
‘സറൗണ്ട് സൗണ്ട്’: ആവേശപ്പെരുക്കത്തിലാറാടി പെരുവനം പൂരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർപ്പ് ∙ പഞ്ചാരി പിറന്ന നടവഴിയിൽ മേളത്തിനു പഞ്ചാരമധുരം തൂകി പെരുവനം പൂരം. ഓരോ കോൽ പെരുക്കത്തെയും വേറിട്ടു കേൾപ്പിക്കുന്ന നടവഴിയുടെ ‘സറൗണ്ട് സൗണ്ട്’ മാന്ത്രികതയിൽ മേളപ്രേമികളുടെ പൂരമനം നിറഞ്ഞു. ഇറക്കപ്പാണ്ടിയുടെയും കയറ്റപ്പഞ്ചാരിയുടെയും നടുവിൽ ഇറങ്ങാൻ മടിച്ചു നിന്ന ആവേശം രാവെളുക്കുംവരെ നീണ്ടു. നടവഴിയുടെ ഇരുവശത്തും അഞ്ചടി ഉയരത്തിലെ തറയിൽ തിങ്ങിനിറഞ്ഞ കാണികൾക്കു നടുവിൽ കൈപ്പന്തപ്രഭയിൽ ഗജവീരന്മാരുടെ എഴുന്നള്ളത്തു കൂടി ചേർന്നപ്പോൾ പൂരം അവിസ്മരണീയാനുഭവം.
സന്ധ്യയ്ക്കു നടവഴിയുടെ കിഴക്കു നിന്നു പെരുവനം ക്ഷേത്രത്തിലേക്കു കടലാശേരി പിഷാരിക്കൽ ഭഗവതിഅഞ്ചാനകളുടെയും പഞ്ചാരിമേളത്തിന്റെയുംഅകമ്പടിയോടെ എഴുന്നള്ളിയതോടെയാണു പൂരഹരത്തിനു തുടക്കമായത്. മേളത്തിനു പെരുവനം ശങ്കരനാരായണൻ മാരാർ പ്രമാണിത്തം വഹിച്ചു. തിടമ്പേറ്റിയത് എറണാകുളം ശിവകുമാർ. ക്ഷേത്രത്തിന്റെ തെക്കേനടയിൽ ആറാട്ടുപുഴ ശാസ്താവ് ഏഴാനകളുടെ അകമ്പടിയോടെ അണിനിരന്നപ്പോൾ കണ്ണുകളും കാതുകളും അവിടേക്കായി. തിടമ്പേറ്റിയതു ചിറയ്ക്കൽ കാളിദാസൻ. പെരുവനം കുട്ടൻ മാരാരുടെ പ്രമാണിത്തത്തിൽ ഇറക്കപ്പാണ്ടിയുടെ പ്രകമ്പനം. ശാസ്താവ് നടവഴിയിറങ്ങി കിഴക്കഭിമുഖമായി നിന്നു. നടവഴിയുടെ കിഴക്കു നിന്നു തൊട്ടിപ്പാൾ ഭഗവതിക്കൊപ്പം ഏഴാനകളുടെ അകമ്പടിയോടെ ചാത്തക്കുടം ശാസ്താവ് കയറ്റപ്പഞ്ചാരി മേളത്തിനൊപ്പം നടവഴി കയറിയെത്തി.
പെരുവനം പ്രകാശൻ മാരാർക്കായിരുന്നു പ്രമാണിത്തം. തിടമ്പേറ്റിയതു കൂട്ടൻകുളങ്ങര അർജുനൻ. നടവഴിയിലെ മേളവിസ്ഫോടനം ഉച്ചസ്ഥായിയിലായി. 11നു ശേഷം ആറാട്ടുപുഴ, കല്ലേലി, മേടംകുളങ്ങര ശാസ്താക്കളുടെ ഒന്നിച്ചുള്ള എഴുന്നള്ളിപ്പും പഞ്ചാരിയും. പഴുവിൽ രഘുമാരാർക്കായിരുന്നു പ്രമാണിത്തം. തൊടുംകുളം ഭാഗത്തു നിന്ന് ഊരകത്തമ്മ തിരുവടി പാണ്ടിമേളത്തോടെ എഴുന്നള്ളി.ചാത്തക്കുടം ശാസ്താവിനൊപ്പം ചെറുശേരി കുട്ടൻമാരാർ പ്രമാണിയായി കയറ്റപ്പഞ്ചാരി. 12 മണിയോടെ ക്ഷേത്രമതിലിനുള്ളിൽ പെരുവനം വിളക്ക് ആരംഭിച്ചു.
പൂരത്തിനെത്തിയ 18 ദേവീദേവന്മാരിൽ 11 പേർ പെരുവനം വിളക്കിൽ അണിനിരന്നു. നെട്ടിശേരി, മാങ്കുളം, കോടന്നൂർ, ചക്കംകുളങ്ങര, മേടംകുളം, ചിറ്റിചാത്തക്കുടം, കല്ലേലി, മാട്ടിൽ ശാസ്താക്കന്മാരും പൂനിലാർക്കാവ്, എടക്കുന്നി, തൈക്കാട്ടുശേരി ഭഗവതിമാരും എഴുന്നള്ളിപ്പിൽ അണിനിരന്നു. പഞ്ചാരിമേളത്തിനു കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയായി. ഇതിനിടെ മൂന്നാനകളുടെ അകമ്പടിയോടെ ചേർപ്പ് ഭഗവതി പഞ്ചവാദ്യവുമായെത്തി. ചോറ്റാനിക്കര സുഭാഷ് മാരാർ പ്രമാണിത്തം വഹിച്ചു.