തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് ചൂടിൽ പ്രതിഷേധക്കാർ ഒഴിഞ്ഞ സെക്രട്ടേറിയറ്റ് പരിസരം ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സമരക്കാരാൽ നിറഞ്ഞു.
സെക്രട്ടേറിയറ്റിനെ കൂടാതെ എജീസ് ഓഫിസ്, ജിപിഒ, മന്ത്രി വാസവന്റെ വസതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി പ്രതിഷേധങ്ങൾ എത്തിയതോടെ നഗരം അതിരാവിലെ മുതൽ ഗതാഗതക്കുരുക്കിൽ വലഞ്ഞു. സമരക്കാരുടെ കടന്നു വരവോടെ വാഹനങ്ങൾ അടിയന്തരമായി വഴി തിരിച്ചു വിട്ടു.
സിഗ്നലുകൾ ഓഫ് ചെയ്തിട്ട് പ്രധാന സ്ഥലങ്ങളിലെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നതോടെ പതിവ് പോലെ കുരുക്കും തുടങ്ങി.
വഴുതക്കാട്, ബേക്കറി, പാളയം, സ്റ്റാച്യു, ആയുർവേദ കോളജ്, തമ്പാനൂർ , കരമന തുടങ്ങി രാവിലെ 11നു തന്നെ നഗരത്തിൽ ഗതാഗതക്കുരുക്ക് തുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ ഗതാഗതക്കുരുക്കിൽ വാഹന യാത്രക്കാർ വലഞ്ഞു.
ഭൂരിപക്ഷം സമരങ്ങളും പാളയം രക്തസാക്ഷിമണ്ഡപം കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്.
ഇവിടെ നിന്ന് സെക്രട്ടേറിയറ്റ്, ജിപിഒ, ഏജീസ് ഓഫിസ് എന്നിവിടങ്ങളിലേക്ക് ഒന്നൊന്നായി സമരങ്ങൾ എത്തിയതോടെ സ്പെൻസർ ജംക്ഷനിൽ നിന്ന് വാഹനങ്ങൾ ജേക്കബ്സ് ജംക്ഷൻ റോഡിലേക്കും ഇതു വഴി പ്രസ്ക്ലബ്ബിന് മുന്നിലൂടെ ജില്ലാ ട്രഷറി റോഡിലേക്കും തിരിച്ചു വിട്ടു. ജേക്കബ്സ് ജംക്ഷനിലേക്കും ബേക്കറി വഴുതക്കാട് ഭാഗങ്ങളിൽ നിന്നുള്ള വണ്ടികൾ കൂടി എത്തിയതോടെ ഗതാഗതക്കുരുക്ക് വർധിച്ചു.
ഇവിടെ നിന്ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയതോടെ ഗതാഗതക്കുരുക്ക് വീണ്ടും കൂടി. 10 ന് തുടങ്ങിയ കുരുക്ക് ഉച്ച കഴിഞ്ഞതോടെയാണ് അൽപം ശമിച്ചത്.
അതു വരെ കുരുക്കിൽ വലഞ്ഞ് വാഹന യാത്രക്കാരും ഇത് നിയന്ത്രിച്ച് പൊലീസും വശംകെട്ടു. ലേബർ കോഡിന് എതിരെയുള്ള സമരങ്ങളാണ് ജിപിഒ, ഏജീസ് ഓഫിസ് പരിസരങ്ങളിലേക്ക് എത്തിയത്.
പാരാമെഡിക്കൽ ജീവനക്കാരും ഉടമകളുമാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. സഹകരണ ജീവനക്കാരാണ് മന്ത്രി വി.എൻ.വാസവന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്.
ഇതിന് പുറമേ ലേബർ കോഡിനെതിരെയുള്ള വലതും ചെറുതുമായ ഒട്ടേറെ പ്രതിഷേധങ്ങൾ മറ്റിടങ്ങളിലും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

