
കേന്ദ്രനയം മനസ്സിലാക്കിയതിൽ പിശക്: പൊളിക്കേണ്ട, മാറ്റിയിട്ട 750 വാഹനങ്ങൾ ‘പൊളി’യാണ് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വാഹനം പൊളിക്കൽ സംബന്ധിച്ച കേന്ദ്രനയത്തിലെ കാര്യങ്ങൾ മനസ്സിലാക്കാതെ ‘പൊളിക്കാൻ’ മാറ്റിയിട്ട പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും വനംവകുപ്പിന്റെയും എക്സൈസിന്റെയും വാഹനങ്ങൾ പുറത്തിറങ്ങുന്നു. അടിയന്തര സർവീസുകൾക്ക് ഉപയോഗിക്കുന്നവയായതിനാൽ ഇൗ വകുപ്പുകളുടെ വാഹനങ്ങൾ 15 വർഷം കഴിഞ്ഞാലും നിരത്തിലിറക്കാമെന്നും ഓരോ വർഷവും കൃത്യമായി പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് ബോധ്യപ്പെടുത്തിയാൽ മതിയെന്നുമായിരുന്നു കേന്ദ്രനിർദേശം.
ഇതറിയാതെ കേരളത്തിൽ ഇൗ വകുപ്പുകളുടെ 750 വാഹനങ്ങളാണ് കഴിഞ്ഞ വർഷം മുതൽ മാറ്റിയിട്ടത്. പൊലീസിന്റെ വലിയ ബസുകൾ ഉൾപ്പെടെ പുറത്തിറക്കിയില്ല. കേന്ദ്രസർക്കാരിന്റെ സർക്കുലർ വിശദമായി മനസ്സിലാക്കിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇൗ വാഹനങ്ങളെല്ലാം പുറത്തിറക്കുമെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. വാഹനങ്ങളുടെ റജിസ്ട്രേഷൻ പുനഃസ്ഥാപിക്കും. സംസ്ഥാനത്താകെ 3000 ത്തിലേറെ സർക്കാർ വാഹനങ്ങളാണ് പൊളിക്കലിനായി മാറ്റിയിട്ടിരിക്കുന്നത്. ഈ വാഹനങ്ങളുടെയെല്ലാം റജിസ്ട്രേഷൻ പരിവഹൻ വെബ്സൈറ്റിൽനിന്നും നീക്കം ചെയ്തിരുന്നു.
പൊളിക്കാൻ 3 കേന്ദ്രങ്ങൾ
സംസ്ഥാനത്ത് വാഹനം പൊളിക്കുന്നതിന് 3 കേന്ദ്രങ്ങൾ തുടങ്ങും. രണ്ടെണ്ണം സ്വകാര്യ ഗ്രൂപ്പുകൾക്കും ഒരെണ്ണം കെഎസ്ആർടിസിയുമാണ് നടത്തുക. സ്വകാര്യ കമ്പനികൾക്കായി ടെൻഡർ വിളിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാകുമ്പോൾ 83 കോടി രൂപ കേന്ദ്രത്തിന്റെ ഗ്രാന്റ് കേരളത്തിന് കൈമാറും. പൊളിക്കൽ നയം തീരുമാനിച്ച്, പൊളിക്കാനുള്ള സർക്കാർ വാഹനങ്ങളുടെ എണ്ണം കേന്ദ്രത്തിതന് കൈമാറിയപ്പോൾ ആദ്യ ഗഡു 90 കോടിയോളം രൂപ സംസ്ഥാനത്തിന് നൽകിയിരുന്നു. ഈ തുക പൊതുമരാമത്ത് വകുപ്പിനാണ് ലഭിച്ചത്. എന്നാൽ ഇനി ലഭിക്കുന്ന തുക, വാഹനം പൊളിക്കേണ്ടിവരുന്ന വകുപ്പുകൾക്കു വീതിച്ച് നൽകും. 1600 ബസുകളാണ് കെഎസ്ആർടിസിക്ക് പൊളിക്കേണ്ടത്. കേന്ദ്ര ഗ്രാന്റിൽനിന്ന് ലഭിക്കുന്ന 23 കോടി ചെലവഴിച്ച് കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.