
മലയോര ഹൈവേ: 1167 കിലോമീറ്റർ, ആലപ്പുഴ ജില്ലയെ തൊടില്ല; തൃശൂരിൽ പഴയ പാതയ്ക്ക് പുതിയ പേര്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ മലയോര ഹൈവേക്കു ജില്ലയിൽ 3 റീച്ചുകളാണുള്ളത്. ആദ്യ റീച്ചായ പീച്ചി റോഡ് ജംക്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള 5.3 കിലോമീറ്റർ ആണ് ഉദ്ഘാടനം നടത്തിയത്. രണ്ടാമത്തേത് വിലങ്ങന്നൂർ മുതൽ വെള്ളിക്കുളങ്ങര വരെയുള്ള 30.84 കിലോമീറ്ററാണ്. വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ പാലം വരെ (19 കിലോമീറ്റർ) മൂന്നാം റീച്ചും. 3 റീച്ചിലും ഇപ്പോഴുള്ള റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തിലുള്ള പാത നിർമിക്കുന്നതാണു പദ്ധതി. ആകെ ഏകദേശം 55 കിലോമീറ്റർ പിന്നിട്ട് ഹൈവേ എറണാകുളം ജില്ലയിലേക്കു പ്രവേശിക്കും.
ഭാഗത്ത് മലയോര ഹൈവേയുടെ അതിർത്തി അടയാളപ്പെടുത്തിയത് കാണിക്കുന്നു.
രണ്ടാം റീച്ചിൽ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള ജോലികൾ ഇനിയും ബാക്കിയാണ്. മൂന്നാം റീച്ചിൽ ഉൾപ്പെടുന്ന കോർമല–അരിച്ചാംകുഴി ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. രണ്ടും മൂന്നും റീച്ചുകളിൽ റോഡിനായുള്ള സ്ഥലം അളന്ന് കോൺക്രീറ്റ് കല്ലുകൾ (കുറ്റി) അതിർത്തി നിർണയിച്ചു സ്ഥാപിച്ചിട്ടുണ്ട്. ഇവ സ്ഥാപിച്ചിട്ട് മാസങ്ങളായി. രണ്ടാം റീച്ച് കൂടുതലായും വന മേഖലയിലൂടെയാണു പോകുന്നത്.
വനപ്രദേശങ്ങളിൽ കല്ലുകൾക്കു പകരം ഇരുമ്പുകമ്പിയാണ് അതിർത്തി നിർണയിക്കാൻ സ്ഥാപിച്ചിട്ടുള്ളത്. മലയോര മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയിലും കുതിപ്പുണ്ടാകുമെന്നും സാമ്പത്തിക ഉന്നതി കൊണ്ടുവരുമെന്നുമുള്ള പ്രതീക്ഷ സഫലമാകാൻ ദീർഘനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണെന്നാണ് നിർദിഷ്ട മലയോര ഹൈവേയിൽ സഞ്ചരിച്ചു മലയാള മനോരമ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മലയോര പാതയിലൂടെ ഞങ്ങൾ നടത്തിയ യാത്രയിലെ നേർക്കാഴ്ചകളിലേക്ക്:
വാഗ്ദാനം – 2 വർഷത്തിനകം നിർമാണം പൂർത്തിയാക്കും
വെള്ളിക്കുളങ്ങര സെന്ററിൽ മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച വലിയ ബോർഡാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. വെറ്റിലപ്പാറ പാലം വരെയുള്ള ഹൈവേ വികസനത്തിന്റെ നിർവഹണ ഏജൻസി, കോൺട്രാക്ടർ, തുക, നിർമാണം തുടങ്ങിയ തീയതി, കാലയളവ് അടക്കമുള്ള പ്രധാന വിവരങ്ങൾ എന്നിവ ഈ ബോർഡിലുണ്ട്. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനവും ബോർഡിലുണ്ട്.
