തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ അഞ്ചും ആറും ട്രാക്കുകൾക്കു മീതെ 25,000 കിലോവാട്ടിന്റെ വൈദ്യുതി കമാനം. ആറാം ട്രാക്കിനിപ്പുറം കമാനത്തിന്റ ഒരു തൂൺ നിൽക്കുന്നതു തീപിടിത്തമുണ്ടായ ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രത്തിലാണ്.
ഈ തൂണിനുള്ള സ്ഥലം ഒഴിച്ചാണ് മുകളിൽ ഷീറ്റ് മേഞ്ഞിരിക്കുന്നത്. റെയിൽവേ അതിർത്തിയിലെ 30 മീറ്ററിനുള്ളിൽ നിർമിതികൾ പാടില്ലെന്ന ചട്ടം പോലും അധികൃതർ പാലിച്ചിട്ടില്ല.
പാർക്കിങ് കേന്ദ്രത്തിനുള്ളിൽ ആവശ്യത്തിന് ഫയർ എക്സ്റ്റിംഗ്വിഷർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ല. അത്യാഹിതമുണ്ടായാൽ ബന്ധപ്പെടാനുള്ള ഹെൽപ് ലൈൻ നമ്പർ ഡിസ്പ്ലേകളും ഇല്ല.
ജീവനക്കാർക്ക് അത്യാഹിതം നേരിടാനുള്ള പരിശീലനവും നൽകിയിട്ടില്ലെന്നാണ് വിവരം.
നോട്ടിസ് നൽകി കോർപറേഷൻ
റെയിൽവേ സ്റ്റേഷനിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും നിയമ വ്യവസ്ഥകളും പൊതു സുരക്ഷയും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ 7 ദിവസത്തിനകം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്ക് നോട്ടിസ് നൽകി. സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും നിർമാണത്തിന് 30 ദിവസം മുൻപെങ്കിലും കോർപറേഷനെ അറിയിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.
2019ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട
ചട്ടം ലംഘിച്ച് പാർക്കിങ് ഏരിയയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിർമാണ സമയത്ത് സുരക്ഷാ വ്യവസ്ഥകൾ ഒന്നും തന്നെ പാലിച്ചിട്ടില്ല.
നിർമാണ സ്ഥലത്തോ നിർമിതിക്കുള്ളിലോ ഒരു അഗ്നിശമന ഉപകരണം പോലും സ്ഥാപിച്ചിട്ടില്ലെന്നതും ഗൗരവകരമാണെന്ന് നോട്ടിസിലുണ്ട്. സ്റ്റേഷനിലെ താൽക്കാലിക നിർമിതികൾക്ക് കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് സൂപ്രണ്ടിങ് എൻജിനീയർ ഷൈബി ജോർജ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: മേയർ
തൃശൂർ ∙ സുരക്ഷാ മേഖലയായ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തം ഗൗരവമുള്ളതാണെന്നും സംഭവത്തിൽ റെയിൽവേ അടിയന്തര പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മേയർ നിജി ജസ്റ്റിൻ ആവശ്യപ്പെട്ടു.
കോർപറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പേ ആൻഡ് പാർക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാ സൗകര്യങ്ങളും ക്രമീകരണങ്ങളും കർശനമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മേയർ പറഞ്ഞു. വീഴ്ചകളുണ്ടെങ്കിൽ നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
കരാറുകാർക്ക് ബാധ്യതയില്ല
തൃശൂർ ∙ സ്വകാര്യ പേ ആൻഡ് പാർക്ക് വാഹന പാർക്കിങ് കേന്ദ്രത്തിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കരാറുകാർക്ക് ഒരു ബാധ്യതയുമില്ല.
തൃശൂർ റെയിൽവേ പേ ആൻഡ് പാർക്ക് എന്ന പേരിലാണ് കരാറുകാരൻ ലൈസൻസ് എടുത്തിരിക്കുന്നത്. പാർക്ക് ചെയ്ത ശേഷം വാഹനത്തിന്റെ നമ്പരും തീയതിയും സമയവും സഹിതം അച്ചടിച്ചു നൽകുന്ന സ്ലിപ്പിൽ ഏതു തരത്തിലുള്ള നഷ്ടം സംഭവിച്ചാലും തങ്ങൾക്കു ബാധ്യതയില്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പാർക്കിങ് കേന്ദ്രം ഇൻഷുർ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് റെയിൽവേ ആണ് ചെയ്യുക എന്നായിരുന്നു കരാറുകാരന്റെ മറുപടി. നാശനഷ്ടത്തിനു റെയിൽവേ നഷ്ടപരിഹാരം തരുമോ എന്ന ചോദ്യത്തിന്, ‘വാഹനത്തിന് ഇൻഷുറൻസ് ഉണ്ടെങ്കിൽ അതു കിട്ടാൻ മാത്രമേ സാധ്യതയുള്ളൂ’ എന്നും കരാറുകാരൻ പറയുന്നു.
