
തിരുവനന്തപുരം ∙ ഇഎംഎസ് : മുഖ്യമന്ത്രി ആയി അതുവരെ അജ്ഞാതമായിരുന്ന ‘സമരവും ഭരണവുമെന്ന വർഗബോധാധിഷ്ഠിത പാത’ നടന്നു തെളിയിച്ചു !വിഎസ് : ആ പാത ഒരു പടി കൂടി മുന്നോട്ടുയർത്തി ‘അധികാരത്തിലും പ്രതിപക്ഷം’ എന്നു സ്വയം തെളിയിച്ചു ! ചെങ്കൊടിക്കു താഴെ മുണ്ടിന്റെ കോന്തല പിടിച്ചു തലയുയർത്തി നീങ്ങുന്ന വി.എസ്.അച്യുതാനന്ദന്റെ ചിത്രത്തിലാണ് കേരളം ഭരിച്ച രണ്ടു സിപിഎം മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള ഈ വാക്കുകളുള്ളത്. ബാർട്ടൺഹില്ലിലെ ‘വേലിക്കകത്തുവീട്ടി’ൽ വിഎസിനു വേണ്ടി മകൻ വി.എ.അരുൺകുമാർ തയാറാക്കിയ ഓഫിസ് മുറിയിലാണ് ഈ ചിത്രമുള്ളത്. പക്ഷേ വിഎസിന് ഇവിടെ ഇരിക്കാനായില്ല.
പക്ഷാഘാതത്തെ തുടർന്നാണ് അദ്ദേഹം ഈ വീട്ടിലേക്കെത്തുന്നത്.
അച്ഛനുവേണ്ടി നിർമിച്ച ഓഫിസ് മുറി ഇന്നലെ അരുൺകുമാർ തുറന്നു. വിഎസിനായി ഒരു മരക്കസേര.
എതിരെ 3 പേർക്കിരിക്കാം. മരത്തിൽ കൊത്തിയ വിഎസിന്റെ ശിൽപവും മറ്റൊരു ഛായാചിത്രവുമുണ്ട്.
ഇഎംഎസിനെയും വിഎസിനെയും കുറിച്ചെഴുതിയ ചിത്രം ബെംഗളൂരുവിലെ ഇഎംഎസ് പഠനവേദി സമ്മാനിച്ചതാണ്. വിഎസ് ഉപയോഗിച്ചിരുന്ന പെൻഹോൾഡർ ശൂന്യം. ‘അച്ഛന് ഒരു പേന പോരാ.
എഴുതുമ്പോൾ ഒന്നിലേറെ പേനകൾ അടുത്തുവേണമായിരുന്നു. എല്ലാം മാറ്റിവച്ചിട്ടുണ്ട്.’
വിഎസ് ഉപയോഗിച്ചിരുന്ന കണ്ണട, പേനകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, വാച്ച് എന്നിവയെല്ലാം എന്തു ചെയ്യണമെന്ന് വൈകാതെ തീരുമാനിക്കുമെന്ന് അരുൺകുമാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് മരണാനന്തര ചടങ്ങുകൾക്കു ശേഷം വിഎസിന്റെ പത്നി വസുമതിയും മക്കളായ അരുണും ആശയും മടങ്ങിയെത്തിയത്.
‘വീടു തുറന്ന് കയറിയപ്പോൾ മനസ്സിൽ വല്ലാത്ത ശൂന്യത. അച്ഛനില്ലാത്ത വീട്.
നേരത്തേ എവിടെ പോയാലും ഓടിയെത്തുമായിരുന്നു. 6 വർഷം അച്ഛൻ കഴിഞ്ഞ ഈ വീടിനെപ്പറ്റി ഒരുപാട് ഓർമകളുണ്ട്.
’–അരുണിന്റെ വാക്കുകൾ ഇടറി. വസുമതിയും സാധാരണ നിലയിലായിട്ടില്ല.
പ്രമേഹം അലട്ടുന്നു. കഴിഞ്ഞ ദിവസം തെന്നി വീണ് നെറ്റിയിലും കാലിലും പരുക്കേറ്റു.
വിഎസ് രാഷ്ട്രീയത്തടവുകാരനായി സെൻട്രൽ ജയിലിൽ കഴിയുമ്പോൾ കാണാനായി അമ്മയ്ക്കൊപ്പമാണ് മക്കൾ ഇരുവരും ആദ്യമായി തിരുവനന്തപുരത്തു വരുന്നത്. ‘ഏതു സാഹചര്യത്തെയും അക്ഷോഭ്യനായി നേരിടാനുള്ള ശേഷിയാണ് അച്ഛന്റെ പ്രത്യേകത.
മാരാരിക്കുളം തോൽവിക്കു ശേഷം എല്ലാവരും നിരാശരായി. വിജയിയുടെ തോളിൽ തട്ടി അഭിനന്ദിച്ച ശേഷം അച്ഛൻ നേരെ വീട്ടിൽ വന്ന് കട്ടിലിൽ കയറിക്കിടന്നു.
പിന്നെ നന്നായി ഉറങ്ങിയ ശേഷം തിരുവനന്തപുരത്തേക്കു മടങ്ങി.
ജീവിതത്തിൽ നേരിടേണ്ടി വേദനയും ത്യാഗവും നിറഞ്ഞ അനുഭവങ്ങളാകാം അച്ഛനെ രൂപപ്പെടുത്തിയത്. ചെറിയ കാര്യങ്ങളൊന്നും അലോസരപ്പെടുത്തിയില്ല. ഞങ്ങളെയും ബാധിക്കാൻ പാടില്ലായെന്ന് ഓർമപ്പെടുത്തിയിട്ടുണ്ട്.’ വിഎസിനെക്കുറിച്ചുള്ള ഓർമകൾ പുസ്തകരൂപത്തിൽ എഴുതണമെന്നുന്നുണ്ട്.
പക്ഷേ തനിക്കതിനു കഴിയുമോ എന്ന് അരുൺകുമാറിനു സംശയമുണ്ട്. അച്ഛനെ ഒരു പുസ്തകത്തിൽ ഒതുക്കുന്നതെങ്ങനെ ? …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]