
തൃശൂർ ∙ ‘എന്റെ പിഴയല്ല, എന്നിട്ടും എനിക്കു ലഭിക്കുന്നതു വലിയ പിഴ..’ മാസങ്ങളായി മോട്ടർ വാഹന വകുപ്പ് ഓഫിസുകളിലും പൊലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങി ഉവൈസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ കാര്യമാണ്. തന്റെ പേരിലുള്ള സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പറുമായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മറ്റൊരു സ്കൂട്ടർ കറങ്ങി നടക്കുന്നുണ്ടെന്നും സ്ഥിരമായി എഐ ക്യാമറകൾക്കു മുന്നിൽ അഭ്യാസം കാണിച്ചു മനഃപൂർവം പിഴ വാങ്ങിക്കൂട്ടുന്നുണ്ടെന്നുമാണ് ഉവൈസിന്റെ പരാതി.
ഹെൽമറ്റില്ലാതെ ക്യാമറയ്ക്കു മുന്നിൽ വിരലുയർത്തി വിജയ ചിഹ്നം കാണിച്ചതടക്കം ‘അജ്ഞാതരുടെ’ തമാശകൾക്ക് ഉവൈസിന്റെ വീട്ടിലെത്തിയത് 27 നോട്ടിസുകളിലായി 27,000 രൂപയുടെ പിഴ!
വടക്കാഞ്ചേരി വരവൂർ തളി പാടത്തുപീടികയിൽ ഉവൈസ് ഗൾഫിലാണു ജോലി ചെയ്യുന്നത്. ഒന്നര വർഷം മുൻപാണു സെക്കൻഡ് ഹാൻഡ് സ്കൂട്ടർ വാങ്ങുന്നത്.
ഒന്നു രണ്ടു തവണ പാലക്കാട്ടേക്കു യാത്ര ചെയ്തതൊഴിച്ചാൽ സ്കൂട്ടർ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് ഒരുവട്ടം പോലും പ്രവേശിച്ചിട്ടില്ലെന്ന് ഉവൈസ് പറയുന്നു. പക്ഷേ, ഒരു വർഷം മുൻപു തളിയിലെ വീട്ടുവിലാസത്തിലേക്കു പിഴയടയ്ക്കാൻ നോട്ടിസുകൾ വന്നു തുടങ്ങി. ഒരു സ്ത്രീയും പുരുഷനും ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നതായിരുന്നു ആദ്യ നോട്ടിസുകളിലെ എഐ ക്യാമറ പകർത്തിയ ദൃശ്യം.
പിന്നീടു ചില ചെറുപ്പക്കാർ പോകുന്നതായി.
ഹെൽമറ്റ് ഇല്ല എന്നതാണ് പൊതുവായ സവിശേഷത. ക്യാമറയ്ക്കു നേരെ ‘തംസ് അപ്’ ചിഹ്നം, വിജയച്ചിഹ്നം എന്നിവ കാണിക്കുന്നതും ചില ദൃശ്യങ്ങളിൽ കാണാം. രണ്ടു സ്കൂട്ടറും ഒരേ ബ്രാൻഡിന്റെ ഒരേ നിറത്തിലുള്ളതാണെങ്കിലും തന്റെ വണ്ടിക്കു ഗ്രിൽ, മിറർ എന്നിവ വ്യത്യസ്തമാണെന്ന് ഉവൈസ് കണ്ടെത്തി.
മറ്റാരോ തന്റെ വണ്ടിയുടെ നമ്പർ ഉപയോഗിക്കുന്നുവെന്ന തിരിച്ചറവ് അങ്ങനെയാണുണ്ടായത്. രാമനാട്ടുകര, ഫറോക്ക് തുടങ്ങി മലപ്പുറം – കോഴിക്കോട് ജില്ലാതിർത്തിയിലാണു സ്കൂട്ടർ കറങ്ങുന്നതെന്നു നോട്ടിസുകളിൽ നിന്നു വ്യക്തമായി.
ഈ മേഖലയിലെ മോട്ടർ വാഹന ഓഫിസുകളിലും പൊലീസിലും ഉവൈസ് നേരിട്ടുപോയി പരാതി നൽകി.
എന്നാൽ, വ്യാജ നമ്പറുകാരനെ പിടിക്കേണ്ടതു തന്റെ ഉത്തരവാദിത്തമാണെന്ന മറുപടിയാണു ലഭിച്ചതെന്ന് ഉവൈസ് പറയുന്നു. ഇതോടെ അന്വേഷണം വഴിമുട്ടി.
പിഴയടച്ചാലും നോട്ടിസ് പലയിടത്തു നിന്നു വന്നുകൊണ്ടേയിരിക്കുമെന്നു മനസ്സിലായതോടെ പിഴ അടയ്ക്കാതെ നിയമപോരാട്ടം തുടങ്ങി. വണ്ടി കരിമ്പട്ടികയിൽപെട്ടിരിക്കാം എന്ന സൂചനയിൽ ഒരുവർഷമായി ഉവൈസ് തന്റെ സ്കൂട്ടർ വീട്ടിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]