഫ്റ്റ് സോഫ്റ്റ്വെയർ വഴിയാണ് മത്സ്യബന്ധന യാനങ്ങളുടെ റജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത്.
അപകടത്തിൽപെട്ടതും കാലപ്പഴക്കം വന്നു പ്രവർത്തിക്കാത്തതുമായ യാനങ്ങൾ, മറ്റു സംസ്ഥാനങ്ങളിലേക്കു വിൽപന നടത്തിയ യാനങ്ങൾ എന്നിവ സോഫ്റ്റ്വെയറിൽ നിന്നു യഥാസമയം ഒഴിവാക്കാത്തതിനാൽ യഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ യാനമാണ് ഇപ്പോൾ കാണിക്കുന്നത്.
ഇതു വിവിധ പദ്ധതി നിർവഹണത്തിനും തീരസുരക്ഷയ്ക്കും തടസ്സമാകുന്നുതായി സുരക്ഷാ ഏജൻസികൾ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പരിശോധന. റജിസ്ട്രേഷൻ, ലൈസൻസ്, പെർമിറ്റ്, ഇൻഷുറൻസ് രേഖകൾ എന്നിവയുടെ ഒറിജിനലും ഓരോ പകർപ്പും സഹിതം യാന ഉടമകളോ അവരുടെ പ്രതിനിധികളോ ഹാജരായിരിക്കണം.
പരിശോധന നടത്തിയ യന്ത്രവൽകൃത ട്രോൾ ബോട്ടുകൾ ട്രോളിങ് നിരോധനത്തിനു ശേഷം മാത്രമേ കടലിൽ ഇറക്കാവൂ എന്നും ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]