കോവളം ∙ സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്നയാളെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. കുറ്റം സമ്മതിച്ച അയൽവാസി അറസ്റ്റിലായി.
കോവളം നെടുമംപറമ്പിൽ വീട്ടിൽ രാജേന്ദ്രൻ(60) കൊല്ലപ്പെട്ട കേസിൽ ഓട്ടോഡ്രൈവർ വെള്ളാർ മൂക്കോട്ട് വീട്ടിൽ രാജീവ്(42) ആണ് അറസ്റ്റിലായത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് 17ന് ടെറസിൽ കണ്ടെത്തിയത്.
സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും സ്വനപേടകം തകർന്നതും തൈറോയ്ഡ് ഗ്രന്ഥികൾക്ക് ക്ഷതമേറ്റതും കഴുത്തിൽ ശക്തിയായി അമർത്തിയതു മൂലം സംഭവിച്ചതാണെന്ന പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലാണ് കേസിൽ വഴിത്തിരിവായത്. വർഷങ്ങളായി ഭാര്യയുമായി അകന്നുകഴിയുന്ന രാജേന്ദ്രൻ നഗരത്തിലെ ഹോട്ടലിൽ പാചകക്കാരനായിരുന്നു.
രാജീവിന്റെ വീട്ടിൽ മദ്യക്കച്ചവടമുണ്ടായിരുന്നുവെന്നും രാജേന്ദ്രൻ 14ന് വൈകിട്ടോടെ ഇവിടെയെത്തി മദ്യം വാങ്ങിയെന്നും പൊലീസ് കണ്ടെത്തി.
ഇതിനിടെ തന്റെ അമ്മയുമായി വാക്കുതർക്കമുണ്ടാവുന്നതും കയ്യിൽ കടന്നുപിടിക്കുന്നതും രാജീവ് കണ്ടിരുന്നു. പിന്നീട് അർധരാത്രിയോടെ രാജേന്ദ്രൻ വീടിന്റെ ടെറസിൽ നിൽക്കുമ്പോഴാണ് ഈ സംഭവം ചോദ്യം ചെയ്യാൻ രാജീവ് ചെല്ലുന്നതും കൊലപാതകം നടക്കുന്നതുമെന്ന് പൊലീസ് പറഞ്ഞു. തോളിലും കഴുത്തിലും നഖം കൊണ്ടുള്ള മുറിവുകൾ ശ്രദ്ധയിൽപെട്ടതിനാൽ രാജീവ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
മരണവെപ്രാളത്തിൽ രാജേന്ദ്രൻ കയറി പിടിച്ചപ്പോൾ സംഭവിച്ചതാണ് ഇതെന്നു പൊലീസ് കണ്ടെത്തി.
രാജീവിന്റെ കൈക്കുഴയ്ക്ക് പരുക്കേറ്റെങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് ചികിത്സ തേടിയതെന്നതും പൊലീസ് കണ്ടെത്തി. ഈ സംഭവങ്ങളും ഡോക്ടറുടെ നിരീക്ഷണവും ഉൾപ്പെടെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതമെന്ന് ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്, ഫോർട്ട് അസി.കമ്മിഷണർ എൻ.ഷിബു, കോവളം എസ്എച്ച്ഒ വി.ജയപ്രകാശ് എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]