
ജോസിന്റെ കയ്യിലുണ്ട്; നൂറുവർഷം പഴക്കമുള്ള പാഠങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒല്ലൂർ∙ നൂറുവർഷം പഴക്കമുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ ശേഖരവുമായി പുത്തൂർ സ്വദേശി. കോക്കാത്ത് ബിഎസ്എഫ് റോഡിൽ കല്ലൂക്കാരൻ ജോസ് ക്ലീറ്റസ് (55) ആണ് 1925, 1930 കാലഘട്ടത്തിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുൻപ് കേരളത്തിൽ നിലവിലുണ്ടായിരുന്ന പാഠപുസ്തകങ്ങൾ ജോസിന്റെ പൂർവികരുടേതാണ്. 6 അണ വിലയുള്ള (ഇന്നത്തെ 35 പൈസയ്ക്ക് തുല്യം) പുസ്തകങ്ങളും ഉൾപ്പെടുന്നു. 25 പാഠപുസ്തകങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മലയാളം, ഇംഗ്ലിഷ് പാഠപുസ്തകങ്ങളാണ് കൂടുതലും. ചിലത് ഇംഗ്ലണ്ടിൽ അച്ചടിച്ചതാണ്. തൃശൂർ സെന്റ് തോമസ് കോളജ്, ഒല്ലൂരിലെ സ്കൂളുകൾ എന്നിവിടങ്ങളിൽ പഠിച്ച പൂർവികർ സൂക്ഷിച്ച പുസ്തകങ്ങൾ ജോസിന്റെ മേൽനോട്ടത്തിൽ സംരക്ഷിച്ചുവരികയാണ്.
ജോസിന്റെ 17–ാം വയസ്സിൽ വായനശീലം ആരംഭിച്ചതു മുതൽ പുസ്തക ശേഖരണവും ആരംഭിച്ചിരുന്നു. നിലവിൽ 2000 പുസ്തകങ്ങൾ ഉണ്ട്. ഇതിൽ 20 രാജ്യങ്ങളിൽ നിന്നു ശേഖരിച്ചവയുമുണ്ട് . ചരിത്രം, ജീവചരിത്രം, നോവൽ, യാത്രാവിവരണം, ബാലസാഹിത്യം, ഇംഗ്ലിഷ് ഗ്രാമർ ബുക്കുകൾ, ഭൂപട വിവരണങ്ങൾ എന്നിവയാണ് ശേഖരത്തിൽ കൂടുതലും ഉള്ളത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നൽകിയ പുസ്തകങ്ങളും ശേഖരത്തിലുണ്ട്.
മനോരമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ശേഖരത്തിൽ ഉണ്ട്. 1949ൽ മനോരമ ഷഷ്ഠിപൂർത്തിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ആണ് പ്രധാനപ്പെട്ടത്. 1988ൽ നൂറാം വാർഷികത്തിലെ ശതാബ്ദി പതിപ്പും 2013ൽ 125–ാം വാർഷികത്തിൽ ഇറക്കിയ പതിപ്പും ശേഖരത്തിലുണ്ട്. ബാലരമ ഡൈജസ്റ്റ്, ട്രാവലർ പ്രസിദ്ധീകരണങ്ങളുടെ ആരംഭകാലം തൊട്ടുള്ള ശേഖരവും ഉണ്ട്. പുസ്തകങ്ങൾ കൂടാതെ പുരാവസ്തുക്കളും ശേഖരണത്തിൽ ഉണ്ട്.
100 വർഷം മുൻപ് പൂർവികർ വീട്ടിൽ ഉപയോഗിച്ചിരുന്ന കോളാമ്പി, കസേര, തുണിപ്പെട്ടി, ഉരുളി, ബ്ലേഡ് മൂർച്ച കൂട്ടുന്ന ഉപകരണം, ഭരണികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. 18–ാം നൂറ്റാണ്ടിലെ കയ്യെഴുത്ത് പ്രതികളുടെ ശേഖരവും ഇതിൽ ഉൾപ്പെടുന്നു. തൃശൂർ പോസ്റ്റ് ഓഫിസ് റോഡിൽ എക്സൽ ഗ്രാഫിക്സ് എന്ന ഡിടിപി സ്ഥാപനം നടത്തുന്ന ജോസ് യാത്രകളെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുന്നതിനു പ്രോത്സാഹനം നൽകുന്ന കെഎച്ച്ആർഎസ് സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് ജോസ്.