ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ഓഡിറ്റോറിയങ്ങളുടെ ബുക്കിങ് നടപടികൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ദേവസ്വം ഓഡിറ്റോറിയങ്ങളുടെ വർധിപ്പിച്ച വാടക പിൻവലിക്കണമെന്ന ആവശ്യത്തോടൊപ്പമാണ് ബുക്കിങ് പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യണമെന്ന മുറവിളി ഉയർന്നിരിക്കുന്നത്.
ദേവസ്വത്തിന്റെ മേൽപുത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി തീയതിക്ക് 2 മാസം മുൻപ് അപേക്ഷകർ നേരിട്ട് ഹാജരായി ബുക്ക് ചെയ്യണമെന്നാണ് നിലവിലെ വ്യവസ്ഥ. ഓരോ ദിവസവും ഒരു മണിക്കൂർ വീതമുള്ള 16 സ്ലോട്ടുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഓരോ സ്ലോട്ടിലും ഒന്നിലേറെ അപേക്ഷകർ വരുന്ന പക്ഷം നറുക്കെടുപ്പിലൂടെയാണ് തീയതി അനുവദിക്കുന്നത്. അന്ന് ബുക്കിങ് ലഭിക്കാത്തവർ അടുത്ത ദിവസവും വീണ്ടും ഓഫീസിൽ എത്തേണ്ടുന്ന ബുദ്ധിമുട്ടുമുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്നവരാണ് ഗുരുവായൂരിൽ പ്രധാനമായും നൃത്ത അരങ്ങേറ്റങ്ങൾക്കായി ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നത്. എന്നാൽ ഇവർക്ക് 2 മാസം മുൻപ് നേരിട്ടെത്തി ബുക്ക് ചെയ്യുക എന്നത് പ്രായോഗികമല്ല.
ഈ സാഹചര്യം മുതലെടുത്ത് ചില സംഘങ്ങൾ സ്ഥിരമായി ഓഡിറ്റോറിയം ബുക്ക് ചെയ്ത്, തങ്ങൾക്ക് ലഭിക്കുന്ന സ്ലോട്ടുകൾ വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്. ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഓഡിറ്റോറിയം ബുക്കിങ് ഓൺലൈൻ വഴി നടപ്പിലാക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയും അത് യാഥാർത്ഥ്യമായിട്ടില്ല.
നിരക്ക് വർധനയിൽ പ്രതിഷേധം ശക്തം
ഗുരുവായൂരിലെ മേൽപുത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക മണിക്കൂറിന് 5,900 രൂപയിൽ നിന്ന് 11,800 രൂപയായി വർധിപ്പിച്ച നടപടിക്കെതിരെ സി.പി.എം രംഗത്തുവന്നു. വാടക വർധന അടിയന്തരമായി പിൻവലിക്കണമെന്നും ദേവസ്വം ഭരണസമിതി യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കണമെന്നും സി.പി.എം ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ആവശ്യപ്പെട്ടു.
ഓഡിറ്റോറിയം വാടക വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, സിപിഐ, ബിജെപി, യൂത്ത് കോൺഗ്രസ്, ദേവസ്വം എംപ്ലോയീസ് യൂണിയൻ (കോൺഗ്രസ്), ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി, തപസ്യ കലാസാഹിത്യവേദി, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, നന്മ, കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് തുടങ്ങി ഒട്ടേറെ സംഘടനകൾ ഇതിനോടകം തന്നെ രംഗത്തു വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

