
തിരുവനന്തപുരം ∙ വീടുകളിൽ ഐശ്വര്യം നിറയ്ക്കുന്ന നിറപുത്തരി ചടങ്ങുകൾക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. ക്ഷേത്രങ്ങളിൽ പൂജിച്ച ശേഷം ലഭിക്കുന്ന നെൽക്കതിരുകൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സ്ഥാപിക്കുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണെന്നാണ് വിശ്വാസം.
നാളെ പുലർച്ചെ 5.30നും 6.30നും ഇടയ്ക്കാണ് നിറപുത്തരി പൂജകൾ നടക്കുക. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നാളെ പുലർച്ചെ 5.30നും 6.30നും ഇടയ്ക്ക് നടത്തും. ഇതിനായി കോർപറേഷൻ തയാറാക്കിയ കതിർ കറ്റകൾ മേയർ ആര്യ രാജേന്ദ്രനിൽ നിന്ന് ക്ഷേത്ര ഭരണ സമിതി അംഗം കരമന ജയൻ,എക്സിക്യൂട്ടീവ് ഓഫിസർ ബി.മഹേഷ് എന്നിവർ ഏറ്റുവാങ്ങി.
പാലക്കാട് കൊല്ലങ്കോട് നിന്നു കതിർ കറ്റകൾ എത്തിക്കുന്നുണ്ട്.
പത്മ തീർഥത്തിന്റെ തെക്കേ കൽമണ്ഡപത്തിനു സമീപത്തു നിന്ന് കതിർകറ്റകളും വഹിച്ച് വാദ്യമേളങ്ങളോടെ ഘോഷയാത്ര ആരംഭിക്കും. തിരുവമ്പാടി കുറുപ്പ് ആണ് കതിർകറ്റകൾ എഴുന്നള്ളിക്കുക.
കിഴക്കേ നാടകശാല മുഖപ്പിൽ കറ്റകൾ പുണ്യാഹം തളിച്ച ശേഷം ആഴാതി ഏറ്റുവാങ്ങി അഭിശ്രവണ മണ്ഡപത്തിൽ എത്തിക്കും. പെരിയ നമ്പി കതിർ പൂജ നിർവഹിച്ച ശേഷം ശ്രീ പത്മനാഭ സ്വാമിയുടെയും ഉപ ദേവതകളുടെയും ശ്രീകോവിലുകളിൽ കതിർ നിറയ്ക്കും.
തുടർന്ന് അവൽ നിവേദ്യവും നടത്തും. നിവേദിച്ച അവലും കതിരും ക്ഷേത്ര കൗണ്ടറുകളിൽ നിന്ന് ഭക്തർക്ക് വാങ്ങാം.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 5.30 നും 6.30നും ഇടയ്ക്ക് നിറപുത്തരി ചടങ്ങ് നടത്തും. പുലർച്ചെ 3ന് പള്ളിയുണർത്തൽ, 3.30 ന് നട
തുറക്കൽ, 4.35 ന് ദീപാരാധന, 5.15ന് ഉഷ പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് നിറപുത്തരി പൂജകൾ നടത്തുക. കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം, വെൺപാലവട്ടം ഭഗവതി ക്ഷേത്രം തുടങ്ങി നഗരത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിറപുത്തരി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]