വെറ്റിലപ്പാറയിലേക്കുള്ള പാതയിൽ കോർമല ആശ്രമം, അരിച്ചാംകുഴി, രണ്ടുകൈ പ്രദേശങ്ങളിൽ മലയോര ഹൈവേയുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവിടെ സ്ഥലമേറ്റെടുപ്പ് പലയിടത്തും പൂർത്തിയായിട്ടുണ്ട്. മണ്ണിട്ട് റോഡ് ഉയർത്തൽ, കോൺക്രീറ്റ് കാന–കലുങ്ക് നിർമാണം എന്നിവയാണ് ആദ്യഘട്ടമായി നടക്കുന്നത്. നിർമാണ ജോലികൾ നടക്കുന്നതിനാൽ ഒരു വരിയായാണ് പലയിടത്തും ഗതാഗതം. ഈ പാതയിൽ പലഭാഗത്തും റോഡ് തകർന്നിട്ടുണ്ട്. ചിലയിടത്ത് വലിയ കുഴികളും മറ്റുമായി യാത്ര തന്നെ ദുരിതം. മലയോര ഹൈവേ യാഥാർഥ്യമാകുന്നതോടെ റോഡുതകർച്ചയ്ക്കു പരിഹാരമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
പഴയ പാതയ്ക്ക് പുതിയ പേര്
പൊതുമരാമത്തിന്റെ കണക്കു പ്രകാരം ദേശീയപാത 544ൽ പട്ടിക്കാട് സെന്ററിലെ പീച്ചി റോഡ് ജംക്ഷനിൽ ആരംഭിക്കുന്നു ജില്ലയിലെ മലയോര ഹൈവേ. എന്നാൽ യഥാർഥത്തിൽ പഴയ പട്ടിക്കാട്–പീച്ചി റോഡാണ് മലയോര ഹൈവേയുടെ ഒന്നാം റീച്ചായി മാറിയത്. 10 വർഷം മുൻപു നവീകരണം പൂർത്തിയാക്കി ബിഎംബിസി നിലവാരത്തിൽ വീതി കൂട്ടി പണിത റോഡിൽ വീണ്ടും റീ ടാറിങ് നടത്തുകയായിരുന്നു.
രാജാജി മാത്യു തോമസ് ഒല്ലൂർ എംഎൽഎ ആയിരുന്ന കാലത്താണ് (2006–11) പദ്ധതി തയാറാക്കിയത്. പിന്നീട് എം.പി.വിൻസന്റ് എംഎൽഎ ആയിരുന്നപ്പോൾ (2011–16) റോഡ് വീതികൂട്ടി റീ ടാറിങ് നടത്തി. തുടർന്ന് 10 വർഷവും കാര്യമായ തകരാറില്ലാതിരുന്ന റോഡാണ് ഇപ്പോൾ റീടാർ ചെയ്ത് ഹൈവേയുടെ ഭാഗമാക്കിയത്. റീടാർ ചെയ്തതിനൊപ്പം പുതിയ സംരക്ഷണ ഭിത്തികൾ, കോൺക്രീറ്റ് കലുങ്കുകൾ–കാനകൾ, ഇന്റർലോക് നടപ്പാത, ഇലുമിനേറ്റിങ് റോഡ് മാർക്കിങ്, റോഡ് സ്റ്റഡുകൾ, ദിശാസൂചകങ്ങൾ, സ്ഥലനാമ ബോർഡുകൾ എന്നിവ ഈ പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. 8 പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നിർമിച്ചു.
