
ശൃംഗപുരത്ത് വൈദ്യുതി വല്ലപ്പോഴും, വന്നാൽ വോൾട്ടേജ് ഇല്ല; ട്രാൻസ്ഫോമറിൽ പൊട്ടലും ചീറ്റലും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ കെഎസ്ഇബി ശൃംഗപുരം സെക്ഷനു കീഴിലെ വൈദ്യുതി വിതരണത്തിലെ അപാകത പരിഹരിക്കാനാകുന്നില്ല. ലൈനിൽ എറിയാട് ഓല വീണാൽപ്പോലും ശൃംഗപുരം സെക്ഷനിലെ പടാകുളം, കാട്ടാകുളം മേഖലയിലുള്ള ഉപയോക്താക്കളാണ് ദുരിതം അനുഭവിക്കുന്നത്. ദിവസവും പല തവണ വൈദ്യുതി തടസ്സപ്പെടും. വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്. കൊടുങ്ങല്ലൂർ സബ് സ്റ്റേഷനിൽ നിന്നു അഴീക്കോട് 11 കെവി ഫീഡർ മുഖേന എറിയാട് സെക്ഷൻ പ്രദേശത്തേക്കു വൈദ്യുതി വിതരണം ചെയ്യുന്നതാണ് പ്രതിസന്ധിക്കു കാരണം.
എറിയാട് പ്രദേശത്തേക്കു വൈദ്യുതി വിതരണം ചെയ്യുന്നത് അഞ്ചങ്ങാടി സബ് സ്റ്റേഷനിൽ നിന്നാണ്. വേനൽക്കാലം കടുത്തതോടെ വൈദ്യുതി ഉപയോഗത്തിൽ വർധനയായി. ഇതോടെ അഞ്ചങ്ങാടി സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി മാത്രം എറിയാട്ടേക്ക് പോരാതെയായി. ഇതോടെ അഴീക്കോട് ഫീഡറിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കാൻ തുടങ്ങി. ആനാപ്പുഴ കക്കമാടൻ തുരുത്തിലും വൈദ്യുതി വിതരണം പ്രതിസന്ധിയുണ്ട്. വോൾട്ടേജ് ക്ഷാമത്തിനു പുറമേ അടിക്കടി വൈദ്യുതി തടസ്സപ്പെടുന്നതു പതിവാണ്.അമിത വൈദ്യുത പ്രവാഹം, വൈദ്യുതി ലൈനിലേക്കു മരക്കൊമ്പുകൾ വീഴുമ്പോഴും മറ്റു അപകടങ്ങൾക്കിടെയും വൈദ്യുതി വിതരണം തടസ്സപ്പെടാറുണ്ട്. വൈദ്യുത കമ്പികളിലേക്കു ചാഞ്ഞു കിടക്കുന്ന മരങ്ങളും വൈദ്യുതി പോസ്റ്റിൽ പടർന്ന ചെടികളും കൃത്യമായി വെട്ടി മാറ്റാത്തതും പ്രശ്നമാണ്.
ട്രാൻസ്ഫോമറിൽ പൊട്ടലും ചീറ്റലും
കൊടുങ്ങല്ലൂർ ∙ പടാകുളം ഉൗഴവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തെ ട്രാൻസ്ഫോമറിൽ പൊട്ടലും ചീറ്റലും പതിവ്. ട്രാൻസ്ഫോമറിലെ ഫ്യൂസ് പൊട്ടുന്നതും പതിവ്. കെഎസ്ഇബി ശൃംഗപുരം സെക്ഷൻ പരിധിയിലാണ് പടാകുളം ട്രാൻസ്ഫോമർ. ഫെൻസിങ് വലയം ഇല്ലാത്ത ട്രാൻസ്ഫോമറിൽ മൂന്നു ഫ്യൂസ് കാരിയറുകളും തുറന്ന നിലയിലാണ്. ട്രാൻസ്ഫോമറിൽ പൊട്ടിത്തെറിയും അമിത വൈദ്യുത പ്രവാഹവും ഉണ്ടായാൽ സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വലിയ നഷ്ടമുണ്ടാകും. മാസങ്ങൾക്ക് മുൻപ് മിനി സിവിൽ സ്റ്റേഷനു പിറകിലെ ട്രാൻസ്ഫോമറിൽ നിന്നു അമിത വൈദ്യുത പ്രവാഹം കാരണം അപകടമുണ്ടായിരുന്നു.