
ധന്യം, ദൈവനിയോഗം: ഡോ. ഡി.സെൽവരാജൻ അഭിഷിക്തനായി; പ്രിയ ഇടയനെ കാണാൻ ജനസാഗരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര∙ വലിയവിള ഒറ്റപ്ലാവിളയിൽ ദാസന്റെയും മുത്തമയുടെയും മകൻ ദൈവീകദാസനായി നെയ്യാറ്റിൻകര രൂപതയിലെ അജഗണങ്ങളുടെ ഇടയനായി. രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ഡോ.ഡി.സെൽവരാജൻ അഭിഷിക്തനാകുന്ന ചടങ്ങിൽ പങ്കാളിയാകാൻ നഗരസഭയുടെ സ്റ്റേഡിയത്തിലേക്കു നൂറുകണക്കിനു വിശ്വാസികൾ ഒഴുകിയെത്തി. രൂപതയിലെ ആദ്യ മെത്രാൻ ഡോ.വിൻസന്റ് സാമുവലിന്റെ അഭിഷേക ചടങ്ങുകൾ 1996 നവംബർ ഒന്നിന് തിരുവനന്തപുരം പാങ്ങോട് ആശ്രമവളപ്പിലെ വേദിയിലായിരുന്നു. നെയ്യാറ്റിൻകര സാക്ഷിയായ ആദ്യ മെത്രാഭിഷേക ചടങ്ങ് കൂടിയായി ഇന്നലത്തേത്.
ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ ഉച്ചകഴിഞ്ഞപ്പോൾ തന്നെ ജനം എത്തിത്തുടങ്ങിയിരുന്നു. 3.45ന് 112 അംഗ സംഘത്തിന്റെ സ്വാഗത ഗാനാലാപനത്തോടെ ചടങ്ങുകൾ തുടങ്ങി. ചുവപ്പ് പരവതാനി വിരിച്ച പാതയിലൂടെ, മഞ്ഞയും സ്വർണവർണമാർന്നതുമായ പൗരോഹിത്യ വേഷങ്ങൾ അണിഞ്ഞെത്തിയ വൈദികരെയും പാരമ്പര്യവേഷങ്ങളിൽ എത്തിയ മെത്രാന്മാരെയും ദീപങ്ങളേന്തിയ അൾത്താര ബാലന്മാർ വേദിയിലേക്ക് ആനയിച്ചു. ദിവ്യബലി അർപ്പണത്തിനിടെ മെത്രാൻ പദവിയിലേക്ക് മോൺ ഡോ.ഡി.സെൽവരാജനെ ഉയർത്തണമെന്ന്, വിശ്വാസി സമൂഹത്തിനു വേണ്ടി, ശുശ്രൂഷ കോഓർഡിനേറ്റർ മോൺ വി.പി.ജോസ് മുഖ്യകാർമികൻ ഡോ.വിൻസന്റ് സാമുവലിനോട് അഭ്യർഥിച്ചതോടെ അഭിഷേക ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന്, ബിഷപ്പിനെ നിയമിച്ച അപ്പോസ്തലിക വിളംബരം രൂപത ചാൻസലർ ഫാ.ഡോ.ജോസ് റാഫേൽ ലത്തീനിലും വൈസ് ചാൻസലർ ഫാ.അനുരാജ് മലയാളത്തിലും വായിച്ചു.
ചിത്രങ്ങൾ: മനോരമ
തുടർന്ന് നിയുക്ത സഹമെത്രാൻ എഴുന്നേറ്റ് മുഖ്യകാർമികന്റെ മുന്നിലെത്തി അഭിഷേകം ചെയ്യപ്പെടാനുള്ള സന്നദ്ധത അറിയിച്ചു. സകല വിശുദ്ധരോടും പ്രാർഥിച്ച ശേഷം കൈവയ്പു കർമം നടത്തി. പിന്നീട്, നിയുക്ത മെത്രാന്റെ ശിരസ്സിൽ ബൈബിൾവച്ചു പ്രാർഥിച്ചു. പ്രതിഷ്ഠാ പ്രാർഥനയോടെ തൈലാഭിഷേകവും ശിരോലേപനവും നടത്തി. ഈ സമയം പരിശുദ്ധാത്മാവിനോടുള്ള ഗാനമുഖരിതമായി വേദി. തുടർന്നാണു മുഖ്യകാർമികൻ സഹമെത്രാനെ അധികാര ചിഹ്നങ്ങൾ അണിയിച്ചു.
ഒടുവിൽ എല്ലാ മെത്രാന്മാരും സമാധാന ചുംബനം നൽകി സഹമെത്രാനെ സഭയിലേക്കു വരവേറ്റു. കൊല്ലം രൂപത മുൻ ബിഷപ് ഡോ.സ്റ്റാൻലി റോമൻ വചനപ്രഘോഷണം നടത്തി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ.ലിയോപോൾദോ ജിറേല്ലി, സിബിസിഐ പ്രസിഡന്റും സിറോ മലബാർ തൃശൂർ രൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം സിറോ മലങ്കര അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളിക്കാർപ്പോസ്, ഡോ.ഡി.സെൽവരാജൻ പ്രസംഗിച്ചു.