അതായത്, വാഹനത്തിന്റെ പാർക്കിങ് ഉടമയുടെ മാത്രം ഉത്തരവാദിത്തമാണ്. നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിത്തപ്പെട്ടവർ ആരുമില്ലെന്നു സാരം.
രക്ഷയായത് അഗ്നിരക്ഷാസേനയുടെ അതിവേഗ ശ്രമങ്ങൾ
തൃശൂർ ∙ അവധി ദിനത്തിൽ നഗരത്തെ നടുക്കിയ റെയിൽവേ സ്റ്റേഷൻ പാർക്കിങ് കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സ്റ്റേഷൻ ആറാം ട്രാക്കിനോട് ചേർന്ന് റെയിൽവേയുടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന്റെ തൊട്ടു താഴെയാണ് ഇരുമ്പ് ഷീറ്റിട്ട സ്വകാര്യ പേ ആൻഡ് പാർക്കിങ് സ്ഥലം.
വൈദ്യുതി ലൈനിൽ നിന്നു സ്പാർക്കുണ്ടായെന്നും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിയിട്ടിരുന്ന ഇരുചക്രവാഹനത്തിലേക്കു വീണെന്നുമാണ് പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാരി പറയുന്നത്. പിന്നാലെ തീയും പുകയും ഉയർന്നെന്നും മറ്റു വാഹനങ്ങളിലേക്കു പടർന്നെന്നും ഇവർ പറയുന്നു.
രണ്ടു ജീവനക്കാരികളാണ് ഇന്നലെ രാവിലെ ഇവിടെ ജോലിയിലുണ്ടായിരുന്നത്.
ഒരാൾ ശുചിമുറിയിൽ പോയ സമയത്താണ് തീപിടിത്തമുണ്ടായെന്നും പാർക്ക് ചെയ്യാന്നെത്തിയവർക്ക് ടിക്കറ്റ് നൽകിയ ശേഷമായിരുന്നു സംഭവമെന്നും ഇവർ പറയുന്നു. ആദ്യം പുകയും തീയും കണ്ടപ്പോൾ തന്നെ ഇവർ വെള്ളമൊഴിച്ച് അണയ്ക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ ആദ്യം കത്തിയ ഇലക്ട്രിക് ഇരുചക്ര വാഹനത്തിൽ നിന്നു തീ വ്യാപിച്ചു. പിന്നാലെ സമീപത്തുണ്ടായിരുന്ന യാത്രക്കാരുടെ അടക്കം സഹായത്തോടെ ഫയർ എക്സ്റ്റിംഗ്വിഷർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഫയർ എക്സ്റ്റിംഗ്വിഷർ പ്രവർത്തനരഹിതമായിരുന്നെന്നാണ് വിവരം. തുടർന്ന് തീ വ്യാപിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയിൽ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
10 മിനിറ്റിനുള്ളിൽ അഗ്നിരക്ഷാസേനയുടെ ആദ്യ യൂണിറ്റെത്തി തീയണയ്ക്കാൻ തുടങ്ങി. ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിക്കുന്നതിനിടയിലും കനത്ത പുകയ്ക്കിടെയിലും ഒരു മണിക്കൂറിനുള്ളിൽ തീ പൂർണമായും അണച്ചു.
ഷെഡിന്റെ ഒരു വശത്തുണ്ടായിരുന്ന ഏകദേശം 25 വാഹനങ്ങളിലേക്കു തീ പടരാതെ രക്ഷിച്ചു. അഗ്നിരക്ഷാ സേനയുടെ പെട്ടെന്നുള്ള ഇടപെടലിലാണ് കൂടുതൽ ദുരന്തം ഒഴിവായത്.
ഈ സമയം മൂന്നാം പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകളെത്തിയിരുന്നില്ല.
സാധാരണ പാസഞ്ചർ ട്രെയിനുകളാണു മൂന്നാം പ്ലാറ്റ്ഫോമിലേക്ക് വരാറുളളത്. തീ ആളിപ്പടർന്നതോടെ രണ്ടാം ട്രാക്കിലുണ്ടായിരുന്ന കണ്ണൂരിലേക്കുള്ള ട്രെയിൻ പിന്നിലേക്കു നീക്കിയിട്ടിരുന്നു.
സ്റ്റേഷൻ ഓഫിസർ ടി.അനിൽകുമാർ, ബി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ പി.കെ. രഞ്ജിത്ത്, ഓഫിസർമാരായ ശ്രീഹരി, സുധൻ, അനന്തകൃഷ്ണൻ, സഭാപതി, ഷാജു ഷാജി, ഹോം ഗാർഡ് വിജയൻ, ട്രെയ്നി വൈശാഖ്, സുരേന്ദ്രൻ, അഖിൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇവർക്കൊപ്പം ഇരിങ്ങാലക്കുട നിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി.
സജീവന്റെ നേതൃത്വത്തിലുള്ള യൂണിറ്റും പുതുക്കാട് നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള യൂണിറ്റും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

