
മേലൂർ ∙ പരിയാരം – മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു നിർമിക്കുമെന്നു പ്രഖ്യാപിച്ച കുന്നപ്പിള്ളി-കാഞ്ഞിരപ്പിള്ളി പാലത്തിനു വേണ്ടി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. ചാലക്കുടി പുഴയിൽ നിർമിക്കുവാൻ ഉദ്ദേശിക്കുന്ന പാലത്തിനുള്ള ഭരണാനുമതി വർഷങ്ങൾക്കു മുൻപേ ലഭിച്ചെങ്കിലും സാങ്കേതിക അനുമതി അടക്കമുള്ള നടപടികൾ വൈകുകയാണ്. കിഫ്ബി ഫണ്ടിൽ നിന്നുള്ള 10.28 കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന പാലത്തിനായി 2022ൽ പദ്ധതിരേഖ സമർപ്പിച്ചിരുന്നു.
സ്ഥലം വിട്ടു നൽകുന്നതു സംബന്ധിച്ചു ചില പ്രാദേശിക അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി.
2016-17 വർഷത്തെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണു പാലത്തിനുള്ള തുക അനുവദിച്ചത്. എന്നാൽ ആദ്യം പാലം നിർമിക്കാൻ നിശ്ചയിച്ച എടത്രക്കാവ് ക്ഷേത്രം ഭാഗത്തു പുഴയ്ക്കു മുകളിലൂടെ ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നതിനാൽ അനുമതി ലഭിച്ചില്ല.
തുടർന്നാണു പാലം ഒരു കിലോമീറ്റർ ദൂരെയുള്ള കുന്നപ്പിള്ളിയിലേക്കു മാറ്റിയത്. തുടർന്നു സർവേ നടപടികളും മണ്ണു പരിശോധനയും പൂർത്തിയാക്കി. പാലത്തിന്റെ കാഞ്ഞിരപ്പിള്ളി ഭാഗത്തു 2023ൽ കിഫ്ബി അഡീഷനൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന നടത്തിയിരുന്നു.
ടെൻഡറും പാലത്തിനും അനുബന്ധ റോഡിനും വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും ഇനിയും പൂർത്തീകരിക്കണം.
കാഞ്ഞിരപ്പിള്ളി ഭാഗത്തു ചാലക്കുടി – ആനമല അന്തർസംസ്ഥാന പാതയെയും കുന്നപ്പിള്ളി ഭാഗത്ത് മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡിനെയും ബന്ധിപ്പിച്ചാണു പാലം നിർമിക്കാൻ പദ്ധതിയിട്ടത്. ടൂറിസം മേഖലകളായ ഏഴാറ്റുമുഖം, അതിരപ്പിള്ളി ഭാഗങ്ങളിലേക്ക് ഇരുവശങ്ങളിലൂടെയും എളുപ്പമെത്താനാകും. അതുപോലെ എറണാകുളം ഭാഗത്തുനിന്നുള്ളവർക്കു പരിയാരം അടക്കമുള്ള മലയോര ഗ്രാമങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും കഴിയും. പാലം വന്നാൽ മേലൂർ, പരിയാരം പഞ്ചായത്ത് പ്രദേശങ്ങളുടെയും തുമ്പൂർമുഴി, വിരിപ്പാറ, അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, മലക്കപ്പാറ ടൂറിസം മേഖലകളുടെയും വൻ വികസനക്കുതിപ്പിനും വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]