തിരുവനന്തപുരം ∙ മഴയും കാറ്റും കലിതുള്ളിയെത്തിയപ്പോൾ ജില്ലയിൽ നാശനഷ്ടങ്ങളുടെ പരമ്പര. കുന്നും തീരവും ഉൾപ്പെടെയുള്ള ഇടങ്ങൾ മഴ കവർന്നു.
പലയിടത്തും മരങ്ങൾ കടപുഴകി വീണു. ശക്തമായ കാറ്റിൽ വീടുകൾ ഭാഗികമായി തകർന്നു.
ആളപായമില്ല. നാശനഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ചു വരുന്നതായി റവന്യു വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിൽ വൈദ്യുതിലൈനുകൾ തകർന്നു വീണതിനെ തുടർന്ന് ജില്ലയുടെ പല പ്രദേശങ്ങളും ഇരുട്ടിലാണ്.
പേപ്പാറ, നെയ്യാർ, അരുവിക്കര അണക്കെട്ടുകളിലും വാമനപുരം നദിയിലും ജലനിരപ്പുയർന്നു.
മഴ ഇനിയും ശക്തമായാൽ വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുകയാണ്. വാമനപുരം നദിയിൽ നീരൊഴുക്ക് വർധിച്ചു.
മലയോര മേഖലകളിൽ ഉൾവനത്തിൽ കനത്ത മഴ പെയ്യുകയാണ്. മഴ തുടർന്നാൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.
മഴ കനത്തതോടെ തീരപ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്.ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു. ഇന്നും നാളെയും ജില്ലയിൽ മിതമായ തോതിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകി.
38 ഹെക്ടർ കൃഷി നശിച്ചു
ജില്ലയിൽ 38 ഹെക്ടർ കൃഷിയാണ് കനത്ത മഴയിൽ നശിച്ചത്. 379 കർഷകർക്ക് കൃഷിനാശം ഉണ്ടായി.
പൊന്മുടിയും മങ്കയവും അടച്ചു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൊന്മുടി –മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇന്നലെ അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു.
അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി
കനത്ത മഴയെ തുടർന്ന് ജില്ലയിലെ ഡാമുകളിലെ ജലനിരപ്പുയർന്നു.
അരുവിക്കര ഡാമിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാമിന്റെ 5 ഷട്ടറുകൾ 25 സെന്റീമീറ്റർ വീതം ഉയർത്തി. നെയ്യാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ഇന്നലെ ഉച്ചയോടെ ഡാമിന്റെ 2 ഷട്ടറുകൾ 40 സെന്റീമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിലെ ഷട്ടറുകൾ ഉയർത്തിയിട്ടില്ല.
പരശുരാമസ്വാമി ക്ഷേത്രമുറ്റത്ത് വെള്ളം കയറി, ബലിതർപ്പണം തടസ്സപ്പെട്ടു
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്ര മുറ്റം മഴവെള്ളത്തിൽ മുങ്ങി.
ക്ഷേത്ര മുറ്റത്തെ ബലി തർപ്പണത്തിനു തടസ്സമുണ്ടായി. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ ബലി മണ്ഡപത്തിൽ മാത്രം ചടങ്ങു നടത്തി.
ബലി മണ്ഡപത്തിലെ സ്ഥലപരിമിതി ഭക്തജനത്തിനും ബുദ്ധിമുട്ടുണ്ടാക്കി.
ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങിയതും ദുരിതമായി. കോർപറേഷൻ ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചതായി ദേവസ്വം അധികൃതർ പറഞ്ഞു.
തിരുവല്ലത്തെ പാലം പണി നടക്കുന്നതിനാൽ ഓട അടഞ്ഞതാണ് പ്രശ്നത്തിനു കാരണമെന്നു ദേവസ്വം അധികൃതർ വിശദീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]