ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. സ്വർണധ്വജത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സപ്തവർണ കൊടി ഉയർത്തിയതോടെയാണ് 10 ദിവസത്തെ ഉത്സവത്തിന് തുടക്കമായത്.
തുടർന്ന് ശ്രീഭൂതബലിയും കൊടിപ്പുറത്തു വിളക്കും നടന്നു. ദീപാരാധനയ്ക്കു ശേഷം ആചാര്യവരണം നടന്നു.
ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രിക്ക് കൂറയും പവിത്രവും നൽകി. തുടർന്ന് മുളയിടൽ ചടങ്ങ് നടത്തി.
16 വെള്ളിപ്പാലികകളിൽ 12 ധാന്യങ്ങൾ വിതച്ചു പൂജ ചെയ്തു. കൊടിപൂജയ്ക്കു ശേഷം കൊടിയേറ്റം നടന്നു.
ഇന്നു രാവിലെ തന്ത്രി ദിക് കൊടികൾ സ്ഥാപിക്കും. തുടർന്ന് മേളത്തോടെ കാഴ്ചശീവേലി.
ഇന്നു മുതൽ രാവിലെയും ഉച്ചകഴിഞ്ഞും മേളത്തോടെ കാഴ്ചശീവേലിയുണ്ടാകും. രാവിലെ 11ന് നാലമ്പലത്തിൽ സപ്ത മാതൃക്കൾക്ക് സമീപവും രാത്രി 8ന് ശേഷം വടക്കേ നടയ്ക്കലും സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു വയ്ക്കൽ, തായമ്പക.
ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കഞ്ഞിയും മുതിര ഇടിച്ചക്ക പുഴുക്കും പപ്പടവും പ്രസാദ ഊട്ടായി നൽകും. രാത്രി ചോറും രസകാളനും ഓലനും പപ്പടവുമാണ് വിഭവങ്ങൾ.
5 വേദികളിൽ കലാപരിപാടികളുണ്ട്. പുലർച്ചെ 5ന് ആരംഭിക്കും.
രാത്രി 11ന് സമാപിക്കും.
ഗുരുവായൂരിൽ ആനയില്ലാ ശീവേലി
ഗുരുവായൂർ ∙ ഉത്സവം കൊടിയേറ്റദിവസം ചടങ്ങിന്റെ ഭാഗമായി ആനയില്ലാശീവേലി നടത്തി. രാവിലത്തെ ശീവേലിക്ക് കീഴ്ശാന്തി ചെറുതയൂർ അജിത്ത് നമ്പൂതിരി ഭഗവാന്റെ തങ്കത്തിടമ്പ് കയ്യിലേന്തി ശീവേലി എഴുന്നള്ളിച്ചു.
ക്ഷേത്രത്തിൽ എല്ലാ ദിവസവും ആനപ്പുറത്താണ് ശീവേലി. കൊടിയേറ്റ ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി.
ക്ഷേത്രത്തിൽ ആനകളില്ലാതിരുന്ന കാലത്തിന്റെ സ്മരണയുണർത്തുന്ന ചടങ്ങുകളാണ് ആനയില്ലാ ശീവേലിയും ആനയോട്ടവും.
ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ജേതാവ്
ഗുരുവായൂർ ∙ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ (48) ഒന്നാമനായി. കഴിഞ്ഞ വർഷത്തെ ജേതാവ് ബാലുവായിരുന്നു തുടക്കത്തിൽ മുന്നിൽ ഉണ്ടായിരുന്നത്.
നടപ്പുരയിലെത്തി വൈകാതെ രവികൃഷ്ണൻ ബാലുവിനെ മറി കടന്നു. കിഴക്കേ ഗോപുരത്തിലൂടെ അകത്തെത്തിയ രവികൃഷ്ണനെ ചൊവ്വല്ലൂർ നാരായണ വാരിയർ നിറപറ വച്ചു സ്വീകരിച്ചു.
ക്ഷേത്രത്തിനകത്ത് 7 പ്രദക്ഷിണം പൂർത്തിയാക്കി രവികൃഷ്ണൻ കൊടിമരത്തിനു മുന്നിലെത്തി ഭഗവാനെ വണങ്ങി. 2022ൽ വിജയിച്ച രവികൃഷ്ണന്റെ രണ്ടാം വിജയമാണിത്.
ഇക്കുറി 8 ആനകളാണ് പങ്കെടുത്തത്.
ഇതിൽ രവികൃഷ്ണൻ, ബാലു, കൃഷ്ണനാരായണൻ എന്നീ കൊമ്പന്മാരെയാണ് ഓടാൻ നിശ്ചയിച്ചത്. ഗോപീകൃഷ്ണൻ, സിദ്ധാർഥൻ, വലിയ വിഷ്ണു, ദാമോദർദാസ്, ഗജേന്ദ്ര എന്നിവരും മഞ്ജുളാലിൽ നിരന്നു.
ക്ഷേത്രത്തിൽ നാഴികമണി 3 അടിച്ചപ്പോൾ ആനയോട്ടം ആരംഭിച്ചു. പാരമ്പര്യാവകാശികളായ കണ്ടിയൂർ പട്ടത്ത് വാസുദേവൻ നമ്പീശൻ, മാതേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ എന്നിവർ ആനകളെ അണിയിക്കാനുള്ള മണികൾ പാപ്പാന്മാർക്ക് കൈമാറി.
പാപ്പാന്മാർ ഇതുമായി ഓടി മഞ്ജുളാലിൽ എത്തിച്ച് ആനകളെ അണിയിച്ചു.
കാർത്തിക്.ജെ.മാരാർ ശംഖ് വിളിച്ചു, ആനയോട്ടം ആരംഭിച്ചു. രവികൃഷ്ണനെ വിജയത്തിലേക്ക് എത്തിച്ചത് മുകളിലിരുന്നു നയിച്ച പാപ്പാൻ എസ്.ശരത്ത്, ഒന്നാം പാപ്പാൻ സീബു (സി.സി.
ഉണ്ണി), ബാബു എന്നിവരാണ്. 2003 സെപ്റ്റംബറിൽ തൃത്താല സ്വദേശി വി.വി.ശിവങ്കരനാണ് രവികൃഷ്ണനെ നടയിരുത്തിയത്. ഉത്സവക്കാലത്ത് ക്ഷേത്രത്തിലെ ശീവേലി, ശ്രീഭൂതബലി ചടങ്ങുകൾക്ക് രവികൃഷ്ണൻ തിടമ്പ് എഴുന്നള്ളിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

