തമിഴ്നാട്ടിൽ നിന്ന് പാറ, മെറ്റൽ, എം സാൻഡ്, പാറപ്പൊടി എന്നീ നിർമാണ വസ്തുക്കൾ അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുളള വിലക്ക് തുടരുന്നത് തിരുവനന്തപുരം ജില്ലയിലെ നിർമാണ പ്രവൃത്തികൾക്ക് വലിയ ആഘാതമാകുന്നു. വാഹന ഉടമകൾ, തൊഴിലാളികൾ, നിർമാണ അനുബന്ധ മേഖലകളിൽ ഉള്ളവർ എന്നിങ്ങനെ ആയിരങ്ങളാണ് 4 മാസത്തോളമായി ദുരിതമനുഭവിക്കുന്നത്.
കേരളത്തിലേക്കുളള നിർമാണ വസ്തുക്കൾക്കായി എത്തുന്ന ലോറികൾ, ടിപ്പറുകൾ തുടങ്ങിയവ വ്യാപകമായ അപകടങ്ങൾക്കിടയാക്കുന്നുവെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ഏപ്രിൽ മുതൽ ഈ വാഹനങ്ങൾ കന്യാകുമാരി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കഴക്കൂട്ടം–കാരോട്–നാഗർകോവിൽ ബൈപാസിന്റെ നിർമാണം പൂർത്തിയാകുമ്പോൾ അതു വഴി പ്രവേശനം അനുവദിക്കാമെന്നാണ് അധികൃതരുടെ വാക്ക്.
കാരോട്–നാഗർകോവിൽ ബൈപാസ് നിർമാണം ജൂലൈയോടെ പൂർത്തിയാകുമെന്നാണ് ദേശീയപാത വിഭാഗം നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഈ വർഷാവസാനത്തോടെ മാത്രമേ പൂർത്തിയാകാൻ സാധ്യതയുളളൂ. കന്യാകുമാരി, വളളിയൂർ, തിരുനെൽവേലി, തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലേക്ക് ആവശ്യമായ പാറ, മെറ്റൽ, എം സാൻഡ്, പാറപ്പൊടി തുടങ്ങിയവ എത്തിച്ചിരുന്നത്.
ഇവ കിട്ടാതായതോടെ വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം– കന്യാകുമാരി റയിൽപാത ഇരട്ടിപ്പിക്കൽ, വിവിധ റോഡുകൾ, ഫ്ലാറ്റുകൾ, വീടുകൾ ഉൾപ്പെടെയുളള സ്വകാര്യ നിർമാണ പ്രവൃത്തികൾ എന്നുവേണ്ട എല്ലാം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.
ദിവസേന രണ്ടായിരത്തോളം ടോറസ് ലോറികളിലാണ് നിർമാണ വസ്തുക്കൾ തിരുവനന്തപുരം ജില്ലയുടെ നാനാ ഭാഗങ്ങളിൽ എത്തിയിരുന്നത്. പ്രവേശന വിലക്കു വന്നതോടെ ടോറസ് ലോറികളിലേറെയും സംസ്ഥാന അതിർത്തിയിലും മറ്റുമുളള ഗ്രൗണ്ടുകളിൽ ഓട്ടമില്ലാതെ നിർത്തിയിട്ടിരിക്കുകയാണ്.
ചില വാഹനങ്ങൾ ആര്യങ്കാവ്, ചെങ്കോട്ട വഴി ലോഡ് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും പത്തു ശതമാനം പോലും ഇത്തരത്തിൽ ലഭ്യമാകുന്നില്ല.
കന്യാകുമാരി വഴിയുളളതിന്റെ ഇരട്ടി ദൂരമുണ്ട് ചെങ്കോട്ട റൂട്ടിൽ പോയിവരാൻ.
അതു കൊണ്ടു തന്നെ ഇവയുടെ വില വൻതോതിൽ ഉയർന്നു. നേരത്തേ ഒരു ടൺ മെറ്റലിന് 1100–1200 രൂപയായിരുന്നത്.
ഇപ്പോൾ 1600–1700 വരെയായി. എം സാൻഡിന് 1300 ആയിരുന്നത് 1800 വരെയായി.
ഒരു ടൺ പാറയ്ക്ക് 1000 ആയിരുന്ന വില 1500 ആയും ഉയർന്നിട്ടുണ്ട്. വാഹന ഉടമകൾ, തൊഴിലാളികൾ നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ, എന്നിവർക്കു പുറമേ വർക്ക് ഷോപ്പുകൾ, ടയർ പഞ്ചർ കടകൾ എന്നീ അനുബന്ധ തൊഴിലുകളിലുളളവരും പ്രതിസന്ധിയിലായി.
വാഹനങ്ങൾ ഓടാത്തതിനാൽ ഉടമകൾക്ക് വായ്പ തിരിച്ചടവ് നടക്കുന്നില്ല. കേരളം ഉൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും നിയന്ത്രണം ഒഴിവാക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നതാണ് ഈ മേഖലയിലുളളവർക്ക് പ്രതീക്ഷയേകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

