ചാവക്കാട്∙തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനാസ്ഥയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആയിരക്കണക്കിന് പ്രവാസികൾക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ആശങ്ക. 6 എ ഫോം ഓൺലൈൻ വഴി പൂരിപ്പിച്ച് സമർപ്പിക്കാനുള്ള ഇലക്ഷൻ കമ്മിഷന്റെ വെബ്സൈറ്റ് തകരാറായതിനാലാണ് പ്രവാസി സമൂഹം വോട്ട് ചേർക്കാൻ കഴിയാതെ അനിശ്ചിതത്വത്തിലായത്.
ഏകദേശം രണ്ടാഴ്ചയോളമായി വോട്ട് ചേർക്കാനാകാത്ത സ്ഥിതിയാണ്. പ്രവാസികൾക്ക് വോട്ട് ചേർക്കാനുളളതാണ് 6എ ഫോം.
2026ലെ തീവ്ര വോട്ടർപട്ടിക(എസ്ഐആർ) പുതുക്കലുമായി ബന്ധപ്പെട്ട് 2025 ഡിസംബർ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് മുതൽ 2026 ജനുവരി 30 വരെ വോട്ട് ചേർക്കാൻ അവസരം ഉണ്ടായിരുന്നു.
അംഗീകരിക്കപ്പെട്ട അപേക്ഷകൾ ഉൾപ്പെടുത്തി 2026 ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
18 വയസ്സ് പൂർത്തിയായ, നാട്ടിൽ സ്ഥിരതാമസമുള്ള ഇനിയും വോട്ട് ചേർക്കാത്ത പൗരൻമാർക്ക് ഫോം 6 പ്രകാരം ഇപ്പോഴും വോട്ട് ചേർക്കാം.
ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ പേര് വന്നില്ലെങ്കിലും നോമിനേഷൻ നൽകുന്നതിന് മുൻപ് വരെ പേര് ചേർക്കുന്നവരെ അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കും.
എന്നാൽ ഇതുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്ത പ്രവാസികൾക്ക് ഫോം 6 എ പ്രകാരം വോട്ട് ചേർക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ തകരാർ മൂലം സാധിക്കാത്ത സ്ഥിതിയാണ്. നേരത്തെ 6 എ ഫോമിൽ യഥാസമയം അപേക്ഷ നൽകിയ പ്രവാസികളുടെ അപേക്ഷകൾ പോലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലെ തകരാറ് മൂലം സ്റ്റേറ്റസ് പരിശോധിക്കുമ്പോൾ നോ ഡേറ്റ എന്നാണ് കാണിക്കുന്നത്.
അവർ വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കണമെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള നിർദേശം.
പക്ഷേ അത്തരത്തിലുള്ള അപേക്ഷകൾക്കും പുതിയതായി ചേർക്കുന്നവർക്കും ഫോം 6 എ പ്രകാരം വോട്ട് ചേർക്കാൻ കഴിയുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രശ്നം പരിഹരിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ട് വരുന്നുണ്ടെങ്കിലും കമ്മിഷന്റെ ഭാഗത്ത് നിന്ന് അനുഭാവപൂർവമായ സമീപനം ഇല്ലെന്നാണ് വ്യാപകമായ ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

