
പൂപ്പത്തി ∙ പൊതുമേഖലയിൽ ആദ്യമായി ചക്ക സംസ്കരണത്തിനായി ആരംഭിച്ച പൂപ്പത്തിയിലെ സംസ്കരണ ഫാക്ടറിയുടെ പോരായ്മകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യം. കേരള ബ്രാൻഡ് എന്ന രീതിയിൽ ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാകുന്ന വിധം ചക്ക വ്യാവസായികാടിസ്ഥാനത്തിൽ സംഭരിച്ച് അതിൽനിന്ന് വിവിധ ഭക്ഷ്യവസ്തുക്കൾ നിർമിച്ച് വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
ഇതിനു പുറമേ പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുമെന്ന വാഗ്ദാനവും അധികൃതർ നൽകിയിരുന്നു. മുൻ മന്ത്രി വി.കെ.രാജനാണ് പദ്ധതിക്കു തുടക്കമിട്ടത്. പഴം-പച്ചക്കറി സംസ്കരണ ശാല എന്നായിരുന്നു തുടക്കത്തെ ആശയം.
28 വർഷം മുൻപ് അന്നത്തെ കൃഷിമന്ത്രിയായിരുന്ന കൃഷ്ണൻ കണിയാംപറമ്പിലാണ് ശിലാസ്ഥാപനം നിർവഹിച്ചത്.
പിന്നീട് വർഷങ്ങളോളം സ്ഥലം കാടുപിടിച്ചു കിടന്നു. 2016ൽ അഗ്രോ ഫുഡ് പാർക്കിന്റെ ചക്ക സംസ്കരണ-മൂല്യ വർധിത ഉൽപാദന കേന്ദ്രം എന്ന ആശയത്തിൽ പ്രവർത്തനോദ്ഘാടനം നടത്തി. 2018ൽ അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറാണ് ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവിലാണ് ഫാക്ടറിയും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെയുള്ള സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.
ചക്കപ്പായസം, ചക്ക കൊണ്ടാട്ടം, ചക്ക ചമന്തിപ്പൊടി, പൾപ്പ്, ജാക്ക് ഫ്രൂട്ട് ബാർ, ചക്ക ഹൽവ, ജാം, ചക്കക്കുരു ഉൽപന്നങ്ങൾ, ചക്കമടൽ അച്ചാർ, മിഠായികൾ എന്നിവ നിർമിക്കാനാണ് ഫാക്ടറി സ്ഥാപിച്ചതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ചക്കമടൽ കൊണ്ടുള്ള കാലിത്തീറ്റ നിർമാണത്തിനും പദ്ധതിയുണ്ടായിരുന്നു. ഇതിനു പുറമേ മരച്ചീനിയും വാഴപ്പഴവും ഇതേ രീതിയിൽ ഭക്ഷ്യ ഉൽപന്നമാക്കാനും തീരുമാനിച്ചിരുന്നു. ഭീമമായ തുകയുടെ വിറ്റുവരവാണ് പ്രതീക്ഷിച്ചതെങ്കിലും ഫലം കണ്ടില്ല.
സാമ്പത്തിക പ്രതിസന്ധിയും യന്ത്രങ്ങൾക്ക് ഇടവിട്ടുണ്ടായ തകരാറും ചക്കയുടെ സംഭരണത്തിൽ വന്ന വീഴ്ചകളും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിർദേശങ്ങളും ചൂണ്ടിക്കാട്ടി 2022 ഏപ്രിലിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഫാക്ടറി അടച്ചിടാൻ നിർദേശം നൽകി. ഫാക്ടറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനു വീഴ്ച സംഭവിച്ചതാണ് സ്ഥാപനത്തിന്റെ നിലവിലുള്ള അവസ്ഥയ്ക്കു കാരണമെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. സ്ഥാപനം അടച്ചിട്ടതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായി.
തൊഴിൽ പ്രതീക്ഷയിൽ കാത്തിരുന്നവരും നിരാശരായി.
സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുവാൻ വി.ആർ.സുനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഒട്ടേറെ ശ്രമങ്ങൾ നടത്തിയിരുന്നു. 500 കിലോഗ്രാം ശേഷിയുള്ള ഡ്രയർ വേണ്ടിടത്ത് കേവലം 20 കിലോഗ്രാം ശേഷിയുള്ളതാണ് ഇവിടെയുണ്ടായിരുന്നത്. ചൂട് നിയന്ത്രണ സംവിധാനം, വർക്ക് ഏരിയ, സംഭരണത്തിനുള്ള സൗകര്യം, ജനറേറ്റർ എന്നിവയുടെ അപര്യാപ്തത പ്രവർത്തനത്തെ ബാധിച്ചു. ഫാക്ടറി ഇപ്പോൾ കാടുകയറിയ നിലയിലാണ്.
ഉപകരണങ്ങൾ നശിച്ചുതുടങ്ങുന്നതിനു മുൻപായി സ്ഥാപനം തുറന്നുപ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]