തൃശൂർ ∙ പതിനഞ്ചു തുന്നലിട്ട ഇടത്തേ ചൂണ്ടുവിരലിൽ പ്ലാസ്റ്ററുമായെത്തിയ യുവതിയെ നാലേമുക്കാൽ മണിക്കൂർ വോട്ട് ചെയ്യാൻ അനുവദിക്കാതെ പ്രിസൈഡിങ് ഓഫിസർ.
കൂർക്കഞ്ചേരി ശ്രീബോധാനന്ദ സ്മാരക എൽപി സ്കൂളിലെ 205–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കണ്ണംകുളങ്ങര പെരിങ്ങത്ര വീട്ടിൽ അക്ഷയ പി.സന്തോഷിനാണ് (27) ദുരനുഭവം നേരിടേണ്ടിവന്നത്. പ്ലാസ്റ്റർ ഊരി മുറിവു കാണിച്ചുകൊടുക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ വാദം.
റിട്ടേണിങ് ഓഫിസറും എഡിഎമ്മും സംഘർഷ സ്ഥലത്തെത്തി നിർദേശിച്ചിട്ടും വഴങ്ങാത്ത പ്രിസൈഡിങ് ഓഫിസർ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ ഖേൽക്കറിന്റെ രേഖാമൂലമുള്ള നിർദേശം വന്ന ശേഷം മാത്രമാണു വോട്ട് ചെയ്യാൻ അനുവദിച്ചത്. പ്രിസൈഡിങ് ഓഫിസറുടെ നടപടിയിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ കലക്ടറോട് വിശദീകരണം ചോദിച്ചു.
നാലു വയസ്സുള്ള മകൾ ഋത്വിയെയും കൂട്ടി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അക്ഷയ അച്ഛൻ സന്തോഷിനൊപ്പം പോളിങ് ബൂത്തിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മിക്സിക്കുള്ളിൽപെട്ട് ഇടതുകയ്യിലെ ചൂണ്ടുവിരലിൽ ഗുരുതര മുറിവേറ്റിരുന്നു.
ഊഴം കാത്തിരുന്ന ശേഷം ബൂത്തിലേക്കു കയറിയ ഉടനെ അക്ഷയയുടെ ചൂണ്ടുവിരലിലെ പ്ലാസ്റ്റർ കണ്ടു പ്രിസൈഡിങ് ഓഫിസർ ജി.മഞ്ജു എതിർപ്പുന്നയിച്ചു. നേരത്തെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, മൂടിയ വിരൽ അഴിച്ചു കാണാതെ എങ്ങനെ വോട്ട് ചെയ്യിപ്പിക്കും എന്നായിരുന്നു നിലപാട്.
തെളിവ് ചോദിച്ചതനുസരിച്ച് അച്ഛൻ വീട്ടിൽ പോയി മുറിവിന്റെ എക്സ് റേ എടുത്തു തിരികെ വന്നു. എക്സ് റേ കണ്ട് തീരുമാനമെടുക്കാനുള്ള സാങ്കേതിക ജ്ഞാനം തനിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ മറുപടി.
പോളിങ് സ്റ്റേഷനിലെ സഹ ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും വോട്ട് ചെയ്യിപ്പിക്കാൻ അനുകൂല നിലപാടെടുത്തിട്ടും ഇവർ തീരുമാനം മാറ്റാൻ തയാറായില്ലെന്ന് അക്ഷയ പറഞ്ഞു.
കാര്യമറിഞ്ഞെത്തിയ ഇടതുനേതാക്കളും ഉദ്യോഗസ്ഥർക്കു സംരക്ഷണമൊരുക്കാൻ പൊലീസ് സന്നാഹവും പോളിങ് സ്റ്റേഷനിൽ നിറഞ്ഞതോടെ സംഘർഷ അന്തരീക്ഷമായി. വോട്ടിങ്ങിന് അനുകൂലമായി കലക്ടർ വാക്കാൽ നിർദേശിച്ചെങ്കിലും തിരഞ്ഞെടുപ്പു ചട്ടം പറഞ്ഞ് പ്രിസൈഡിങ് ഓഫിസർ വോട്ടിങ് നിഷേധിച്ചു.
ഇത്രയും സമയം അക്ഷയ ബൂത്തിന് അകത്തു തന്നെ കാത്തിരിക്കുകയായിരുന്നു. സമയം തീരാറായതോടെ ഇടതു നേതാക്കളും പ്രവർത്തകരും വോട്ട് ചെയ്യിപ്പിക്കാതെ പ്രിസൈഡിങ് ഓഫിസറെ പുറത്തിറക്കില്ലെന്ന് അറിയിച്ചു.