സൗജന്യം പറ്റില്ല; ന്യായമായ നഷ്ടപരിഹാരം വേണം
വിലങ്ങന്നൂർ ജംക്ഷനിൽനിന്നു ചെന്നായ്പ്പാറ–മാന്ദാമംഗലം വഴിയാണ് മലയോര ഹൈവേയുടെ രണ്ടാം റീച്ച്. ഈ പ്രദേശത്ത് ഇരു ഭാഗത്തും ഹൈവേയുടെ അതിര് അടയാളപ്പെടുത്തി കോൺക്രീറ്റ് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. പിങ്ക് നിറമാണ് കുറ്റികൾക്ക്. പുറമ്പോക്കിലും സൗജന്യമായി സ്ഥലം നൽകിയവരുടെ വീടുകൾക്കു മുന്നിലും പരിസരത്തും പിങ്ക് കോൺക്രീറ്റ് കല്ലുകൾ കാണാം. ഈ പിങ്ക് കുറ്റികളാണ് ഞങ്ങളുടെ യാത്രയ്ക്കു വഴികാട്ടിയായതും. ഇനിയും സ്ഥലം വിട്ടുനൽകാത്ത കുടുംബങ്ങൾ പ്രദേശത്തുണ്ട്.
ന്യായമായ നഷ്ടപരിഹാരമാണ് പല വീട്ടുകാരുടെയും ആവശ്യം. ചെന്നായ്പ്പാറ പിന്നിട്ട് കൊളാംകുണ്ട് സെന്ററിലെത്തിയപ്പോൾ വർഷങ്ങളായി സെന്ററിലെ വ്യാപാരിയായ തറയ്ക്കനാൽ ജോയ് റോഡ് വികസനം സംബന്ധിച്ച ചെറു ചർച്ചയ്ക്കു തുടക്കമിട്ടു. ജോയിയുടെ സെന്റ് മേരി സ്റ്റോഴ്സിന്റെ ഭിത്തിയിൽ ഹൈവേയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ അതിർത്തി അടയാളപ്പെടുത്തിയിട്ടുണ്ട്. ‘‘ കടയുടെ ഷീറ്റിട്ട ഭാഗം വരെ സൗജന്യമായി ഹൈവേക്കു വിട്ടുനൽകി. എന്റെ അച്ഛൻ ഔസേപ്പിന്റെ കാലത്താണ് ഈ പ്രദേശത്തേക്കു വഴി നിർമിച്ചത്. കൂടുതൽ ഭൂമിയുള്ളവർ ഹൈവേക്കു സൗജന്യമായി സ്ഥലം നൽകാൻ തയാറാകുമെങ്കിലും കുറഞ്ഞ അളവിൽ ഭൂമി സ്വന്തമായുള്ളവർ മടിക്കും.
അവർ നഷ്ടപരിഹാരം ആഗ്രഹിക്കുന്നതിൽ തെറ്റില്ല.’’– ജോയ് പറഞ്ഞു.ജനങ്ങൾ ഹൈവേക്ക് എതിരല്ലെന്നും എന്നാൽ തീരദേശ ദേശീയപാതയ്ക്കടക്കം ഭൂമിയേറ്റെടുക്കലിനു വലിയ തോതിൽ നഷ്ടപരിഹാരം നൽകുമ്പോൾ മലയോര ജനതയ്ക്കു തുക നൽകാതിരിക്കുന്നത് അനീതിയാണെന്നു യു ട്യൂബറും പ്രദേശവാസിയുമായ അഭിജിത്ത് പറഞ്ഞു.
‘‘സർക്കാരിന്റെ ഏതുതരം വികസനത്തിനും ഭൂമി വിട്ടുകൊടുക്കാൻ തയാറാണ് എന്ന സമ്മതപത്രം നൽകണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ എത്ര ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നു കൃത്യമായി പറയുന്നില്ല. ഇപ്പോഴുള്ള റോഡിനു സ്ഥലം നൽകിയവർ ഈ പ്രദേശത്തുണ്ട്. വീണ്ടും സൗജന്യമായി നൽകണമെന്ന നിലപാടിനോടാണ് എതിർപ്പ്. ഏറ്റെടുക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സ്ഥലം ഉടമകളുമായി പങ്കുവയ്ക്കണം. ന്യായമായ നഷ്ടപരിഹാരം നിശ്ചയിച്ചും സമയബന്ധിതമായി തുക നൽകിയും പദ്ധതി നടപ്പാക്കണം.’’–അഭിജിത്ത് പറഞ്ഞു.
