ഇരിങ്ങാലക്കുട ∙ തൃശൂർ കൊടുങ്ങല്ലൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഠാണാ മുതൽ പൂതംകുളം വരെയുള്ള ഭാഗത്തെ റോഡ് പൊളിക്കൽ ആരംഭിച്ചു.
മുന്നറിയിപ്പില്ലാതെ റോഡ് പൂർണമായും അടച്ചുകെട്ടി നിർമാണ പ്രവൃത്തികൾ ആരംഭിച്ചത് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിയ രോഗികളെ വലച്ചു. ദ്രുതഗതിയിൽ പുരോഗമിക്കുന്ന ഠാണ ചന്തക്കുന്ന് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൂതംകുളം വരെയുള്ള ഭാഗത്ത് പണികൾ ആരംഭിക്കുന്നതായി അറിയിപ്പ് ഉണ്ടായിരുന്നില്ല.
ജനറൽ ആശുപത്രിയിൽ ആഴ്ചകൾക്ക് മുൻപ് ഉദ്ഘാടനം കഴിഞ്ഞ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.
ഇവിടേക്കുള്ള വാഹനങ്ങൾ എത്തുന്നത് ഈ റോഡിലൂടെയാണ്. ഇന്നലെ രാവിലെ മുതൽ റോഡ് അടച്ചുകെട്ടിയതോടെ രോഗികളുമായി എത്തിയ വാഹനങ്ങൾ പലതും മെറീന ആശുപത്രി റോഡിലൂടെ ചുറ്റിത്തിരിഞ്ഞ് അത്യാഹിത വിഭാഗത്തിലേക്ക് എത്തേണ്ട
അവസ്ഥയായിരുന്നു.
അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തിയ വാഹനങ്ങൾക്ക് ഈ റോഡിലൂടെ കടന്നു പോകാൻ തൊഴിലാളികൾ ബാരിക്കേഡ് മാറ്റി നൽകുകയായിരുന്നു. പിന്നീട് വൈകിട്ടോടെ റോഡ് ഭാഗികമായി തുറന്ന് നൽകി.
അത്യാഹിത വിഭാഗത്തിലേക്ക് എത്താനുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സംവിധാനം ഒരുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി.ശിവദാസ് പറഞ്ഞു. നിലവിൽ ചാലക്കുടി റോഡിൽ നിന്നു മെറീന ആശുപത്രി റോഡിലൂടെയാണ് വാഹനങ്ങൾ എത്തുന്നത്.
ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു.
എന്നാൽ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിന്റെ ജോലികളിൽ ഏർപ്പെട്ടതിനാൽ കരാർ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കവാടം തുറന്നുനൽകാൻ സമയമെടുക്കുമെന്നും സൂപ്രണ്ട് ഡോ.എം.ജി.ശിവദാസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

