കൊടുങ്ങല്ലൂർ ∙ നഗരസഭാ രൂപീകരണ കാലം മുതൽ ഇടതു ചായ്വ് പ്രകടിപ്പിച്ചിട്ടുള്ള കൊടുങ്ങല്ലൂരിൽ ഇക്കുറി പ്രവചനാതീതമായ പോരാട്ടം. ഭരണം നിലനിർത്താൻ ഇടതുപക്ഷവും, ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ട
ഭരണം പിടിക്കാൻ ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറന്ന് അടിത്തറ ഭദ്രമാക്കാൻ കോൺഗ്രസും യുഡിഎഫും ശ്രമിക്കുമ്പോൾ കൊടുങ്ങല്ലൂരിൽ പ്രകടമാകുന്നത് ഇതുവരെയില്ലാത്ത ആവേശം.ബിജെപി സംസ്ഥാന, ദേശീയ നേതൃത്വം പ്രഥമ പരിഗണന നൽകുന്ന കേരളത്തിലെ നഗരസഭകളിലൊന്നാണിത്.
കഴിഞ്ഞ തവണ തലനാരിഴയ്ക്കാണ് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്.
അതിനാൽ ഇക്കുറി ബിജെപി നേരത്തെ ഒരുക്കം തുടങ്ങി. സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ പിന്തുണയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലും മൂലം ബിജെപിക്കു വലിയ പ്രതീക്ഷയാണുള്ളത്.
നിലവിലുള്ള 21 സീറ്റിനു പുറമേ കൂടുതൽ സീറ്റുകൾ നേടി ഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനാൽ തന്നെ ഇടതുപക്ഷം മുൻപത്തേക്കാളും കെട്ടുറപ്പോടെ ബിജെപിയെ നേരിടുന്നതും കാണാം.
കൊടുങ്ങല്ലൂർ നഷ്ടമാകുന്നതു മുന്നണിയുടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളും ചിന്തിക്കുന്നേയില്ല. കഴിഞ്ഞ തവണ നഷ്ടപ്പെട്ട
തങ്ങളുടെ പരമ്പരാഗത സീറ്റുകൾ പോലും പിടിച്ചെടുക്കാമെന്ന പ്രത്യാശയാണ് എൽഡിഎഫിനുള്ളത്.
മുന്നണിയിൽ വിള്ളലുകൾ ഇല്ലാതെ നേരത്തെ തന്നെ സ്ഥാനാർഥികളെ നിശ്ചയിച്ചതോടെ കോൺഗ്രസും യുഡിഎഫും പോരാട്ടം കടുപ്പിച്ചു. പഴയ പ്രതാപം തിരിച്ചുപിടിക്കമെന്ന സൂചനകൾ നൽകിയാണ് യുഡിഎഫ് രംഗത്തുള്ളത്.
കഴിഞ്ഞ തവണ ഒരു സീറ്റ് നൽകി കോൺഗ്രസിന്റെ മുഖം രക്ഷിച്ച കോട്ടപ്പുറം മേഖലയിലും പുല്ലൂറ്റും കോൺഗ്രസും യുഡിഎഫും കനത്ത മത്സരം കാഴ്ചവയ്ക്കുകയാണ്. 1979ൽ രൂപംകൊണ്ട നഗരസഭയിൽ 2005ൽ എൽഡിഎഫ് പ്രതിസന്ധി നേരിട്ടിരുന്നു.
27 സീറ്റുണ്ടായിരുന്ന നഗരസഭയിൽ എൽഡിഎഫ്, സ്വതന്ത്രനായി വിജയിച്ച പി.എച്ച്.അബ്ദുൽ റഷീദിനു വൈസ് ചെയർമാൻ പദവി നൽകിയാണ് ഭരണം നിലനിർത്തിയത്.
പിന്നീട് ഇടതു ശക്തി കേന്ദ്രമായ മേത്തല പഞ്ചായത്തിനെ നഗരസഭയിൽ ചേർത്ത് എൽഡിഎഫ് നില ഭദ്രമാക്കിയെങ്കിലും ബിജെപി നില മെച്ചപ്പെടുത്തി. 2015ൽ ബിജെപി 16 സീറ്റ് നേടി ഏറ്റവും വലിയ കക്ഷി ആയി.
2021ൽ 21 സീറ്റ് നേടി ബിജെപി നഗരസഭയിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചു. യുഡിഎഫിന് ആയിരുന്നു ഏറെ നഷ്ടം.