കൊളാംകുണ്ട് സെന്റർ പിന്നിട്ട് മാന്ദാമംഗലത്തേക്കുള്ള വഴിയിൽ ഈ ആവശ്യമുന്നയിച്ച് മലയോര സമിതി മരത്തിൽ പതിച്ച നോട്ടിസും കണ്ടു. ‘മലയോര ഹൈവേക്കു ഭൂമി തരാം.. ന്യായമായ നഷ്ടപരിഹാരം തരണം’ എന്നാണ് നോട്ടിസിലെ ആവശ്യം. തുടർന്ന് മാന്ദാമംഗലത്ത് നിന്നു കള്ളായിയിലേക്ക്. കള്ളായി ഭാഗത്ത് ഹൈവേയുടെ സർവേ നടപടികൾ പുരോഗമിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് വനമേഖലയിലൂടെയും റബർ പ്ലാന്റേഷൻ തോട്ടങ്ങളിലൂടെയുമാണ് ഹൈവേ പോകുന്നത്. വനഭൂമിയിൽ അതിർത്തികൾ നിർണയിച്ച് താൽക്കാലിക പെഗ് മാർക്കിങ് നടത്തിയിട്ടുണ്ട്. തുടർന്നു പുലിക്കണ്ണി–പാലപ്പിള്ളി വഴി ചൊക്കനയും താണ്ടി വെള്ളിക്കുളങ്ങരയിലെത്തി.
1167 കിലോമീറ്റർ, ആലപ്പുഴയെ തൊടില്ല
കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാല വരെ മലയോര മേഖലയിലൂടെയുള്ള 1167 കിലോമീറ്റർ ദൂരമാണ് മലയോര ഹൈവേ (സ്റ്റേറ്റ് ഹൈവേ–59). ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ ഹൈവേ കടന്നുപോകും. കിഫ്ബി വഴി 3500 കോടി രൂപ ചെലവഴിച്ചാണു നിർമാണം. ആകെ 70 റീച്ചുകളിലായി 12 മീറ്റർ വീതിയിലാണ് റോഡ്. ഇതിൽ 55 റീച്ചിൽ കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി) നിർവഹണ ചുമതല. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം പൊതുജനങ്ങളിൽ നിന്നു സൗജന്യമായി ലഭ്യമാക്കി ആധുനിക നിലവാരത്തിലുള്ള ഡിസൈൻ ഹൈവേയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പാലക്കാട് പന്തലാംപാടം വഴി ദേശീയപാതയിലൂടെയാണു (544) മലയോര ഹൈവേ തൃശൂർ ജില്ലയിലേക്കു പ്രവേശിക്കുന്നത്. ജില്ലയിൽ ഒല്ലൂർ, പുതുക്കാട്, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളിലൂടെ ഹൈവേ കടന്നുപോകുന്നു. പട്ടിക്കാട് സെന്ററിൽ പീച്ച് റോഡ് ജംക്ഷനിലാണ് ഹൈവേയുടെ തുടക്കം. തുടർന്ന് വിലങ്ങന്നൂർ ജംക്ഷൻ–മാന്ദാമംഗലം–മരോട്ടിച്ചാൽ–പുളിഞ്ചോട് കവല–കള്ളായി–പുലിക്കണ്ണി–പാലപ്പിള്ളി–കുരുകുളം–ചൊക്കന–നായാട്ടുകുണ്ട് വഴി വെള്ളിക്കുളങ്ങര. വെള്ളിക്കുളങ്ങരയിൽ നിന്ന് ചായ്പൻകുഴി–വെറ്റിലപ്പാറ പാലം വഴി എറണാകുളം ജില്ലയിലേക്ക്.