ഗുരുവായൂർ ∙ ‘‘കണ്ണനെ കണ്ടുതൊഴാൻ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാ.. ഇവിടെ വന്ന് കംഫർട്ട് സ്റ്റേഷന്റെ അവസ്ഥ കണ്ടപ്പോൾ തന്നെ മനസ്സുമടത്തു.
ശുചിമുറിയിൽ നിന്ന് ഒഴുകിവരുന്ന വെള്ളത്തിൽ ചവിട്ടി വേണം ക്ഷേത്രത്തിൽ കയറാൻ. എന്തൊരവസ്ഥയാണിത്..’’ എറണാകുളത്തുനിന്നു വന്ന ലക്ഷ്മി പറയുന്നു.
രണ്ട് നിലകളിലായി ഇരുപത്തഞ്ചോളം ടോയ്ലറ്റുകൾ ഉണ്ടെങ്കിലും പലതും ഉപയോഗിക്കാവുന്ന സ്ഥിതിയിലല്ല. ചിലതിന് വാതിൽ ഇല്ല.
വാതിൽ ഉള്ളവയ്ക്ക് കൊളുത്തില്ല. പുറത്തുനിന്ന് ആരെങ്കിലും വാതിൽ പിടിച്ചു നിൽക്കേണ്ട
അവസ്ഥയാണ്.
ഗുരുവായൂരപ്പനെ കാണാൻ കാതങ്ങൾ അകലെ നിന്നെത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ മതിയായ സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാണ് ഗുരുവായൂരിൽ; പ്രത്യേകിച്ച് സ്ത്രീകൾക്ക്. മണിക്കൂറുകൾ ക്യൂ നിന്ന് മനസ്സുനിറയെ ഗുരുവായൂരപ്പനെ കണ്ട് കംഫർട്ട് സ്റ്റേഷനിൽ എത്തിയാൽ മനസ്സുമടുപ്പിക്കുന്ന അവസ്ഥയാണെന്ന് ഭക്തരായ സ്ത്രീകൾ പറയുന്നു. ഗുരുവായൂർ ക്ഷേത്രപരിസരത്തെ ഏക ടോയ്ലറ്റ് കോംപ്ലക്സിലെ അവസ്ഥയാണിത്.
ജനങ്ങൾ വഴിപാടായും മറ്റും നൽകുന്ന തുകയുടെ ഒരു ഭാഗമെങ്കിലും എടുത്ത് അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൂടെ എന്നാണ് ഭക്തർ ചോദിക്കുന്നത്.
പലതിലും ഫ്ലഷ് പ്രവർത്തിക്കുന്നില്ല. പൈപ്പ് തകരാറായിനെ തുടർന്ന് വെള്ളം പുറത്തേക്കു പരന്നൊഴുകുകയാണ്.
വെളിയിൽ നിന്ന് കയറുന്നവർ ഇതിൽ ചവിട്ടി തറ മുഴുവൻ ചെളിയാണ്. ക്ഷേത്രത്തിൽ തിരക്കേറുമ്പോൾ കംഫർട്ട് സ്റ്റേഷനിലും തിരക്കേറും.
വാതിലുള്ള, കൊളുത്തുള്ള ശുചിമുറിയിൽ കയറാനായി കാത്തുനിൽക്കേണ്ട അവസ്ഥയാണ്, അതും ചെളിയിൽ ചവിട്ടി.
മുഖം കഴുകാനുള്ള പൈപ്പുകൾ ധാരാളമുണ്ടെങ്കിലും പകുതിയിൽ കൂടുതലിലും വെള്ളം വരുന്നില്ല. വെള്ളം വരുന്നവ അടയ്ക്കാനും പറ്റില്ല.
വാഷ് ബേസിനുകളിൽ വെള്ളം ഒഴുകിക്കൊണ്ടേ ഇരിക്കും.
കുളിമുറികളിൽ പലതിനും കൊളുത്തുകളില്ല. ഒറ്റയ്ക്ക് വരുന്നവർക്ക് ബുദ്ധിമുട്ടേറെയാണ്. ചെളിയിൽ ചവിട്ടി ഒരു കരപറ്റി അകത്തേക്കു കയറിയാലും വാതിലിൽ പിടിച്ച് കാവൽ നിൽക്കാൻ ഒരാളെ കണ്ടുപിടിച്ച് ഏൽപിക്കേണ്ട
അവസ്ഥയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുവർ വസ്ത്രങ്ങൾ മാറ്റാനും മറ്റും കംഫർട്ട് സ്റ്റേഷനിലെത്തിയാൽ ‘സർക്കസ്’ നടത്തണം.
വസ്ത്രം തറയിൽ തട്ടാതെ മാറാൻ കഷ്ടപ്പാടാണ്. അല്ലെങ്കിൽ മറ്റൊരാളുടെ സഹായം വേണം.
അതുമല്ലെങ്കിൽ അതിനുമാത്രമായി പുറത്ത് റൂം എടുക്കേണ്ട ഗതികേടാണ്.
പുരുഷന്മാരുടെ ശുചിമുറികളിലും സ്ഥിതി വ്യത്യസ്തമല്ല.
കെ.ബി.മോഹൻദാസ് ദേവസ്വം ചെയർമാൻ ആയിരുന്ന കാലത്താണ് എയർപോർട്ടുകളിലെ രാജ്യാന്തര നിലവാരത്തിൽ ഭക്തർക്കായി സൗജന്യ ശുചിമുറി കേന്ദ്രം തയാറാക്കിയത്. ഏറ്റവും മികച്ച ടോയ്ലറ്റ് ഫിറ്റിങ്സ് ഉപയോഗിച്ച് നിർമിച്ച കേന്ദ്രത്തിന്റെ ശുചീകരണത്തിന് വിദഗ്ധ ഏജൻസിയെ നിയോഗിച്ചു.
പിന്നീട് ശുചീകരണത്തിന്റെ കരാർ മാറി. ശുചീകരണം പേരിൽ മാത്രമായപ്പോൾ ഏജൻസിയെ 2 മാസം മുൻപ് മാറ്റി.
ഇപ്പോൾ ദേവസ്വം ആരോഗ്യവിഭാഗം ജീവനക്കാരാണ് ശുചീകരണ ജോലികൾ നടത്തുന്നത്.
24 മണിക്കൂറും 3 ഷിഫ്റ്റുകളിലായി 12 ജോലിക്കാർ രണ്ടു നിലകളിലെയും ശുചിമുറികൾ മാറിമാറി വൃത്തിയാക്കുന്നുണ്ടെന്ന് ജീവനക്കാരിൽ ഒരാൾ പറഞ്ഞു. പതിനായിരക്കണക്കിന് തീർഥാടകർ ഉപയോഗിക്കുന്ന ശുചിമുറിയുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്താറില്ല.
മാറ്റേണ്ട ടോയ്ലറ്റ് ഫിറ്റിങ്സ് മാറ്റിയിട്ടുമില്ല.
അതിന്റെ എല്ലാ അസൗകര്യങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ 4 നടകളിലും ശുചിമുറി സൗകര്യവും ക്ലോക് റൂമും ഏർപ്പെടുത്തണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.
എന്നാൽ നടപ്പാക്കിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

