വർക്കല∙ ശിവഗിരി തീർഥാടനത്തെ വരവേറ്റു കൊണ്ട് നാടാകെ കൊടി തോരണങ്ങളും ഗുരുദേവ ചിത്രവും സ്വാഗത കമാനങ്ങളും ഉയർന്നു. ഡിസംബർ 15 മുതൽ ശിവഗിരി തീർഥാടന കാലമായി പ്രഖ്യാപനം നടത്തിയതു മുതൽ ശ്രീനാരായണീയരുടെ വരവ് കണക്കാക്കി വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് തീർഥാടന നഗരിയിൽ ഒരുക്കിയിട്ടുള്ളത്. തീർഥാടന സമ്മേളനവും പുതുവത്സര ആഘോഷവും ഒന്നിച്ച് എത്തുന്ന വേളയിൽ നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
തീർഥാടന സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവരുടെ വരവിലും വൻ വർധനയുണ്ട്.
തീർഥാടന ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനു സംസ്ഥാനത്തിനു വിവിധ ഭാഗങ്ങളിൽ നിന്നു പുറപ്പെട്ട പദയാത്ര സംഘങ്ങൾ ഇന്നു വൈകിട്ടോടെ ശിവഗിരിയിൽ എത്തിച്ചേരും. ഗുരുപൂജയായി നൽകേണ്ട
അന്നദാനത്തിന്റെ ഒരുക്കം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. തീർഥാടക നഗരിയിൽ വാണിജ്യ മേളകളും ഇതിനകം പ്രവർത്തിച്ചു വരുന്നുണ്ട്.
വർക്കലയിൽ ഗതാഗത ക്രമീകരണം
തീർഥാടന സമ്മേളനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ മൂന്നു ദിവസം വരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഉണ്ടാകും.
തിരക്കേറിയ വേളകളിൽ മട്ടിൻമൂടിലും ഗുരുകുലം ജംക്ഷനിലും ശിവഗിരി റോഡിലേക്കുള്ള വാഹനഗതാഗതം തടയും. പാസ് ലഭിച്ച വാഹനങ്ങൾക്കാണ് പ്രവേശനം.
നിശ്ചിത സ്ഥലങ്ങളിൽ മാത്രമാണ് പാർക്കിങ് അനുവദിക്കുക. ഇന്നു രാവിലെ ഉപരാഷ്ട്രപതി എത്തുന്നതിനാൽ ഹെലിപാഡ് മുതൽ ശിവഗിരി റൂട്ട് വരെ നിശ്ചിത സമയങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടാകും ഉപരാഷ്ട്രപതിയുടെ വരവ് പ്രമാണിച്ചു പൊലീസ് ട്രയൽ റൺ പൂർത്തിയാക്കി.
പദയാത്രകളും പ്രയാണങ്ങളും ശിവഗിരിയിൽ
ശിവഗിരി തീർഥാടകരുടെ പദയാത്രകളും വിവിധ പ്രയാണങ്ങളും ഇന്നലെ വൈകിട്ടോടെ ശിവഗിരിയിൽ എത്തിച്ചേർന്നു.
തീർഥാടന നഗരിയിൽ ഉയർത്താനുള്ള ധർമപതാക കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിലും കൊടിക്കയർ കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്ന് ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ എത്തിച്ചു. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട
ദിവ്യജ്യോതിസ് പ്രയാണവും സമ്മേളന വേദിയിൽ സ്ഥാപിക്കാൻ ഇലവുംതിട്ട മൂലൂർ വസതിയിൽ നിന്നുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹവും വൻ ഭക്തജന സാന്നിധ്യത്തിൽ എത്തിയിട്ടുണ്ട്.
തീർഥാടന ഘോഷയാത്രയിൽ അണിനിരത്തുന്ന ധർമപതാക, ഗുരുദേവ വിഗ്രഹത്തിൽ ചാർത്താനുള്ള വസ്ത്രം എന്നിവയും എത്തിക്കുന്നുണ്ട്.
കലാപരിപാടികൾക്ക് തുടക്കമായി
തീർഥാടന സമ്മേളനങ്ങൾക്കു തുടങ്ങുന്നതിന് പിന്നാലെ വിവിധ കലാപരിപാടികൾക്കും തുടക്കമാകും. ഇന്നു രാത്രി 7.30ന് സിനിമാതാരം ആശാ ശരത് അവതരിപ്പിക്കുന്ന ഗുരുവന്ദനം പരിപാടി ആരംഭിക്കും. തുടർന്നു സംഗീതപരിപാടി.
നാളെ രാത്രി 7.30 മുതൽ നവരസം, ഗുരു മാധുര്യം, നാടകം, കഥാപ്രസംഗം തുടങ്ങിയ പരിപാടികൾ. ജനുവരി ഒന്നിനു രാത്രി 8.30 മുതൽ കലാഞ്ജലി, മ്യൂസിക്കൽ നൈറ്റ്, കഥാപ്രസംഗം.
അൻപത് ലക്ഷം തീർഥാടകർ എത്തുമെന്നു ശിവഗിരി മഠം
തീർഥാടക പ്രവാഹം കണക്കാക്കി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി മഠം അധികൃതർ.
50 ലക്ഷത്തോളം തീർഥാടകർ എത്തുമെന്ന് കണക്കാക്കുന്നതായി ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, എ.വി.അനൂപ് എന്നിവർ അറിയിച്ചു. മഹാസമാധി സന്നിധിയിലും വൈദിക മഠത്തിലും ശാരദാദേവി മന്ദിരത്തിലും പ്രാർഥനയ്ക്കും വഴിപാടുകൾക്കുമായി ആയിരങ്ങളാണ് ദിവസവും എത്തിച്ചേരുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർഥാടകരുടെ എണ്ണവും വർധിച്ചു.
ശിവഗിരിയിൽ ഇന്ന്
തീർഥാടനത്തിനു തുടക്കംകുറിച്ചു പതാക ഉയർത്തൽ മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, രാവിലെ 7.30, തീർഥാടനം ഉദ്ഘാടനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 10.00, വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 11.00, ആരോഗ്യ സമ്മേളനം ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 1.00, ഗുരുവിന്റെ ഏകലോക വ്യവസ്ഥിതി സമ്മേളനം ഉദ്ഘാടനം ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 3.00, ശ്രീനാരായണ ദിവ്യസത്സംഗം 4.00, ഈശ്വരഭക്തി സമ്മേളനം ഉദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി 5.00. കലാപരിപാടികളിൽ നടി ആശാ ശരത്തിന്റെ ഗുരുവന്ദനം നൃത്തപരിപാടി 8.00.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

