
മേലൂരിലെ മിന്നൽച്ചുഴലി: 36 ലക്ഷത്തിന്റെ നഷ്ടം
മേലൂർ ∙ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഞായറാഴ്ചയുണ്ടായ മിന്നൽച്ചുഴലിയിൽ 36 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി സ്ഥലം സന്ദർശിച്ച ചാലക്കുടി തഹസിൽദാർ കെ.എ.ജേക്കബ് അറിയിച്ചു. കാറ്റിൽ മരം വീണു 13 വീടുകൾ ഭാഗികമായി തകർന്നു. 52 പേരുടെ കാർഷിക വിളകൾ നശിച്ചു. 590 വാഴകൾ നശിച്ചു. 46 തെങ്ങുകളും 319 കവുങ്ങുകളും കടപുഴകി വീണു. ജാതി, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളും വ്യാപകമായി നശിച്ചു. കാർഷിക വിളകൾ നശിച്ചതിന് 33 ലക്ഷം രൂപയുടെയും വീടുകളുടെ നാശത്തിനു 3 ലക്ഷം രൂപയുടെയും നഷ്ടമുണ്ടെന്നാണു പ്രാഥമിക വിവരം.
മരങ്ങൾ വീണും വൈദ്യുത പോസ്റ്റുകൾ മറിഞ്ഞും വൈദ്യുത ലൈനുകൾ പൊട്ടിയും വൻ നാശമുണ്ടായി. മരങ്ങൾ വീണതോടെ റോഡ് ഗതാഗതം പല ഭാഗത്തും തടസ്സപ്പെട്ടെങ്കിലും തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മുള്ളൻപാറ–പന്തൽപാടം, പിണ്ടാണി കരിങ്ങാമ്പിള്ളി, കല്ലുത്തി കനാൽബണ്ട് റോഡുകളിലാണു മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടത്.ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ജനപ്രതിനിധികളും നാട്ടുകാരും മരങ്ങൾ വെട്ടി മാറ്റാൻ സഹായിച്ചു .
കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും ഞായറാഴ്ച രാത്രിയും ഇന്നലെ പകലും വൈദ്യുതി പുനഃസ്ഥാപിക്കാനായി വലിയ ശ്രമങ്ങളാണു നടത്തിയത്. പല ഭാഗത്തും ഇന്നലെ രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല.പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, തഹസിൽദാർ കെ.എ.ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, വില്ലേജ് ഓഫിസർ എം.എൻ.സിന്ധു, പഞ്ചായത്ത് അംഗങ്ങളായ സതി ബാബു, വിക്ടോറിയ ഡേവിസ്, വാസന്തി ചന്ദ്രൻ, ജാൻസി പൗലോസ്, താലൂക്ക് ജീവനക്കാരായ മുഹമ്മദ് സുഹൈൽ, നവനീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥിതി വിലയിരുത്തി.
സേവനവുമായി കോൺഗ്രസ്, സേവാദൾ
മേലൂർ ∙ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ട ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകരും സേവാദൾ പ്രവർത്തകരും നാട്ടുകാർക്കൊപ്പം സേവനപ്രവർത്തനങ്ങൾ നടത്തി. സേവാദൾ മണ്ഡലം പ്രസിഡന്റ് ലിൻസൻ ആന്റണി, ബൂത്ത് പ്രസിഡന്റ് മാർട്ടിൻ മേച്ചേരി, മണ്ഡലം കമ്മിറ്റി അംഗം പി.ഐ.സെബാസ്റ്റ്യൻ, ചാക്കുണ്ണി മേച്ചേരി, എം.ജെ.തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]