
ആശമാർക്ക് അധിക ഓണറേറിയം: ‘കടുംവെട്ടിന്’ ആസൂത്രണസമിതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്ക് അധിക ഓണറേറിയവും മറ്റു സൗകര്യങ്ങളും നൽകാനുള്ള കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനത്തിനു ജില്ലാ ആസൂത്രണസമിതികളുടെ (ഡിപിസി) കടുംവെട്ട്. ആശമാർക്ക് യൂണിഫോം, ചെരിപ്പ്, കുട എന്നിവ നൽകാനും തടസ്സം നിൽക്കുന്നുവെന്നും പരാതിയുണ്ട്.
ആശമാർക്ക് അധിക ഓണറേറിയം നൽകാൻ തദ്ദേശ സ്ഥാപനത്തിനു പ്ലാൻ, തനത് ഫണ്ടുകളിൽനിന്നു പണം അനുവദിക്കണമെങ്കിൽ ഡിപിസിയുടെ അംഗീകാരം വേണം. ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാണ് ഡിപിസികൾ. എറണാകുളം, വയനാട്, മലപ്പുറം ജില്ലാ പഞ്ചായത്തുകൾ ഒഴികെ മറ്റെല്ലാം ഇടതുപക്ഷമാണു ഭരിക്കുന്നത്. ഇവർ, ആശമാർക്ക് അധിക ഓണറേറിയത്തിന് അനുമതി നൽകില്ലെന്നാണു വ്യക്തമാക്കുന്നത്. എന്നാൽ, ഡിപിസി അന്തിമ തീരുമാനം എടുക്കേണ്ടെന്നും വിഷയം സംസ്ഥാനതല സമിതിക്കു വിടണമെന്നും കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നു.
ഇന്നലെ തിരുവനന്തപുരത്തെ ഡിപിസി യോഗത്തിൽ നന്ദിയോട് പഞ്ചായത്ത് ആശമാർക്ക് യൂണിഫോം അനുവദിക്കാൻ അനുമതി തേടിയെങ്കിലും നിരസിച്ചു. എന്നാൽ ഹരിതകർമ സേനാംഗങ്ങൾക്ക് യൂണിഫോമും ചെരിപ്പും കുടയും വാങ്ങി നൽകുന്നതിനു ഫണ്ട് നീക്കിവയ്ക്കാൻ നിർദേശിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഡിപിസി അംഗീകാരം നൽകുന്നുണ്ട്. ആശമാർക്കു സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരവും നിരാഹാരവും നടത്തുന്നത്. നിലവിൽ 7000 രൂപയാണ് ആശമാർക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം.