
നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു; തറഭാഗമൊഴിച്ച് ബാക്കിയെല്ലാം നിലം പൊത്തി, 25 ലക്ഷത്തിന്റെ നഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരത്തംകോട് ∙ ശക്തമായ മഴയിൽ മരത്തംകോട് നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു നിലംപൊത്തി. കിടങ്ങൂർ പിഎസ്പി റോഡിൽ നാറാണത്ത് വീട്ടിൽ ഫൈസലിന്റെ കോൺക്രീറ്റ് വീടാണ് പൂർണമായി തകർന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീടിനകത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പ്ലമിങ് പണികൾ ഇതിനകത്തു നടന്നിരുന്നുവെങ്കിലും ഇന്നലെ പണിക്കാർ എത്തിയിരുന്നില്ല.
തൊട്ടടുത്തുള്ള ഫൈസിലിന്റെ സഹോദരന്റെ വീടിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ തറഭാഗമൊഴിച്ച് ബാക്കിയെല്ലാം നിലം പൊത്തി. വീടിന്റെ ഉടമ വിദേശത്താണ്. ഒരു വർഷം മുൻപാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. വീടിന്റെ രണ്ടു നിലകളുടെയും കോൺക്രീറ്റ് പണികളെല്ലാം പൂർത്തിയായിരുന്നു. കനത്തമഴയിൽ ചുമരുകൾ നനഞ്ഞു കുതിർന്നുണ്ടായ ബലക്ഷയം മൂലമാകാം വീട് തകർന്നതെന്നാണ് പ്രാഥമിക നിഗമനം. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.മണി, വാർഡ് മെംബർ ടെസ്സി ഫ്രാൻസിസ് എന്നിവരും വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.