തൃശൂർ ∙ കായികാധ്യാപകരുടെ നിസ്സഹകരണത്തിൽ അടിമുടി പ്രതിസന്ധിയിലായി ഉപജില്ലാതല സ്കൂൾ കായിക മേളകൾ. തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടന തുടരുന്ന നിസ്സഹകരണമാണ് ഉപജില്ലാ മേളകളെ പ്രതിസന്ധിയിലാക്കിയത്.
വിരമിച്ച കായികാധ്യാപകരെ നിയോഗിച്ചും മറ്റ് അധ്യാപകർക്കും അനധ്യാപകർക്കും നിർബന്ധിത ഡ്യൂട്ടി നൽകിയുമാണ് നിലവിൽ മത്സരങ്ങൾ ഒരുവിധം നടത്തുന്നത്.
ജില്ലയിലെ 12 ഉപജില്ലകളിൽ കായിക മേളകൾ 10ന് അകം പൂർത്തിയാക്കണം. കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന തൃശൂർ ഈസ്റ്റ് ഉപജില്ലാതല അത്ലറ്റിക്സിൽ ട്രാക്ക് ഇനങ്ങൾ നിയന്ത്രിച്ചത് വിരമിച്ച അധ്യാപകരും മേളയ്ക്കായി നിർബന്ധിത ഡ്യൂട്ടി ലഭിച്ച മറ്റ് അധ്യാപകരുമായിരുന്നു. ഇന്നലെ തോപ്പ് സ്റ്റേഡിയത്തിൽ നടന്ന ഈസ്റ്റ് ഉപജില്ലയുടെ ട്രാക്ക് മത്സരങ്ങളിൽ ആകെ പൂർത്തിയായത് 3 ഇനങ്ങൾ മാത്രമാണ്. ഉച്ചയ്ക്കു 2 വരെയാണ് മൈതാനം മത്സരങ്ങൾക്കായി അനുവദിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാഞ്ഞതോടെ മറ്റ് ഇനങ്ങൾ ഇന്നത്തേക്കു മാറ്റേണ്ടി വന്നു.
അശാസ്ത്രീയ മത്സര നടത്തിപ്പിനെതിരെ ഇന്നലെ രാവിലെ തോപ്പ് സ്റ്റേഡിയത്തിൽ പരിശീലകരും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തി പ്രതിഷേധമറിയിച്ചിരുന്നു.
കായികവിദഗ്ധരുടെ അഭാവത്തിൽ നടക്കുന്ന മത്സരങ്ങൾ കുട്ടികൾക്കു ഗുണം ചെയ്യില്ലെന്നായിരുന്നു പരാതി. രാവിലെ മത്സര വേദിയിലെത്തിയ കുട്ടികളും മാതാപിതാക്കളും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. പിന്നാലെ ഉച്ചയ്ക്കു കനത്ത വെയിലിൽ മത്സരങ്ങൾ നടത്തി. ഈസ്റ്റ് ഉപജില്ലയിൽ കഴിഞ്ഞ വർഷം 2500 താരങ്ങൾ പങ്കെടുത്തിരുന്നത് ഇത്തവണ 1900 ആയിക്കുറഞ്ഞു. നാളെ തൃശൂർ വെസ്റ്റ് ഉപജില്ലയുടെ ട്രാക്ക് മത്സരങ്ങൾ തോപ്പ് സ്റ്റേഡിയത്തിൽ നടക്കും.
നടത്തം നട്ടുച്ചയ്ക്ക്; കുട്ടികൾ തളർന്നു
രാവിലെ 8.30ന് തോപ്പ് സ്റ്റേഡിയത്തിൽ ആരംഭിക്കേണ്ട
ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്ത മത്സരം ആരംഭിച്ചത് മണിക്കൂറുകൾ വൈകി 11.30ന്. കനത്ത വെയിലിലിലാണ് കുട്ടികൾ മത്സരിക്കേണ്ടി വന്നത്.
സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി തളർന്നു വീണപ്പോൾ പ്രാഥമിക ശുശ്രൂഷ നൽകാൻ സൗകര്യങ്ങളുണ്ടായില്ല. പരിശീലകനാണ് ഓടിയെത്തി വെള്ളവും മറ്റും നൽകിയത്.
10 മിനിറ്റോളം കുട്ടിക്ക് ഗ്രൗണ്ടിനരികിൽ കിടക്കേണ്ടി വന്നു. പിന്നാലെ മൈക്ക് പോയിന്റിൽ നിന്ന് കായികമേള നടത്തിപ്പിനു നേതൃത്വം നൽകുന്നവരെത്തി വിദ്യാർഥിയെ മാറ്റി.
മെഡിക്കൽ ടീം സൗകര്യമോ സ്ട്രെച്ചർ, ആംബുലൻസ് സൗകര്യമോ ഏർപ്പെടുത്തിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. മത്സരങ്ങൾക്കിടയിൽ ഇടവേളയും ലഭിച്ചില്ല.
ജില്ലാ മീറ്റും അനിശ്ചിതത്വത്തിൽ
ജില്ലയിലെ ആയിരത്തിലേറെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 184 കായികാധ്യാപകരാണ്.
സ്കൂളുകളിൽ നിന്നു കുട്ടികളെ ഉപജില്ലാതല കായിക വേദികളിൽ എത്തിക്കുമെങ്കിലും മറ്റൊരു തരത്തിലും മത്സര നടത്തിപ്പുമായി ഇവർ സഹകരിക്കുന്നില്ല. 16, 17, 18 തീയതികളിൽ കുന്നംകുളത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് ജില്ലാ സ്കൂൾ അത്ലറ്റിക്സ്.
കായികാധ്യാപകരും അത്ലറ്റിക് അസോസിയേഷനും ചേർന്നാണ് ജില്ലാ സ്കൂൾ കായികമേളകൾ നടത്താറ്. കായികാധ്യാപകരുടെ നിസ്സഹകരണത്തിനു അത്ലറ്റിക് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

