കൊരട്ടി ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ച ഒരാഴ്ചത്തെ സമയപരിധിക്കുള്ളിൽ കാര്യമായ പരിഹാരനടപടികൾക്കു സാധ്യതയില്ല. അടിപ്പാത നിർമാണത്തിനായി ദേശീയപാത അടച്ചു കെട്ടിയ ഭാഗങ്ങളിൽ സർവീസ് റോഡുകളിൽ സജ്ജമാക്കിയ ബദൽ റോഡുകളിലൂടെയാണു വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഈ റോഡുകൾ പാടേ തകർന്നു കിടക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായി തുടരുകയാണ്.
മുരിങ്ങൂർ, കൊരട്ടി, പെരുമ്പി, ചിറങ്ങര എന്നീ ഭാഗങ്ങളിൽ റോഡിൽ കുഴികൾ ഒട്ടേറെയാണ്.
കരാർ കമ്പനി കരിങ്കൽച്ചീളുകളും പാറമട അവശിഷ്ടവും ഇട്ടു കുഴികൾ പരിഹരിക്കാൻ ശ്രമിക്കുമ്പോഴും ഒറ്റ മഴയിൽ വീണ്ടും കുഴികൾ രൂപപ്പെടുകയാണ്. റീ ടാറിങ് ആണു പരിഹാരമെന്നു ദേശീയപാത അതോറിറ്റി അധികൃതർ തന്നെ പറയുന്നു.
കലക്ടറുടെ സന്ദർശന സമയത്തും ഈ നിർദേശം ഉയർന്നിരുന്നു. എന്നാൽ മഴ തുടരുന്നതിനാൽ അതിനു സാധിക്കുന്നില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം.
ജോലികൾക്കായി പ്ലാന്റ് സജ്ജമാക്കിയിട്ടുണ്ടെന്നും മഴയുള്ളതിനാൽ ജോലി ആരംഭിക്കാനാകുന്നില്ലെന്നും അതോറിറ്റി അധികൃതർ അറിയിച്ചു.
അപകടങ്ങൾ പതിവായ പെരുമ്പിയിൽ ദേശീയപാതയിൽ ടാറിങ് മുഴച്ചു പൊന്തിയ നിലയിലാണ്. ഇതു നീക്കം ചെയ്യാൻ നിർദേശം ഉയർന്നിട്ടു നാളേറെയായെങ്കിലും നടപടികൾ ആരംഭിച്ചില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന സമാന്തര പാതകളും വൻ തോതിൽ തകർന്ന നിലയിലാണ്. കൊരട്ടിയിലും മുരിങ്ങൂരിലും ചിറങ്ങരയിലും ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയ്നേജ് സംവിധാനത്തിന്റെ നിർമാണവും പൂർത്തിയാക്കിയിട്ടില്ല. പല ഭാഗത്തും ഡ്രെയ്നേജിനു മുകളിലെ സ്ലാബുകൾ ഇപ്പോഴും തകരുകയാണ്.
ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഇന്നലെയും തുടർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]