
മഴ: യന്ത്രങ്ങൾ ചെളിയിൽ താഴ്ന്നു; കൊയ്ത്ത് വൈകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുന്നയൂർക്കുളം ∙ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ കോൾപാടത്തെ നെൽ കർഷകർ ആശങ്കയിൽ. സീസണിൽ ആദ്യം കൊയ്ത്ത് തുടങ്ങിയ ഉപ്പുങ്ങൽ വടക്കേ പടവിൽ പകുതി ഭാഗം കൊയ്ത്ത് കഴിഞ്ഞെങ്കിലും ബാക്കി കൊയ്യാത്തത് ആശങ്കയായി.പാടത്ത് വെള്ളം കെട്ടിയതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ താഴുന്നതാണ് പ്രശ്നം. ഇന്നലെ രണ്ടിടത്ത് യന്ത്രം താഴ്ന്നു. ഇവ കരയ്ക്ക് കയറ്റാനായിട്ടില്ല. താഴ്ന്ന യന്ത്രം കയറ്റാൻ പോയപ്പോഴാണ് രണ്ടാമത്തെ യന്ത്രവും താഴ്ന്നത്.
മറ്റ് പാടങ്ങളിൽ നിന്ന് യന്ത്രങ്ങൾ എത്തിച്ച് ഇവ വലിച്ചു കയറ്റാൻ ശ്രമം നടക്കുന്നുണ്ട്. പാലായ്ക്കൽ ഉൾപ്പെടെ മേൽഭാഗം കണ്ടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞു. താഴ്ന്ന പ്രദേശമായ പള്ളിത്താഴത്താണ് ബാക്കി ഉള്ളത്. അവസാനം നടീൽ കഴിഞ്ഞ ഭാഗമാണ് ഇത്. എവിടെയും നെല്ല് വീണിട്ടില്ലെന്ന് കർഷകർ പറഞ്ഞു. യന്ത്രം താഴുന്നതും ഇവ കയറ്റാൻ മറ്റ് യന്ത്രങ്ങൾ കൊണ്ടുപോകുന്നതുമാണ് കൊയ്ത്തിനെ ബാധിക്കുന്നത്. ചെളിയിൽ താഴുന്നതിനാൽ കൊയ്ത്ത് നടക്കുന്ന ഭാഗത്തേക്ക് ട്രാക്ടർ എത്തിക്കാൻ പറ്റാത്തതും പ്രശ്നമാണ്.
കൊയ്ത നെല്ല് യന്ത്രത്തിൽ തന്നെയാണ് കരയിൽ എത്തിക്കുന്നത്. ഇതിനാൽ കൊയ്ത്തിനു കൂടുതൽ സമയം വേണ്ടിവരുന്നു. ഇത് കർഷകർക്ക് ചെലവ് കൂട്ടും.കൊയ്ത നെല്ല് സപ്ലൈകോ സംഭരിച്ചത് കർഷകർക്ക് ആശ്വാസമാണ്. 2 ദിവസമെങ്കിലും മഴ വിട്ടു നിന്നാൽ വടക്കേ പടവിൽ കൊയ്ത്ത് പൂർത്തിയാകും. 750 ഏക്കറോളം വിസ്തൃതിയുള്ള പരൂർ പടവിൽ അടുത്ത യാഴ്ചയാണ് കൊയത്ത്.