കോൺഗ്രസിനു ലഭിച്ച ഒരു സീറ്റ് എന്ന നിലയിലേക്കു യുഡിഎഫ് കൂപ്പുകുത്തി. 22 സീറ്റ് നേടിയ എൽഡിഎഫ് കഴിഞ്ഞ 5 വർഷം നാടിനെ നയിച്ചു.ആകെയുള്ള 46 വാർഡുകളിൽ 40 വാർഡുകളിൽ ത്രികോണ മത്സരമാണ്.
എൽഡിഎഫിൽ സിപിഎം 24ലും സിപിഐ 22ലും ജനവിധി തേടും.
എൻഡിഎയിൽ ബിജെപി മാത്രമാണ് രംഗത്തുള്ളത്. 45 വാർഡിൽ മത്സരിക്കും.
യുഡിഎഫിൽ ഘടകകക്ഷികളായ മുസ്ലിം ലീഗിനു രണ്ടും ആർഎസ്പിക്ക് ഒരു സീറ്റും നൽകിയിട്ടുണ്ട്. രണ്ടിടത്തു സ്വതന്ത്രരെ പിന്തുണയ്ക്കുന്നു. ബാക്കിയിടങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ.
കോട്ടപ്പുറം കോട്ടയിൽ ബിജെപിക്കു സ്ഥാനാർഥി ഇല്ലാത്തതിനാൽ ഇവിടെ മാത്രം എൽഡിഎഫും യുഡിഎഫും നേരിട്ട് ഏറ്റുമുട്ടുന്നു. വിയത്തുകുളം, കണക്കൻകടവ്, എൽത്തുരുത്ത്, പറമ്പിക്കുളം ടെംപിൾ വെസ്റ്റ്, ഒകെ എന്നീ വാർഡുകളിൽ സ്വതന്ത്രർ രംഗത്തുണ്ട്.
46–ാം വാർഡിൽ സ്വതന്ത്രനെ പിന്തുണയ്ക്കുകയാണ് യുഡിഎഫ്.
11 വാർഡുകളിൽ സിറ്റിങ് കൗൺസിലർമാർ രംഗത്തുണ്ട്. ഏഴു വാർഡുകളിൽ ബിജെപിയും മൂന്നു വാർഡുകളിൽ എൽഡിഎഫും ഒരു വാർഡിൽ കോൺഗ്രസും സിറ്റിങ് കൗൺസിലർമാരെയാണ് രംഗത്തിറക്കിയത്.
14 വാർഡുകളിൽ പരിചയ സമ്പന്നരുടെ തേരോട്ടമാണ്. ഓരോ മുന്നണിയും ഉറച്ച വാർഡുകൾ എന്നു തീരുമാനിച്ചു സ്ഥാനാർഥിയെ നിർത്തിയെങ്കിലും മുന്നിൽ ആയിരുന്ന ചിലർ വളരെ പിറകിലായി. എന്നാൽ, പിറകിൽ ആയിരുന്ന ചിലർ ഏവർക്കും ഭീഷണിയും സൃഷ്ടിക്കുന്നു.
കൊടുങ്ങല്ലൂർ മത്സരഫലം പ്രവചനാതീതമായതും ഇൗ വീറുറ്റ പോരാട്ടത്താലാണ്.
ചരിത്രനഗരത്തിനു വേണ്ട വികസനത്തിലേക്കു നഗരത്തെ എത്തിച്ചില്ല എന്ന പരാതി വ്യാപകമാണെങ്കിലും തിരഞ്ഞെടുപ്പ് രംഗം ചൂടായതോടെ കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ മനസ്സ് ഉണർന്നു. പോരാട്ടം രാഷ്ട്രീയ ചർച്ച മാത്രമായി മാറി.
വികസനത്തുടർച്ചയ്ക്കും സമാധാനത്തിനും വേണ്ടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. സമഗ്ര വികസന പത്രികയും അവർ പുറത്തിറക്കി.
എന്നാൽ വികസന മുരടിപ്പും അഴിമതിയും ആരോപിച്ചു വികസന രേഖ പ്രഖ്യാപിച്ചാണ് ബിജെപി എൽഡിഎഫിനെ നേരിടുന്നത്. സമഗ്ര വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കി പ്രവർത്തിക്കുമെന്നു വാഗ്ദാനമാണ് കോൺഗ്രസിന്റേത്.
രണ്ടു വർഷമായി തുടരുന്ന അടിപ്പാത സമരം ഉൾപ്പെടെ പ്രാദേശിക വിഷയങ്ങളും ചൂടുള്ള ചർച്ചയാകുന്നുണ്ട്.
ആകെ വാർഡുകൾ: 46
നിലവിലെ ഭരണസമിതി
എൽഡിഎഫ്: 22
എൻഡിഎ: 21
യുഡിഎഫ്: 01
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

