തൃശൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം പൂർണമായും പൊളിച്ച് പുനർനിർമിക്കുന്നതിന്റെ ഭാഗമായി നഗരത്തിലൂടെയുള്ള കെഎസ്ആർടിസി ബസുകളുടെ പുതിയ ഗതാഗത ക്രമീകരണം നിലവിൽ വന്നു. ഇതോടൊപ്പം ബസുകൾ പാർക്ക് ചെയ്യാനും സർവീസ് നടത്താനും വടക്കേ ബസ് സ്റ്റാൻഡിനു സമീപമുള്ള ഗ്രൗണ്ട് ഇന്നലെ മുതൽ ഉപയോഗിച്ചു തുടങ്ങി.
താൽക്കാലികമായി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും ഇവിടേക്കു മാറ്റിയിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 10 വരെ 2 ഷിഫ്റ്റുകളിലായി ഇവിടെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിക്കും.
പ്രധാനമായും ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കുള്ള ഹാൾട്ടിങ് കേന്ദ്രമായാണ് കോർപറേഷൻ സ്റ്റേഡിയത്തിന് എതിർവശത്തുള്ള വടക്കേ സ്റ്റാൻഡ് ഗ്രൗണ്ട് പ്രവർത്തിക്കുക.
അതിനാൽ റിസർവേഷൻ അടക്കമുള്ള ഭൂരിഭാഗം ബസുകളും നവീകരണം തുടരുന്ന തൃശൂർ സ്റ്റാൻഡിലെത്തുകയും അവിടെ നിന്നുതന്നെ സർവീസ് തുടരുകയും ചെയ്യും. ഇതോടൊപ്പം തൃശൂരിൽ നിന്ന് ആരംഭിക്കുന്ന ഹ്രസ്വദൂര ബസുകൾ ഉൾപ്പെടെ എല്ലാ സർവീസുകളും തൃശൂർ സ്റ്റാൻഡിൽ നിന്നു പുറപ്പെടും. പൊളിക്കൽ തുടരുന്ന പ്രധാന കെട്ടിടത്തിന്റെ നേരെ എതിർവശത്ത് ഇതിനായി താൽക്കാലിക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
റിസർവേഷൻ കൗണ്ടർ, അന്വേഷണം കേന്ദ്രം എന്നിവ ഇവിടെയാണ് പ്രവർത്തിക്കുന്നത്.
പഴയ ഗാരിജ് പൊളിച്ചുനീക്കിയാണ് താൽക്കാലിക ഓപ്പറേറ്റിങ് സൗകര്യം ഒരുക്കിയത്. മുൻപ് സ്റ്റാൻഡിലുണ്ടായിരുന്ന മിൽമ ബസ്, ‘ബസ്റ്ററന്റ്’ എന്ന പേരിലുണ്ടായിരുന്ന ബസ് റസ്റ്ററന്റ്, ജീവനക്കാർക്കു വിശ്രമത്തിനായുണ്ടായിരുന്ന ‘സ്റ്റാഫ് സ്ലീപ്പർ’ ബസ് എന്നിവ ഇതിനകം നീക്കിയിട്ടുണ്ട്.
പി.ബാലചന്ദ്രൻ എംഎൽഎയുടെ നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 7 കോടി രൂപയും 2024–25 ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി രൂപയും ചെലവഴിച്ചാണ് സ്റ്റാൻഡ് നവീകരിക്കുന്നത്.
തൃശൂർ സ്റ്റാൻഡ്
തൃശൂർ വഴി കടന്നുപോകുന്ന എല്ലാ ദീർഘദൂര ബസുകളും കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവേശിക്കുകയും സ്റ്റാൻഡിൽ നിന്നു തന്നെ സർവീസ് തുടരുകയും ചെയ്യും. കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് തൃശൂരിലെത്തി പാലക്കാട്–മലബാർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളും പാലക്കാട്–മലബാർ ഭാഗങ്ങളിൽ നിന്നു തൃശൂർ വഴി കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും സ്റ്റാൻഡിലെത്തും.
ഇതോടൊപ്പം ഗുരുവായൂർ, കോഴിക്കോട്, പെരിന്തൽമണ്ണ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു തൃശൂർ വരെയുള്ള ബസുകൾ പൂങ്കുന്നം–അശ്വിനി ജംക്ഷൻ–വടക്കേ സ്റ്റാൻഡ്–സ്വരാജ് റൗണ്ട്–എംഒ റോഡ്–ശക്തൻ നഗർ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി, തിരികെ പോകും.
വടക്കേ സ്റ്റാൻഡ്
കോട്ടയം, എറണാകുളം ഭാഗങ്ങളിൽ നിന്നും പാലക്കാട്ടുനിന്നും തൃശൂർ വരെ സർവീസ് നടത്തുന്ന ബസുകൾ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി, വടക്കേ സ്റ്റാൻഡിലെത്തും. അടുത്ത സർവീസ് വടക്കേ സ്റ്റാൻഡിൽ നിന്നാണ് ആരംഭിക്കുക.
വടക്കേ സ്റ്റാൻഡിൽ നിന്ന് സ്വരാജ് റൗണ്ട്–എംഒ റോഡ് വഴി ശക്തൻ നഗറിലെത്തി സർവീസ് തുടരും. വീണ്ടും തൃശൂർ സ്റ്റാൻഡിലേക്കു പോകില്ല.
ശക്തൻ ബസ് സ്റ്റാൻഡിന് എതിർവശത്ത് ഈ ബസുകൾക്കു സ്റ്റോപ്പുണ്ട്. പാലക്കാട്–തൃശൂർ ചെയിൻ സർവീസ്, ടൗൺ ടു ടൗൺ, കോട്ടയം, എറണാകുളം, തൊടുപുഴ, പാലാ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറുകൾ ഇവിടെയാകും ഹാൾട്ട് ചെയ്തശേഷം സർവീസ് തുടങ്ങുക.
ഓഫിസ് ശക്തനിൽ
കെഎസ്ആർടിസി സ്റ്റാൻഡിലുണ്ടായിരുന്ന ഓഫിസ് പൂർണമായും ശക്തൻ സ്റ്റാൻഡിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
നവീകരണത്തിന്റെ ഭാഗമായി പ്രധാന സ്റ്റാൻഡിലെ എസി കാത്തിരിപ്പു കേന്ദ്രം കൂടി മാറ്റേണ്ടതുണ്ടെന്നും ജനുവരിയിൽ കെട്ടിട നിർമാണം ആരംഭിക്കുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ കെ.പി.
രാധാകൃഷ്ണൻ പറഞ്ഞു. ബസുകളുടെ അറ്റകുറ്റപ്പണികളും നിലവിലെ സ്റ്റാൻഡിൽ തുടരും.
പുതിയ സ്റ്റാൻഡിൽ കൂടുതൽ പാർക്കിങ് സ്ഥലവും ഗാരിജിനു മുകളിലായി ഓഫിസ് സൗകര്യം ക്രമീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