മെത്രാന്മാർ ആത്മാക്കളുടെ ഇടയന്മാർ: ഡോ.സ്റ്റാൻലി റോമൻ
നെയ്യാറ്റിൻകര ∙ മെത്രാന്മാർ ആത്മാക്കളുടെ ഇടയന്മാരും ശ്ലീഹന്മാരുടെ പിൻഗാമികളുമാണെന്ന് ചടങ്ങിൽ വചനപ്രഘോഷണം നടത്തിയ കൊല്ലം രൂപത മുൻ ബിഷപ് ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. ജീവിതത്തിലെ വിശുദ്ധി കൊണ്ടാണ് മെത്രാന്മാർ ശുശ്രൂഷ നിർവഹിക്കാൻ പ്രാപ്തരാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ക്രൈസ്തവ സഭകളുമായും ഇതര മതങ്ങളുമായും യോജിച്ചു പ്രവർത്തിച്ച് മുന്നോട്ടുപോകാൻ പുതിയ ഇടയനു സാധിക്കട്ടെയെന്ന് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ ജിറെല്ലി ആശംസിച്ചു.
ഈശോയുടെ ഹൃദയത്തിന് അനുയോജ്യനായ പിതാവിനെയാണ് നെയ്യാറ്റിൻകരയ്ക്കു ലഭിച്ചതെന്നും എല്ലാവരും ഒപ്പമുണ്ടാകുമെന്നും സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പ്രത്യാശഭരിതമായ പ്രാർഥനയോടെ രൂപതയെ നയിക്കാനുള്ള ദൈവനിയോഗം പുതിയ മെത്രാന് ഉണ്ടാകട്ടെയെന്ന് തിരുവനന്തപുരം സിറോ മലങ്കര രൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളിക്കാർപ്പോസ് പറഞ്ഞു. സാർവത്രിക സഭ മംഗളവാർത്താ തിരുനാൾ ആഘോഷിക്കുന്ന ദിവസം തന്നെ മെത്രാൻ ശുശ്രൂഷയ്ക്കായി നിയോഗിച്ചു കൊണ്ട് കർത്താവ് വിശ്വസ്തനായി കണക്കാക്കിയെന്നും അനുഗ്രഹങ്ങൾക്കു നന്ദി അർപ്പിക്കുന്നതായും സഹമെത്രാനായി അഭിഷിക്തനായ ഡോ.ഡി.സെൽവരാജൻ പറഞ്ഞു.
സാക്ഷിയായി മെത്രാൻ സംഘം
മുഖ്യകാർമികനും സഹകാർമികർക്കും വിശിഷ്ടാതിഥികൾക്കും പുറമേ മെത്രാന്മാരുടെ വൻ സംഘവും വേദിയിൽ എത്തിയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, ബിഷപ് പീറ്റർ റെമിജിയൂസ്, മാർത്താണ്ഡം ബിഷപ് വിൻസന്റ് മാർ പൗലോസ്, കുഴിത്തുറ ബിഷപ് ആൽബർട്ട് അനസ്താസ്, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, തിരുവനന്തപുരം കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസ്, കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശേരി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാൽ, പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയസ്, ആലപ്പുഴ ബിഷപ് ജയിംസ് റാഫേൽ ആനാപ്പറമ്പിൽ, കോട്ടയം സഹമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിയിൽ, ഗീവർഗീസ് മാർ അപ്രേം,
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ, കാഞ്ഞിരപ്പള്ളി ബിഷപ് ജോസ് പുളിക്കൽ, കോതമംഗലം ബിഷപ് ഡോ.ജോർജ് മടത്തിക്കണ്ടത്തിൽ, മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ്, ഇടുക്കി ബിഷപ് ഡോ.ജോൺ നെല്ലിക്കുന്നേൽ, വരാപ്പുഴ സഹായ മെത്രാൻ ആന്റണി വാലുമ്മേൽ, കോട്ടപ്പുറം മുൻ ബിഷപ് ജോസ് കാരിക്കശേരി, ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ, സിറോ മലബാർ മേജർ എപ്പിസ്കോപ്പൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുറയ്ക്കൽ, ഇരിങ്ങാലക്കുട ബിഷപ് പോളി കണ്ണൂർക്കാടൻ, തൃശൂർ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, സുൽത്താൻപേട്ട ബിഷപ് ഡോ.പീറ്റർ അബിർ അന്തോണിസാമി, കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല, സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശേരി, ബിഷപ് ജോർജ് ഈപ്പൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.