
തിരുവനന്തപുരം ∙ നഗരത്തിലെ ജംക്ഷനുകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതും അല്ലാത്തതുമായ റോഡുകളുടെയും സ്ഥലങ്ങളുടെയും പട്ടിക തയാറാക്കാൻ ട്രാഫിക് പൊലീസിന് നിർദേശം. അനധികൃത പാർക്കിങ് തടയുന്നതുവഴി റോഡിലെ കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ‘നോ പാർക്കിങ്’ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്യുന്നതുൾപ്പെടെ ഗതാഗത നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രം പകർത്തി പൊലീസിന് കൈമാറാൻ സിറ്റി പൊലീസിന് മാത്രമായി പ്രത്യേക സംവിധാനമൊരുക്കും.
റോഡരികിലെ തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സംവിധാനം നിരോധിക്കാനും മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു.
വികസന പദ്ധതികളുടെ മെല്ലെപ്പോക്കു മൂലം നഗര കവാടങ്ങളിലെ ജംക്ഷനുകളിലെ ഗതാഗത കുരുക്ക് സംബന്ധിച്ച് “മലയാള മനോരമ” നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് അടിയന്തിര ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്.
നടപ്പാതകളിലാണു തട്ടുകടകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള മേശയും കസേരയും നിരത്തുന്നത് റോഡിന്റെ വശത്താണെന്നും യോഗത്തിൽ പൊലീസ് അറിയിച്ചു. കോട്ടൺഹിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതു ഗതാഗതക്കുരുക്കിനു കാരണമാകുന്നതു ചൂണ്ടിക്കാട്ടിയാണ് തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഒഴിവാകുന്നത്.
ഈ സൗകര്യം ഒരുക്കുന്ന വഴിയോര തട്ടുകടകൾക്കു വേണ്ടി പ്രത്യേക മേഖലകൾ നിശ്ചയിക്കാൻ യോഗം തീരുമാനിച്ചു. ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾ മോഡൽ സ്കൂൾ ജംക്ഷൻ– അരിസ്റ്റോ ജംക്ഷൻ – തമ്പാനൂർ റോഡിൽ നിന്ന് ആളെ കയറ്റുന്നത് തടയാനും തീരുമാനിച്ചു. മുൻപ് ഇത്തരം സർവീസുകൾ ആരംഭിച്ചിരുന്ന സംഗീത കോളജ് ജംക്ഷനിലേക്ക് മാറ്റിയേക്കും.
ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടുള്ള ട്രാഫിക് വാർഡൻമാരുടെ യൂണിഫോമിന് സമാനമായ ഡ്രസ് കോഡ് ഒഴിവാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ജീവനക്കാരാണോ ട്രാഫിക് വാർഡൻ ആണോ എന്നു തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പൊതു ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ട്രാഫിക് വാർഡൻമാർക്ക് ഓണത്തിന് പ്രത്യേക അലവൻസ് അനുവദിക്കാനും തീരുമാനിച്ചു.
സ്വകാര്യ ബസുകളുടെ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും വെട്ടിമുറിച്ച കോട്ടയ്ക്കു മുന്നിലേക്ക് മാറ്റണമെന്ന് യോഗത്തിൽ കെഎസ്ആർടിസി ആവശ്യപ്പെട്ടു. കൊച്ചുവേളി റെയിൽവേ സ്റ്റേഷനു മുൻവശത്ത് പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാനും തീരുമാനിച്ചു. വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പേട്ട
റെയിൽവേ സ്റ്റേഷൻ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുൻവശം തുടങ്ങിയ സ്ഥലങ്ങളിൽ പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]