പാറശാല ∙ നിർമാണം പൂർത്തിയാവും മുമ്പ് ഉദ്ഘാടന മാമാങ്കം നടത്തിയ പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യൽറ്റി മന്ദിരം രണ്ടു മാസത്തിനു ശേഷവും നോക്കുകുത്തിയായി തുടരുമ്പോൾ ആതുരാലയത്തിലെത്തുന്ന നൂറുക്കണക്കായ രോഗികൾ നരകയാതന അനുഭവിക്കുന്നു. സർക്കാർ, കിഫ്ബി മുഖേന 46.86 കോടി ചിലവിട്ട് നിർമ്മിച്ച നാലു നിലക്കെട്ടിടം ഇക്കഴിഞ്ഞ ഓഗസ്റ്റ് 29–ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉൾപ്പൈടെയുളളവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
ആധുനിക സംവിധാനങ്ങളോടു കൂടിയ ട്രോമോകെയർ, അത്യാഹിത വിഭാഗം, 3 ഓപ്പറേഷൻ തിയറ്ററുകൾ, ദിനംപ്രതി 40 പേർക്ക് പ്രയോജനപ്പെടുത്താൻ സൗകര്യമുളള ഡയാലിസിസ് യൂണിറ്റ് ,സ്കാനിംഗ് യൂണിറ്റ്, ഫാർമസി, സെൻട്രൽ ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ പുതിയ മന്ദിരത്തിലുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടപ്പോൾ ഒ.പി വിഭാഗം പുതിയ കെട്ടിടത്തിലെ ഒന്നാം നിലയിലേക്കു മാറ്റിയതു മാത്രമാണ് ആകെ സംഭവിച്ചത്. പ്രഖ്യാപിച്ച യൂണിറ്റുകൾ ഒന്നും പ്രവർത്തനമാരംഭിച്ചില്ലെന്നു മാത്രമല്ല, ഉദ്ഘാടനദിവസം വളരെ മനോഹരമായിരുന്ന കെട്ടിടത്തിൽ ഇപ്പോഴും പല നിർമാണപ്രവൃത്തികളും നടക്കുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങളും പാഴ് വസ്തുക്കളും നിറഞ്ഞ് ആകെ അലങ്കോലമായിക്കിടക്കുന്നു.
പുതിയ കെട്ടിടത്തിൽ ഇലക്ട്രിക് പണികൾ പൂർത്തിയാകാത്തതിനാൽ ഇനിയും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല.
3 ഓപ്പറേഷൻ തിയറ്ററുകൾ പ്രവർത്തിക്കേണ്ട മൂന്നാം നിലയിൽ ആകൈ ഒരു തിയറ്ററിന്റെ മാത്രം ഇന്റീരിയർ ജോലികൾ മാത്രമാണ് നടക്കുന്നത്. മറ്റു രണ്ടെണ്ണം ഉടനുണ്ടവില്ലെന്നറിയുന്നു.
മാത്രമല്ല, ഓപ്പറേഷൻ തിയറ്ററിൽ അവശ്യം വേണ്ടതായ മെഡിക്കൽ ഗ്യാസ്പ്ലാന്റ് ഇനിയും സ്ഥാപിച്ചിട്ടുമില്ല. ഐ സി യൂണിറ്റിലെ എസിയുടെ നിർമാണവും ഇപ്പോഴാണ് നടക്കുന്നത്.
ഇവിടത്തെ ആവശ്യത്തിനായി എത്തിച്ച് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ലക്ഷങ്ങൾ വില വരുന്ന പുതിയ കട്ടിലുകളും മെത്തകളും പൊടിയടിച്ച് നശിക്കുന്നു.
പുതിയ കെട്ടിടത്തിന്റെ ചുറ്റു മതിൽ ഉദ്ഘാടനം കഴിഞ്ഞ് ആദ്യ മഴയിൽ തന്നെ തകർന്നുവീണിരുന്നു. നിത്യേന ആയിരത്തോളം പേർ ഒപിയിലെത്തുന്ന പ്രധാനപ്പെട്ട
താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതിയ കെട്ടിടമുണ്ടായിട്ടും പ്രയോജനമില്ലാതായതിനാൽ ,അഡ്മിറ്റ് ആകുന്ന രോഗികൾ നിലത്ത് കിടക്കേണ്ട ഗതികേടിലാണ്.
പഴയ കെട്ടിടത്തിന്റെ ഒരു വശത്ത് താൽക്കാലികമായി തുറസായ സ്ഥലത്ത് പ്രവർത്തിച്ചു വരുന്ന ഒ.പിയിൽ മഴയും വെയിലുമേറ്റ് ഏറെ നേരം നിന്നു വേണം ഒപി ടിക്കറ്റു വാങ്ങാൻ. പുതിയ കെട്ടിടത്തിലേക്ക് ഒപി വിഭാഗമെങ്കിലും മാറ്റണെന്ന ആവശ്യം പോലും പരിഗണിക്കുന്നില്ല.
നിലവിലെ ആശുപത്രിയിൽത്തന്നെ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും അനുബന്ധ ജീവനക്കാരും ഇല്ലാതിരിക്കെ, പുതിയ മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിൽ അധികമായി വേണ്ട
സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുളള സ്റ്റാഫിനെക്കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല. ഒരു അനസ്തെറ്റിസ്റ്റിന്റെ പോസ്റ്റു മാത്രമുളള ആശുപത്രിയിൽ 3 ഓപ്പറേഷൻ തിയറ്ററുകൾ എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതിനിടെ നിർമാണംപൂർത്തിയാക്കാതെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തിയതിനെതിരെ ആരോഗ്യ വകുപ്പിൽ നിന്നു തന്നെ അന്നേ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് പണി പൂർത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ,ചെയ്യുക വഴി സർക്കാർ ജനങ്ങളെ വിഢികളാക്കുകയിയിരുന്നുവെന്നും കെട്ടിടം എത്രയും വേഗം പ്രവർത്തനസജജമാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികൾ സമരപാതയിലാണ്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാറശാല ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ആശുപത്രിയിൽ എച്എംസി വഴി വൻതോതിൽ പാർശ്വവർത്തികളെ നിയമിക്കാനുളള നീക്കം അണിയറയിൽ തകൃതിയായി നടന്നുവരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

