മർദനത്തിനിരയായ സുജിത്തിനെ സന്ദർശിച്ച് സതീശനും രമേശും
കുന്നംകുളം ∙ പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ വീട്ടിൽ സന്ദർശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തലയും. സുജിത്തിനെ മർദിച്ച പൊലീസുകാർ ഇനി കാക്കിവേഷം ധരിച്ചു പൊലീസിൽ ജോലി ചെയ്യാമെന്നു കരുതേണ്ടെന്നു തിരുവോണനാളിൽ വീടു സന്ദർശിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന സമീപമാണു സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകും.
മർദനദൃശ്യങ്ങൾ കണ്ട ആർക്കും സഹിക്കാൻ പറ്റുന്നതിന് അപ്പുറമാണ് സുജിത്ത് നേരിട്ട
മർദനം. ഉപജാപകസംഘമാണ് കേരളത്തിൽ പൊലീസിനെ നയിക്കുന്നത്.
ഈ സംഘമാണ് പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത്.
എന്തു തെറ്റു ചെയ്താലും പൊലീസിൽ സംരക്ഷിക്കാൻ ആളുണ്ടെന്നാണു അവസ്ഥ. ഈ സംഭവത്തോടെ ഇത് അവസാനിക്കണം. സുജിത്താവണം അവസാനത്തെ ഇര.
ഈ സമരത്തിൽ വേണ്ടി വന്നാൽ ജയിലിൽ പോകാനും തയാറാണെന്നും സതീശൻ പറഞ്ഞു.പൊലീസ് സ്റ്റേഷനുകൾ കോൺസൻട്രേഷൻ ക്യാംപുകളാകുന്ന അവസ്ഥയാണെന്ന് ഇന്നലെ വീടു സന്ദർശിച്ച രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി പറയേണ്ടതു ഡിജിപിയല്ല, മുഖ്യമന്ത്രിയാണ്. പ്രതികളെ സസ്പെൻഡ് ചെയ്യുകയല്ല, പിരിച്ചുവിടുകയാണു വേണ്ടത്.
പൊലീസ് വകുപ്പിനു നാഥനില്ലാത്ത അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണവിധേയനായ പൊലീസുകാരന്റെ വീട്ടിലേക്ക് മാർച്ച്; സംഘർഷം
കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഉൾപ്പെട്ട ശശിധരൻ എന്ന പൊലീസുകാരന്റെ തൃക്കൂരിലെ വീട്ടിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം.
2 പ്രവർത്തകർക്ക് പരുക്ക്. വീടിനു സമീപം പൊലീസ് ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.
ഇതിനിടയിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡുകൾ മറികടക്കുന്നതിനിടെ സലീഷ് ചെമ്പാറ, റിന്റോ ജോൺസൻ എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരം ഡിസിസി സെക്രട്ടറി കല്ലൂർ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷനായി.
സെബി കൊടിയൻ, അലക്സ് ചുക്കിരി, സുധൻ കാരയിൽ, പോൾസൺ തെക്കുംപീടിക, സുനിൽ മുളങ്ങാടൻ, ഷെന്നി പനോക്കാരൻ, കെ.എൽ.ജയ്സൻ, ആൽവിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]