തൃശൂർ∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദ്രോഗി ചികിത്സ കിട്ടാതെ മരിച്ച വിഷയം ചർച്ചയാകുമ്പോൾ മുളങ്കുന്നത്തുകാവിലെ തൃശൂർ ഗവ. മെഡിക്കൽ കോളജിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
അഡ്മിറ്റ് ചെയ്ത രോഗിക്കാണ് തിരുവനന്തപുരത്ത് ചികിത്സ ലഭിക്കാതിരുന്നതെങ്കിൽ തൃശൂരിൽ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന ഹൃദ്രോഗികളെ അഡ്മിറ്റ് ചെയ്യാറുപോലുമില്ലെന്നതാണ് സത്യം. നെഞ്ചുവേദനയുമായി എത്തുന്ന രോഗികൾ മെഡിക്കൽ കോളജിൽ നിന്ന് അടിയന്തര ചികിത്സ പ്രതീക്ഷിച്ചാൽ ജീവൻ അപകടത്തിലാകുമെന്നതാണ് അവസ്ഥ. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതുകൊണ്ടാണ് കാർഡിയോളജി വിഭാഗത്തിൽ നേരിട്ട് രോഗികളെ പ്രവേശിപ്പിക്കാത്തതെന്നാണ് കാലങ്ങളായുള്ള അധികൃതരുടെ വാദം.
കഴിഞ്ഞമാസം വടക്കാഞ്ചേരിയിൽ നിന്ന് രാവിലെ 6ന് നെഞ്ചുവേദനയുമായി എത്തിച്ച രോഗിക്ക് ഒരു മണിക്കൂറിനു ശേഷവും കാര്യമായ ചികിത്സ ലഭിക്കാതെ വന്നു.
ഇതോടെ ഒപ്പമുള്ളവർ ടൗണിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയതിനാൽ മാത്രം ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. വെളുപ്പിന് 3ന് മെഡിക്കൽ കോളജിൽ എത്തിച്ച മറ്റൊരു രോഗിക്കും സമാനമായി അനുഭവമുണ്ടായി.
ഒടുവിൽ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്താണ് ജീവൻ രക്ഷിച്ചത്.
മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്ത് എത്തുന്ന ഹൃദ്രോഗികളെ പോലും ഇവിടെ ചികിത്സിക്കാൻ കഴിയുന്നില്ല. കടുത്ത വേദനയുമായി എത്തുന്നവരെ ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കും.
അവിടെ മെഡിസിൻ വിഭാഗത്തിലെ പിജി ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം മരുന്ന് നൽകി വാർഡിലേക്കോ ഐസിയുവിലേക്കോ മാറ്റും. ഇസിജി വേരിയേഷനോ മറ്റോ കണ്ടെത്തി അത് കാർഡിയോ വിഭാഗത്തിൽ അറിയിച്ച് ഡോക്ടർമാർ എത്തി പരിശോധിക്കണമെങ്കിൽ പിന്നെയും താമസമുണ്ട്.
ചിലപ്പോൾ ദിവസങ്ങൾ വരെ എടുക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. ഈ സമയമെല്ലാം തരണം ചെയ്യാനുള്ള ഭാഗ്യം രോഗിക്ക് ഉണ്ടെങ്കിൽ മാത്രം ജീവൻ തിരിച്ചുകിട്ടും.
തിങ്കളാഴ്ചയും ബുധനാഴ്ചയുമുള്ള ഹൃദ്രോഗ വിഭാഗത്തിന്റെ ഒപിയിൽ എത്തി ഡോക്ടർമാരെ കാണുന്ന താരതമ്യേന ഗുരുതരാവസ്ഥ കുറഞ്ഞ രോഗികൾക്ക് മാത്രമാണ് തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് കൃത്യമായ ചികിത്സ ലഭിക്കുന്നത്.
തുടങ്ങി 40 വർഷം പിന്നിടുകയും സ്വന്തമായി കാർഡിയോളജി ഡിപ്പാർട്മെന്റ് ആരംഭിക്കുകയും ചെയ്ത മെഡിക്കൽ കോളജിലാണ് ഈ അവസ്ഥ. കുറഞ്ഞത് മറ്റ് ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് എത്തുന്ന രോഗികളെയെങ്കിലും കാർഡിയോളജിയിൽ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്കെങ്കിലും 24 മണിക്കൂറും ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. സ്വകാര്യ ആശുപത്രികളിൽ വൻ ചെലവ് വരുന്ന ഹൃദയ ചികിത്സ സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ല.
തൃശൂരിന് പുറമേ പാലക്കാട് ജില്ലയിൽ നിന്നും രോഗികൾ എത്തുന്നത് സർക്കാർ മെഡിക്കൽ കോളജിലേക്കാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