ഇതിനിടെ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്കു നിർദേശം നൽകിയതിനെ തുടർന്ന് അക്ഷയയുടെ മുറിവു പരിശോധിക്കാൻ എത്തിയ ഡോക്ടറെ ബൂത്തിന് അകത്തേക്കു പ്രവേശിപ്പിക്കാതിരുന്നത് നേതാക്കളെ ചൊടിപ്പിച്ചു. പ്രകോപിതരായ നേതാക്കളെ തടഞ്ഞുനിർത്താൻ പൊലീസ് പാടുപെട്ടു.
‘‘വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
അതിലേറെ അഭിമാനവും തോന്നുന്നു. ജനാധിപത്യാവകാശം വിനിയോഗിക്കാൻ എത്തുന്ന ആർക്കും ഭാവിയിൽ ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ.
ഞാനും പുറത്ത് എന്നെ കാത്തുനിന്ന നാലുവയസ്സുള്ള മകളും അച്ഛനും ഭക്ഷണം പോലും കഴിക്കാതെയാണ് ഇരുന്നത്. എന്റെ അവസ്ഥ കണ്ട് വോട്ട് ചെയ്യിക്കാമെന്ന് സഹ ഉദ്യോഗസ്ഥർ അനുകൂലിച്ചിട്ടും പ്രിസൈഡിങ് ഓഫിസർ വോട്ടിങ് സമയം അവസാനിക്കും വരെയും വോട്ട് ചെയ്യിക്കില്ലെന്ന ഉറച്ച നിലപാടിൽ തുടരുകയായിരുന്നു.’’
അക്ഷയ പി.സന്തോഷ്
കാര്യങ്ങൾ വലിയ സംഘർഷത്തിലേക്കു നീങ്ങുന്നതിനിടെ റിട്ടേണിങ് ഓഫിസർ വിനോദ് രാജ്, എഡിഎം എം.മനോജ് എന്നിവർ ബൂത്തിലേക്ക് എത്തുകയും മുഖ്യ തിരഞ്ഞെടുപ്പു ഓഫിസറുടെ നിർദേശം പ്രിസൈഡിങ് ഓഫിസറെ ധരിപ്പിക്കുകയും ചെയ്തെങ്കിലും രേഖാമൂലമുള്ള അറിയിപ്പു ലഭിക്കാതെ നടപടി കൈക്കൊള്ളാനാകില്ലെന്ന നിലപാട് തുടർന്നു.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.പി.ശ്രീദേവിയും ഇവിടെയെത്തി. ബൂത്തിനകത്തെ ദൃശ്യങ്ങൾ പകർത്തുന്നതു തടയാൻ ശ്രമിച്ച പൊലീസും ദൃശ്യമാധ്യമ പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി.
സത്യവാങ്മൂലം എഴുതി വാങ്ങി വോട്ട് ചെയ്യിപ്പിക്കാമെന്ന മുഖ്യ തിരഞ്ഞെടുപ്പു ഓഫിസർ ഡോ.രത്തൻ ഖേൽക്കറിന്റെ രേഖാമൂലമുള്ള നിർദേശം എഡിഎമ്മും റിട്ടേണിങ് ഓഫിസറും മൊബൈലിൽ കാണിച്ച ശേഷമാണ് പ്രിസൈഡിങ് ഓഫിസർ അക്ഷയയ്ക്കു വോട്ട് ചെയ്യാൻ അനുമതി നൽകിയത്. പ്രതിഷേധക്കാരുടെ കരഘോഷത്തിനിടെ അക്ഷയയുടെ മുറിവേറ്റ അതേ വിരലിൽ പ്ലാസ്റ്ററിനു താഴെയായി 6.15നു മഷിപുരണ്ടു.
വോട്ട് ചെയ്തേ മടങ്ങൂവെന്ന അക്ഷയയുടെ നിശ്ചയദാർഢ്യവും അമ്മ വോട്ട് ചെയ്ത് തിരികെ വരും വരെ അച്ചാച്ചന്റെ തോളിൽ ശാന്തമായി കാത്തിരുന്ന നാലുവയസ്സുകാരി ഋത്വിയുടെ സമചിത്തതയും ഒരുപോലെ വിജയിച്ചു.
‘പ്രിസൈഡിങ് ഓഫിസർക്ക് എതിരെ നടപടി എടുക്കണം’
തൃശൂർ ∙ കൂർക്കഞ്ചേരി ശ്രീ ബോധാനന്ദ സ്മാരക എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ വോട്ടർ അക്ഷയ പി.സന്തോഷിന് നാലേമുക്കാൽ മണിക്കൂർ കാത്തിരിക്കേണ്ടി വന്ന സംഭവത്തിൽ പ്രിസൈഡിങ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.ബി.സുമേഷ് വരണാധികാരിക്ക് പരാതി നൽകി. കുഞ്ഞുമായെത്തിയ അക്ഷയയെ കാത്തുനിർത്തിയത് ബാലാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പരാതിയിൽ പറയുന്നു.
കലക്ടർ, എഡിഎം എന്നിവർക്കും പരാതി അയച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

