
ചാലക്കുടി ആനമല ജംക്ഷനിലെ ഗതാഗതക്കുരുക്ക് നീക്കാൻ ബസ് ഷെൽറ്റർ പൊളിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ ആനമല ജംക്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ജംക്ഷനിൽ നിന്നു ട്രാംവേ റോഡിലേക്കു തിരിയുന്ന ഭാഗത്തെ ബസ് ഷെൽറ്റർ നഗരസഭ നീക്കം ചെയ്തു. ദേശീയപാതയിൽ ട്രാംവേ റോഡിൽ അടിപ്പാത വന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം വർധിച്ചതാണ് ആനമല ജംക്ഷനിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണം.
നഗരസഭ വടക്കേ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി, ഇരിങ്ങാലക്കുട ഭാഗത്തേക്കു പോകുന്ന ബസുകൾക്കു സ്റ്റാൻഡിൽ കയറാതെ ആളുകളെ കയറ്റുന്നതിനുള്ള സൗകര്യത്തിനാണ് ഇവിടെ ബസ് ഷെൽറ്റർ നിർമിച്ചത്. നേരത്തെ ഇതിനു തൊട്ട് തെക്കു ഭാഗത്തു ജുമാ മസ്ജിദിന് സമീപമായിരുന്നു ഈ സ്റ്റോപ്പ്. വാഹനങ്ങൾ തിരിഞ്ഞു പോകുന്നതിനു ബസ് ഷെൽറ്റർ വലിയ തടസ്സമുണ്ടാക്കുന്നതായി മനസ്സിലാക്കിയതോടെ പൊളിച്ചു മാറ്റാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
സ്കൂൾ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് വർധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഷെൽറ്റർ പൊളിച്ചതെന്നും ഗതാഗതം സുഗമമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ പറഞ്ഞു. ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്ന ബസുകൾ ജുമാമസ്ജിദിനു സമീപം നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പിൽ ഇനി മുതൽ നിർത്തണമെന്നും നിർദേശിച്ചു. ബസ് ഷെൽറ്റർ നീക്കിയ ഭാഗത്തു വാഹന പാർക്കിങ് പൂർണമായും നിരോധിച്ചു.